
ന്യൂയോര്ക്ക്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ പരാജയം ഉള്ക്കൊള്ളുന്നതിന് ദിവസങ്ങള് വേണ്ടിവന്നുവെന്ന് ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മ. കഴിഞ്ഞ വര്ഷമാണ് ഇന്ത്യയില് വെച്ച് നടന്ന ഏകദിന ലോകകപ്പ് ഫൈനലില് രോഹിത്തിനെയും സംഘത്തേയും കീഴടക്കി ഓസ്ട്രേലിയ കിരീടത്തില് മുത്തമിട്ടത്. ഇതിന് ശേഷം ഭാര്യ റിതിക സജ്ദേയുമായുള്ള സംഭാഷണം ഓര്ത്തെടുക്കുകയായിരുന്നു ഇന്ത്യന് ക്യാപ്റ്റന്.
'ലോകകപ്പ് ഫൈനല് കഴിഞ്ഞ് പിറ്റേന്ന് ഞാന് ഉറക്കമുണര്ന്നപ്പോള്, ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് എനിക്ക് യാതൊരു അറിവും ഇല്ലായിരുന്നു. ഞാന് ഭാര്യയുമായി അതിനെക്കുറിച്ച് സംസാരിച്ചു. ഇന്നലെ രാത്രി സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമല്ലേയെന്ന് ഞാന് ഭാര്യയോട് ചോദിച്ചു. ഫൈനല് നാളെയാണെന്ന് ഞാന് കരുതുന്നുവെന്നും പറഞ്ഞു. എന്നാല് ഞങ്ങള് ഫൈനലില് തോറ്റെന്നും നാല് വര്ഷത്തിന് ശേഷം മാത്രമേ ഞങ്ങള്ക്ക് മറ്റൊരു അവസരം ലഭിക്കൂവെന്നും മനസ്സിലാക്കാന് എനിക്ക് രണ്ട് മൂന്ന് ദിവസമെടുത്തു', അഡിഡാസ് ഇന്ത്യയുമായുള്ള അഭിമുഖത്തില് രോഹിത് തുറന്നുപറഞ്ഞു.
'രണ്ട് ലോകകിരീടമുള്ള ക്യാപ്റ്റനാണ് ഈ വാട്ടര്ബോയ്'; കമ്മിന്സിന് കയ്യടി'നമ്മള് ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന് ഞങ്ങള് തമാശയ്ക്ക് പറയുമായിരുന്നു. ഫൈനലിന് മുന്പ് തോല്വിയെക്കുറിച്ചുള്ള ചിന്ത പോലും ഞങ്ങള്ക്കുണ്ടായിരുന്നില്ല. നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും വിജയിക്കുമെന്നുമുള്ള വിശ്വാസം ഞങ്ങള്ക്കുണ്ടായിരുന്നു. അതേ ദിശയില് തന്നെ മുന്നോട്ടുപോവാനായിരുന്നു ഞങ്ങളുടെ തീരുമാനം', രോഹിത് പറഞ്ഞു.
'ഫൈനലിലെ പരാജയത്തിന് പിന്നാലെ ഞാന് ഡ്രെസിങ് റൂമിലേക്ക് ഓടി. അവിടെ നില്ക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായില്ല. ലോകകപ്പ് നേടുക എന്നുള്ളത് ഞാന് അത്രയേറെ ആഗ്രഹിച്ചിരുന്നു. എന്തെങ്കിലും സ്വന്തമാക്കണമെന്ന് തീവ്രമായി ആഗ്രഹിച്ച് ഒടുവില് അത് ലഭിച്ചില്ലെങ്കില് സങ്കടവും നിരാശയും തോന്നും. ആ നിമിഷം എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായിരുന്നില്ല', ഇന്ത്യന് ക്യാപ്റ്റന് കൂട്ടിച്ചേര്ത്തു.