
അഹമ്മദാബാദ്: ഐപിഎല് 2024 സീസണ് വളരെ സവിശേഷവും അഭിമാനകരവുമായ സീസണായിരുന്നുവെന്ന് റോയല് ചലഞ്ചേഴ്സ് താരം വിരാട് കോഹ്ലി. സീസണിന്റെ ആദ്യപകുതിയില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്ന് സമ്മതിച്ച താരം ടീമിന്റെ തിരിച്ചുവരവില് അഭിമാനിക്കുന്നുവെന്നും പറഞ്ഞു. എലിമിനേറ്ററില് രാജസ്ഥാനെതിരെ പരാജയപ്പെട്ട് പുറത്തായതിന് ശേഷം പ്രതികരിക്കുകയായിരുന്നു ബെംഗളൂരുവിന്റെ മുന് ക്യാപ്റ്റന് കൂടിയായ കോഹ്ലി.
'സത്യസന്ധമായി പറഞ്ഞാല് സീസണിന്റെ ആദ്യ പകുതിയില് വളരെ നിലവാരം കുറഞ്ഞ പ്രകടനമാണ് ഞങ്ങള് കാഴ്ച വെച്ചത്. ക്രിക്കറ്റ് താരങ്ങളെന്ന നിലയില് ഞങ്ങള്ക്കുണ്ടായിരുന്ന നിലവാരത്തിനൊപ്പം ഞങ്ങള്ക്ക് കളിക്കാന് കഴിഞ്ഞില്ല. പിന്നീട് ഞങ്ങള് ആത്മാഭിമാനത്തിന് വേണ്ടി കളിക്കാന് തുടങ്ങി. അതോടെ ഞങ്ങളുടെ ആത്മവിശ്വാസം തിരിച്ചുകിട്ടി', കോഹ്ലി പറഞ്ഞു. റോയല് ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തുവിട്ട വീഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം.
Unfortunately, sport is not a fairytale and our remarkable run in #IPL2024 came to an end. Virat Kohli, Faf du Plessis and Dinesh Karthik express their emotions and thank fans for their unwavering support. ❤️#PlayBold #ನಮ್ಮRCB pic.twitter.com/FYygVD3UiC
— Royal Challengers Bengaluru (@RCBTweets) May 23, 2024
'എല്ലാ കാര്യങ്ങളെയും മാറ്റിമറിച്ച് ഞങ്ങള് പ്ലേ ഓഫിന് യോഗ്യത നേടിയ രീതി ശരിക്കും സവിശേഷമായിരുന്നു. ഈ ടീമിലെ ഓരോ അംഗങ്ങളില് നിന്നും ഞങ്ങള്ക്ക് ശരിക്കും അഭിമാനിക്കാന് കഴിയുന്ന പ്രകടനങ്ങള് ഉണ്ടായി. ഒടുവില് ഞങ്ങള് കളിക്കാന് ആഗ്രഹിക്കുന്ന രീതിയില് കളിച്ചുതുടങ്ങി. ഇതെല്ലാം ഞാന് ഏറ്റവും വിലമതിക്കുകയും ഓര്മ്മിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്', കോഹ്ലി കൂട്ടിച്ചേര്ത്തു.