ടി 20 ലോകകപ്പ്; നമീബിയയ്ക്കെതിരെ ഇംഗ്ലണ്ടിന് വിജയം

മഴ ആവേശം കെടുത്തിയെത്തിയ മത്സരത്തില് ഡക്ക്വര്ത്ത് ലൂയിസ് (ഡിഎല്എസ്) നിയമപ്രകാരമായിരുന്നു വിജയം

dot image

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പില് നമീബിയയ്ക്കെതിരായ മത്സരത്തില് ഇംഗ്ലണ്ടിന് വിജയം. ഗ്രൂപ്പ് ഘട്ടത്തില് തങ്ങളുടെ അവസാന മത്സരത്തില് 41 റണ്സിന് നമീബിയയെ വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന് സൂപ്പര് 8 സാധ്യതകള് സജീവമാക്കാന് സാധിച്ചു. ഇനി ഓസ്ട്രേലിയ-സ്കോട്ട്ലന്ഡ് മത്സരത്തെ ആശ്രയിച്ചാണ് ജോസ് ബട്ലറുടെയും സംഘത്തിന്റെയും സൂപ്പര് 8 പ്രവേശനം. മഴ ആവേശം കെടുത്തിയെത്തിയ മത്സരത്തില് ഡക്ക്വര്ത്ത് ലൂയിസ് (ഡിഎല്എസ്) നിയമപ്രകാരമായിരുന്നു വിജയം.

ആന്റിഗ്വയിലെ സര് വിവിയന് റിച്ചാര്ഡ് സ്റ്റേഡിയത്തില് നടന്ന മത്സരം മഴയെ തുടര്ന്ന് ആദ്യം 11 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. വീണ്ടും മഴയെത്തിയപ്പോള് ഓവര് പത്താക്കി വീണ്ടും കുറച്ചു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 10 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 122 റണ്സെടുത്തു. മറുപടി ബാറ്റിങ്ങില് ഡിഎല്എസ് നിയമപ്രകാരം നമീബിയയ്ക്ക് വിജയിക്കാന് 126 റണ്സ് എടുക്കണമായിരുന്നു. എന്നാല് നമീബിയയ്ക്ക് പത്ത് ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 84 റണ്സെടുക്കാന് മാത്രമാണ് സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഹാരി ബ്രൂക്കിന്റെ ഇന്നിങ്സാണ് കരുത്തായത്. താരം 20 റണ്സില് പുറത്താകാതെ 47 റണ്സെടുത്തു. സ്കോര് ബോര്ഡില് രണ്ട് റണ്സ് തെളിയുമ്പോള് തന്നെ ഇംഗ്ലണ്ടിന് നായകന് ജോസ് ബട്ലറെ (0) നഷ്ടമായിരുന്നു. മൂന്നാം ഓവറില് ഓപ്പണര് ഫില് സാള്ട്ടിനും (11) മടങ്ങേണ്ടിവന്നു.

ജൂലിയന് നാഗല്സ്മാന്; ജർമ്മന് പടയോട്ടത്തിന്റെ ചാണക്യന്

പിന്നീട് ക്രീസിലൊരുമിച്ച ജോണി ബെയര്സ്റ്റോ- ഹാരി ബ്രൂക്ക് സഖ്യം തകര്ത്തടിച്ചതോടെ ഇംഗ്ലണ്ട് മുന്നേറി. എട്ടാം ഓവറിലെ ആദ്യ പന്തില് ജോണി ബെയര്സ്റ്റോ കൂടാരം കയറി. 18 പന്തില് 31 റണ്സ് അടിച്ചെടുത്തായിരുന്നു ബെയര്സ്റ്റോയുടെ മടക്കം. പിന്നാലെ എത്തിയ മൊയീന് അലിയും ലിയാം ലിവിങ്സ്റ്റണും ബ്രൂക്കിന് മികച്ച സംഭാവന നല്കി. മൊയീന് അലി ആറ് പന്തില് 16 റണ്സെടുത്ത് മടങ്ങി. നാല് പന്തില് 13 റണ്സെടുത്ത ലിവിങ്സ്റ്റണ് അവസാന പന്തില് റണ്ണൗട്ടാവുകയും ചെയ്തു.

മറുപടി ബാറ്റിങ്ങില് നമീബിയയ്ക്ക് വേണ്ടി ഓപ്പണര് വാന് ലിന്ഗന് 29 പന്തില് 33 റണ്സെടുത്തു. മറ്റൊരു ഓപ്പണര് നികോ ഡാവിന് (18) റിട്ടയര്ഡ് ഔട്ടായി മടങ്ങി. പിന്നീടെത്തിയ ഡേവിഡ് വീസെ 12 പന്തില് 27 റണ്സെടുത്തെങ്കിലും 9.4 ഓവറില് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടത്തിന് അവസാനമായി. ക്യാപ്റ്റന് ജോറാര്ഡ് ഇറാസ്മസും (1) ജെ ജെ സ്മിത്തും (0) പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image