മാക്സീസിനെ വീഴ്ത്തി അഫ്ഗാൻ ആവേശം; വാങ്കഡയിലെ കണക്ക് വിൻഡീസിൽ തീർത്തു

ടി20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകൾക്ക് അഫ്ഗാൻ തിരിച്ചടി നൽകിയിരിക്കുകയാണ്

dot image

കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ. ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ തകർത്തെറിഞ്ഞത് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓസീസിന്റെ മറുപടി 127 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.

ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാനായി ഓപ്പണിംഗ് സഖ്യം മികച്ച തുടക്കം നൽകി. എന്നാൽ സ്കോറിംഗിന് വേഗത കുറവായിരുന്നത് തിരിച്ചടിയായി. ആദ്യ വിക്കറ്റിൽ റഹ്മനുള്ള ഗുർബസും ഇബ്രാഹിം സദ്രാനും 118 റൺസ് കൂട്ടിച്ചേർത്തു. ഗുർബസ് 60 റൺസും സദ്രാൻ 51 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണതോടെ അഫ്ഗാന് മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും പാറ്റ് കമ്മിൻസ് ഹാട്രിക് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ഗ്ലെൻ മാക്സ്വെൽ ഓസീസിന് വിജയപ്രതീക്ഷ നൽകി. ഒടുവിൽ 59 റൺസുമായി മാക്സ്വെൽ വീണതോടെ അഫ്ഗാനും ജയം മണത്തു. മാക്സ്വെല്ലിനെ കൂടാതെ 12 റൺസെടുത്ത മിച്ചൽ മാർഷും 11 റൺസുമായി മാർകസ് സ്റ്റോയിനിസും മാത്രമാണ് രണ്ടക്കം കടന്നത്. അഫ്ഗാനിസ്ഥാനായി ഗുൽബദീൻ നയീബ് നാലും നവീൻ ഉൾ ഹഖ് മൂന്നും വിക്കറ്റെടുത്തു.

'അവനെ അവിടെ കളിക്കാൻ അനുവദിക്കൂ'; കുൽദീപിനോട് രോഹിത്

ഏകദിന ലോകകപ്പിൽ അഫ്ഗാൻ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ ഓസ്ട്രേലിയ പിന്നീട് ചാമ്പ്യന്മാരായിരുന്നു. അന്നും ഗ്ലെൻ മാക്സ്വെല്ലിന്റെ പോരാട്ടമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. പകരത്തിന് പകരം ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകൾക്ക് അഫ്ഗാൻ തിരിച്ചടി നൽകിയിരിക്കുകയാണ്. ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഇനി സെമി കടക്കണമെങ്കിൽ അടുത്ത മത്സരം വിജയിക്കണം. ഇന്ത്യയാണ് ഓസീസിന്റെ എതിരാളികൾ. ഒപ്പം ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ ഫലവും കാത്തിരിക്കണം.

dot image
To advertise here,contact us
dot image