മഴയില് വിജയം ഓസീസിനൊപ്പം; സൂപ്പര് എയ്റ്റില് ബംഗ്ലാദേശിനെ കീഴടക്കി

ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഓസ്ട്രേലിയയുടെ വിജയം

dot image

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പില് സൂപ്പര് 8 പോരാട്ടത്തില് ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം. മഴ കളിമുടക്കിയ മത്സരത്തില് 28 റണ്സിനാണ് കങ്കാരുപ്പടയുടെ വിജയം. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 140 റണ്സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 11.2 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് 100 റണ്സ് നേടിയപ്പോഴാണ് മഴ വില്ലനായി എത്തിയത്. ആ ഘട്ടത്തില് ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരം 72 റണ്സാണ് ഓസ്ട്രേലിയയ്ക്ക് വിജയിക്കാന് ആവശ്യമായിരുന്നത്. ഇതോടെ മിച്ചല് മാര്ഷും സംഘവും വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി 35 പന്തില് 53 റണ്സെടുത്ത് ഡേവിഡ് വാര്ണര് പുറത്താകാതെ നിന്നു. 21 പന്തില് 31 റണ്സെടുത്ത ട്രാവിസ് ഹെഡും ഒരു റണ്ണെടുത്ത് ക്യാപ്റ്റന് മിച്ചല് മാര്ഷും പുറത്തായി. ആറ് പന്തില് 14 റണ്സെടുത്ത് ഗ്ലെന് മാക്സ്വെല്ലും പുറത്താവാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തിയത് റിഷാദ് ഹുസൈനാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. സ്കോര് ബോര്ഡില് റണ്സ് തെളിയുംമുന്പ് തന്സിദ് ഹസനെ നഷ്ടമായി. മൂന്ന് പന്ത് നേരിട്ട ഹസനെ മിച്ചല് സ്റ്റാര്ക്ക് ക്ലീന് ബൗള്ഡാക്കുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില് വിക്കറ്റ് വീഴ്ത്താന് ഓസീസ് ബൗളര്മാര്ക്ക് സാധിച്ചു.

'ഹാട്രിക് കമ്മിന്സ്'; ചരിത്രനേട്ടത്തില് ഓസീസ് താരം

36 പന്തില് 41 റണ്സെടുത്ത ക്യാപ്റ്റന് നജ്മുല് ഹുസൈന് ഷാന്റോയും 28 പന്തില് 40 റണ്സെടുത്ത തൗഹിദ് ഹൃദോയ്യും മാത്രമാണ് ബംഗ്ലാദേശ് നിരയില് തിളങ്ങിയത്. ലിറ്റണ് ദാസ് (16), ടസ്കിന് അഹമ്മദ് (13) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്ന താരങ്ങള്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്സ് ഹാട്രിക് വീഴ്ത്തി തിളങ്ങിയപ്പോള് ആദം സാംപ രണ്ട് വിക്കറ്റും സ്വന്തമാക്കി.

dot image
To advertise here,contact us
dot image