
സെന്റ്ലൂസിയ: സെന്റ്ലൂസിയയിൽ ആസ്ട്രേലിയക്കെതിരെയുള്ള രോഹിത് ശർമയുടെ ബാറ്റിങ്ങ് വിരുന്നിൽ പിറന്നത് ഒരു പിടി പുതിയ റെക്കോർഡുകൾ. ടി 20 ക്രിക്കറ്റ് ചരിത്രത്തിൽ സിക്സർ നേട്ടത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോർഡിട്ട താരം ടി 20 ഇൻ്റർനാഷണൽ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡും സ്വന്തമാക്കി. ആകെ 4,165 റൺസാണ് 157 ഇന്നിങ്സിൽ നിന്ന് രോഹിത് നേടിയത്. 116 മത്സരങ്ങളിൽ നിന്ന് 4145 റൺസ് നേടിയ പാകിസ്താന്റെ ബാബർ അസമായിരുന്നു ഇത് വരെ ലിസ്റ്റിൽ ഒന്നാമൻ. 115 ഇന്നിങ്സുകളിൽ നിന്ന് 4,103 റൺസെടുത്ത് ലിസ്റ്റിൽ രണ്ടാമതുണ്ടായിരുന്ന വിരാട് കോഹ്ലിയെയാണ് ആദ്യം പിന്തള്ളിയത്. പിന്നാലെ ബാബർ അസമിനെയും.
അതേ സമയം കരിയറിലെ 157 ഇന്നിങ്സുകളിൽ നിന്നാണ് സിക്സർ നേട്ടത്തിൽ രോഹിത് 200 കടന്നത്. തൊട്ടടുത്ത താരത്തെ ഏറെ പിന്നിൽ നിർത്തിയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗുപ്പ്റ്റിൽ 118 മത്സരങ്ങളിൽ നിന്ന് 173 സിക്സറുകളാണ് നേടിയിട്ടുള്ളത്. 113 മത്സരങ്ങളിൽ നിന്ന് 137 സിക്സറുകൾ നേടിയ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്.
വെറും 41 പന്തിൽ 8 സിക്സറുകളും 7 ഫോറുകളും അടക്കം 92 റൺസാണ് രോഹിത് മത്സരത്തിൽ നേടിയത്. അഞ്ചു പന്തിൽ ഒരു റൺ പോലും ചേർക്കാനാവാതെ വിരാട് കോഹ്ലി പവലിയനിലേക്ക് മടങ്ങിയ അതെ മൈതാനത്തായിരുന്നു രോഹിതിന്റെ ക്ലിനിക്കൽ പവർ ഹിറ്റ്. 16 പന്തിൽ 31 റൺസെടുത്ത സൂര്യകുമാർ യാദവും 28 റൺസെടുത്ത ദുബെയും 27 റൺസെടുത്ത ഹാർദിക്ക് പാണ്ഡ്യയും ടോട്ടലിലേക്ക് മികച്ച സംഭാവനകൾ നൽകി. ഓസീസ് ബൗളിങ് നിരയിൽ ഹാസിൽവുഡ് മാത്രമാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ബാക്കിയെല്ലാവരും രോഹിതിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു.
സൂപ്പർ എട്ടിലെ കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റ ഓസ്ട്രേലിയയ്ക്ക് സെമിയിലേക്ക് കടക്കാൻ ഇന്നത്തെ വിജയം അനിവാര്യമാണ്. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും ആധികാരികമായി തോൽപ്പിച്ച ഇന്ത്യ സെമിയിലെ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. അതെ സമയം ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും സെമിയിൽ പ്രവേശിച്ചു.
ടി 20 സിക്സറിൽ ആദ്യ ഡബിൾ സെഞ്ച്വറി; ആർക്കും തൊടാനാവാത്ത ദൂരത്തിൽ രോഹിത്