16ാം വയസ്സിൽ കാനഡയ്ക്ക്, 30ാം വയസ്സിൽ യുഎസ്എക്ക്; ഇന്ത്യൻവംശജന്റെ അത്യപൂർവ ലോകകപ്പ് കരിയർ

അമേരിക്കയുടെ ഈ അപ്രതീക്ഷിത മികവിൽ പ്രധാന പങ്ക് വഹിച്ച താരമാണ് ഇന്ത്യൻ വംശജനായ നിതീഷ് കുമാർ

dot image

ന്യൂയോർക്ക്: അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പില് രണ്ട് മത്സരങ്ങളും വിജയിച്ച് നാല് പോയിന്റുമായി അമേരിക്ക അത്ഭുത മുന്നേറ്റം തുടരുകയാണ്. അമേരിക്കയുടെ ഈ അപ്രതീക്ഷിത മികവിൽ പ്രധാന പങ്ക് വഹിച്ച താരമാണ് ഇന്ത്യൻ വംശജനായ നിതീഷ് കുമാർ. ടി 20 ലോകകപ്പ് ചരിത്രത്തിൽ രണ്ട് രാജ്യത്തിന് വേണ്ടി കളിച്ച് അപൂർവ്വ നേട്ടം സ്വന്തമാക്കിയ താരം കൂടിയാണ് നിതീഷ് കുമാർ. പതിനാറാം വയസ്സിലാണ് നിതീഷ് ആദ്യമായി ലോകകപ്പ് കളിക്കുന്നത്. അത്തരത്തില് ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില് ഒരാളാണ് ഇന്ത്യന് വംശജനായ നിതീഷ് കുമാര്. ഇപ്പോഴിതാ തന്റെ 30ാം വയസ്സില് താരം രണ്ടാമതൊരു രാജ്യത്തിന് വേണ്ടി കൂടി ലോകകപ്പ് കളിക്കുന്നു. മുമ്പ് കളിച്ചത് കാനഡയ്ക്ക് വേണ്ടിയാണെങ്കില് നിലവില് യുഎസിന് വേണ്ടി.

2009 മുതല് 2013 വരെ കാനഡയില് നിതീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2015 മുതല് 2017 വരെ യുകെയില് എംസിസി യൂണിവേഴ്സിറ്റിക്ക് വേണ്ടിയും കളിച്ചു. കാനഡയ്ക്ക് വേണ്ടി 2010ലായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 16 ഏകദിനങ്ങളും 18 ടി20കളും കളിച്ചു. കാനഡയ്ക്കായി 2019ലാണ് അവസാനമായി പാഡണിഞ്ഞത്. 2024 ഏപ്രിലില് അമേരിക്കയ്ക്ക് വേണ്ടി നിതീഷ് ആദ്യമായി കളിച്ചപ്പോള് തന്റെ മുന് ടീമായ കാനഡയായിരുന്നു എതിരാളികള് എന്നത് രസകരമായ കാര്യമാണ്. മത്സരത്തില് 64 റണ്സ് നേടിയ നിതീഷ് പ്ലെയര് ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി. വെസ്റ്റിന്ഡീസിലെ പ്രാദേശിക ലിസ്റ്റ് എ ക്രിക്കറ്റിലും താരം കളിച്ചിട്ടുണ്ട്. 2016ലെ സിപിഎല്ലില് സെന്റ് ലൂസിയ സൗക്ക്സിന് വേണ്ടിയും കളിച്ചു. കാനഡയിലും യു കെയിലും അമേരിക്കയിലുമൊക്കെയാണ് ജീവിച്ചതെങ്കിലും ഇപ്പോഴും തന്റെ കുടുംബം ഇന്ത്യന് വേരുകള് നിലനിര്ത്തുന്നവര് തന്നെയാണെന്നും നിതീഷ് കൂട്ടിച്ചേര്ത്തു.

ഡച്ചുപടയെ തച്ചൊതുക്കി ദക്ഷിണാഫ്രിക്ക; 104 റണ്സ് വിജയലക്ഷ്യം
dot image
To advertise here,contact us
dot image