
അഹമ്മദാബാദ്: ഐപിഎല് 2024 സീസണിന്റെ ആദ്യ പകുതിയില് താന് ഫോമില് അല്ലായിരുന്നുവെന്നും പരിക്ക് തന്നെ അലട്ടിയിരുന്നുവെന്നും രാജസ്ഥാന് റോയല്സിന്റെ സ്റ്റാര് സ്പിന്നര് രവിചന്ദ്രന് അശ്വിന്. എലിമിനേറ്റര് പോരാട്ടത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ വിജയം റോയല്സിന് ആത്മവിശ്വാസം നല്കിയെന്നും അശ്വിന് പറഞ്ഞു. മത്സരത്തില് പ്ലെയര് ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അശ്വിന്.
ചെന്നൈയെ തോല്പ്പിച്ചാല് പോരാ, ആര്സിബിക്ക് കിരീടം വേണമെങ്കില് പ്ലേഓഫില് നന്നായി കളിക്കണം: റായിഡു'എനിക്ക് പ്രായം കൂടുകയാണ്. സീസണിന്റെ ആദ്യ പകുതിയില് എന്റെ ശരീരം അത്രയ്ക്ക് ഫ്ളെക്സിബിള് ആവുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു. പരിക്കും വല്ലാതെ അലട്ടിയിരുന്നു. ടെസ്റ്റ് മത്സരങ്ങളില് നിന്നും ടൂര്ണമെന്റിലേക്ക് വരേണ്ടത് എന്നെ സംബന്ധിച്ചിടത്തോളം അല്പ്പം ബുദ്ധിമുട്ടായിരുന്നു. ആ ബൗളിംഗ് താളം കണ്ടെത്താന് എനിക്ക് കുറച്ച് സമയം ആവശ്യമുണ്ടായിരുന്നു', അശ്വിന് വ്യക്തമാക്കി.
മത്സരത്തില് ടീമിന്റെ പ്രകടനത്തെ കുറിച്ചും അശ്വിന് പ്രതികരിച്ചു. കഴിഞ്ഞ മാച്ചുകളില് ടീമിന് മികച്ച പ്രകടനം കാഴ്ചവക്കാനായിരുന്നില്ലെന്ന് അശ്വിന് പറഞ്ഞു. ബട്ലറെ നഷ്ടപ്പെട്ടതും ഹെറ്റ്മെയറിന് പരുക്കേറ്റതും തിരിച്ചടിയായി. എന്നാലിപ്പോള് ഹെറ്റ്മെയര് തിരിച്ചെത്തിയിരിക്കുകയാണ്. ആര്സിബിക്കെതിരായ ഈ വിജയം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. രണ്ടാം ക്വാളിഫയറിന് മുന്നെ ടീമിന് ആത്മവിശ്വാസം നല്കാന് ഈ വിജയം അത്യാവശ്യമായിരുന്നുവെന്നും അശ്വിന് വ്യക്തമാക്കി.