
ടെക്സാസ്: ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് അമേരിക്കയ്ക്ക് അട്ടിമറിവിജയം. കരുത്തരായ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്ത്തെറിഞ്ഞാണ് അമേരിക്ക ഞെട്ടിച്ചത്. ബംഗ്ലാദേശ് ഉയര്ത്തിയ 154 റണ്സ് വിജയലക്ഷ്യം മൂന്ന് പന്തുകള് ബാക്കിനില്ക്കെ അമേരിക്ക മറികടന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ വിജയത്തുടക്കം ടി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില് അമേരിക്കയ്ക്ക് വലിയ ആത്മവിശ്വാസം നല്കും.
USA BEAT BANGLADESH IN THE 1ST T20I.
— Mufaddal Vohra (@mufaddal_vohra) May 21, 2024
- Corey Anderson and Harmeet Singh the stars! 🔥 pic.twitter.com/Jj68wNOhG5
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 153 റണ്സ് മാത്രമാണ് നേടാനായത്. നാലാമനായി ക്രീസിലെത്തി അര്ദ്ധ സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയി മാത്രമാണ് ബംഗ്ലാദേശ് നിരയില് അല്പ്പമെങ്കിലും പിടിച്ചുനിന്നത്. താരം 47 പന്തുകളില് രണ്ട് സിക്സും നാല് ബൗണ്ടറിയും സഹിതം 58 റണ്സെടുത്തു.
ഓപ്പണര്മാരായ ലിറ്റണ് ദാസ് 14 റണ്സും സൗമ്യ സര്ക്കാര് 30 റണ്സുമെടുത്ത് പുറത്തായപ്പോള് വണ്ഡൗണായി ഇറങ്ങിയ ക്യാപ്റ്റന് നജ്മുല് ഹുസൈന് ഷാന്റോ മൂന്ന് റണ്സെടുത്ത് പുറത്തായി. ഷാക്കിബ് അല് ഹസന് ആറ് റണ്സെടുത്ത് നിരാശപ്പെടുത്തിയപ്പോള് മഹ്മദുള്ള 31 റണ്സ് അടിച്ചെടുത്തു. ഇന്നിങ്സിലെ അവസാന പന്തിലാണ് ഹൃദോയ് (58) പുറത്തായത്. അമേരിക്കയ്ക്ക് വേണ്ടി സ്റ്റീവന് ടെയ്ലര് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില് കോറി ആന്ഡേഴ്സന്റെയും ഹര്മിത് സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അമേരിക്കയെ വിജയത്തില് എത്തിച്ചത്. ആറാം വിക്കറ്റില് ഒരുമിച്ച ഇരുവരും 62 റണ്സിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തപ്പോള് അമേരിക്ക 19.3 വിജയലക്ഷ്യം മറികടന്നു. 15 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 94 റണ്സെന്ന നിലയിലായിരുന്ന അമേരിക്കയെ ആന്ഡേഴ്സണ്- ഹര്മീത് സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.
സ്റ്റീവന് ടെയ്ലര് (28), ക്യാപ്റ്റന് മൊനാങ്ക് പട്ടേല് (12), ആന്ഡ്രിസ് ഗൗസ് (23), ആരോണ് ജോണ്സ് (4), നിതീഷ് കുമാര് (10) എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര് റഹ്മാന് രണ്ട് വിക്കറ്റ് വീഴ്ത്തി.