
അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സൺ റൈസേഴ്സ് ഹൈദരബാദ്. ലീഗ് റൗണ്ടിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദുമാണ് നേരിട്ട് ഫൈനൽ തേടി ഇന്ന് ഏറ്റുമുട്ടുന്നത്. ജയിക്കുന്നവർക്ക് മേയ് 26ന് ചെന്നൈയിൽ നടക്കുന്ന കലാശക്കളിക്ക് ടിക്കറ്റെടുക്കാം. തോൽക്കുന്നവർക്ക് ഒരു അവസരം കൂടിയുണ്ട്. നാളത്തെ രാജസ്ഥാൻ റോയൽസ്-റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു എലിമിനേറ്റർ മത്സര വിജയികളെ വെള്ളിയാഴ്ചത്തെ രണ്ടാം ക്വാളിഫയറിൽ നേരിടാം. ഒന്നും രണ്ടും ക്വാളിഫയറിലെ വിജയികളാണ് ഫൈനലിൽ കളിക്കുക.
14 മത്സരങ്ങളിൽ ഒമ്പത് ജയവും മൂന്ന് തോൽവിയുമായി 20 പോയന്റ് നേടിയാണ് ശ്രേയസ് അയ്യരും സംഘവും പ്ലേ ഓഫിൽ കടന്നത്. രണ്ട് മത്സരങ്ങൾ മഴയെടുത്തു. ക്ലാസ് ഓപണർ ഫിൽ സാൾട്ട് ദേശീയ ടീം ഡ്യൂട്ടിക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് കൊൽക്കത്തയുടെ ബാറ്റിങ് കരുത്തിനെ ബാധിക്കും. സുനിൽ നരെയ്ന് ഓപണിങ് പങ്കാളിയായി റഹ്മാനുല്ല ഗുർബാസ് എത്തിനാണ് സാധ്യത. രാജസ്ഥാനെ റൺറേറ്റിൽ മറികടന്നാണ് 17 പോയന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായത്. ഉയർന്ന സ്കോർ റെക്കോഡുകൾ പലതവണ തിരുത്തിയ ബാറ്റിങ് മികവാണ് കരുത്ത്.