
ന്യൂയോർക്ക്: ടി20 ലോകകപ്പിൽ സൂപ്പർ എട്ട് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടാനിറങ്ങുമ്പോൾ രോഹിത്തിനും സംഘത്തിനും വലിയ വെല്ലുവിളിയാകുക ഇന്ത്യക്ക് വേണ്ടി മുമ്പ് ലോകകപ്പ് കളിച്ചിട്ടുള്ള, നിലവിൽ യുഎസ് ബൗളിങ് നിരയെ നയിക്കുന്ന സൗരഭ് നേതാവൽക്കർ എന്ന താരമാകും. ആതിഥേയരാണെന്ന ഒറ്റ ആനുകൂല്യത്തിൽ ലോകകപ്പിലേക്ക് കടന്ന് കൂടിയ യുഎസ്എ ശക്തരായ പാകിസ്താനെ തോൽപ്പിച്ചു വിട്ടത് സൗരഭിന്റെ മിന്നും ബൗളിങ് പ്രകടനത്തിന്റെ കൂടി കരുത്തിലായിരുന്നു.
ഗ്രൂപ്പ് എ യിൽ തോൽവിയറിയാത്ത രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ വിജയിക്കുന്ന ടീമിന് സൂപ്പർ എട്ടിലേക്ക് പ്രവേശിക്കാം. ഇന്ത്യയ്ക്ക് വേണ്ടി അണ്ടർ 19 ലോകകപ്പ് കളിച്ച പരിചയ സമ്പത്ത് തന്നെയാണ് സൗരഭിന്റെ കരുത്ത്. 2010 ലോകകപ്പിലായിരുന്നു സൗരഭ് ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞിരുന്നത്. അന്ന് ആറ് മത്സരത്തിൽ നിന്നും ഒമ്പത് വിക്കറ്റ് നേടിയ ഇടം കയ്യൻ പേസർ തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് വിക്കറ്റർ.
അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ടീമിലിടം പിടിക്കാതെ പോയ സൗരഭ് പിന്നീട് അമേരിക്കയിലേക്ക് ജോലി ആവശ്യാർത്ഥം കുടിയേറി. അവിടെ സേഫ്റ്റി എൻജിനീയറായി ജോലി ചെയ്യവേ തന്നെ ക്രിക്കറ്റ് കളിച്ച് യുഎസ്എ നാഷണൽ ടീമിലെത്തി. താരത്തിന് പുറമെ നിരവധി ഇന്ത്യൻ വംശജർ ഇത്തവണ അമേരിക്കൻ നിരയുടെ ഭാഗമായി കളിക്കുന്നുണ്ട്.
സാധ്യത ടീം
ഇന്ത്യ:രോഹിത് ശർമ്മ (c), വിരാട് കോലി, ഋഷഭ് പന്ത് (wk), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്
യുഎസ്എ: സ്റ്റീവൻ ടെയ്ലർ, മൊണാങ്ക് പട്ടേൽ (c & wk), ആൻഡ്രീസ് ഗൗസ്, ആരോൺ ജോൺസ്, നിതീഷ് കുമാർ, കോറി ആൻഡേഴ്സൺ, ഹർമീത് സിംഗ്, ജസ്ദീപ് സിംഗ്, നോസ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രവൽക്കർ, അലി ഖാൻ.
യൂറോകപ്പിൽ പോളണ്ടിന് തിരിച്ചടി; ലെവന്ഡോവ്സ്കിക്ക് പരിക്ക്, ആദ്യ മത്സരങ്ങൾ കളിക്കാനാവില്ല