
റാഞ്ചി: ഐപിഎൽ പതിനേഴാം സീസണിന് തിരശ്ശീല വീണതോടെ ഒരിക്കൽ കൂടി ധോണിയുടെ വിരമിക്കൽ ചർച്ചയാകുകയാണ്. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായ പശ്ചാത്തലത്തില് നിരവധി അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. ധോണി ഇക്കാര്യത്തില് വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന് കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. 'ധോണിയുടെ ഭാവി സംബന്ധിച്ച് ഒരുതരത്തിലുള്ള ചർച്ചയും ഡ്രെസിങ് റൂമിലുണ്ടായിട്ടില്ല. അദ്ദേഹത്തോട് ഭാവിയെക്കുറിച്ച് ചോദിച്ചിട്ടില്ല. അദ്ദേഹവും ഒന്നും പറഞ്ഞിട്ടില്ല. ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല് ധോണി തന്നെ വ്യക്തമാക്കും. അതുവരെ ഇടപെടാന് ഞങ്ങള് തയാറല്ല.' വിശ്വനാഥൻ പറഞ്ഞു.
കാല്മുട്ടിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ധോണി സീസണില് 14 മത്സരങ്ങിലും കളത്തിലെത്തിയിരുന്നു. 220.55 സ്ട്രൈക്ക് റേറ്റില് 161 റണ്സും നേടി. അവസാനമായി നീണ്ട മൗനത്തിനൊടുവിൽ ധോണി തന്റെ കായിക ക്ഷമതയെ കുറിച്ചും പ്രതികരിച്ചു. 'ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം, വർഷത്തിലുടനീളം ഞാന് ക്രിക്കറ്റ് കളിക്കുന്നില്ല എന്നതാണ്. അതിനാല് പൂർണ കായികക്ഷമതയോടെ ഇരിക്കുക പ്രധാനമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായവരെയും യുവതാരങ്ങളെയുമാണ് നേരിടേണ്ടി വരുന്നത്. പ്രൊഫഷണല് തലം അത്ര എളുപ്പമല്ല. വയസിന്റെ കാര്യത്തില് ആരും ഇളവ് നല്കുകയുമില്ല,' ധോണി വ്യക്തമാക്കി. 'നിങ്ങള്ക്ക് കളിക്കണമെങ്കില് മറ്റ് താരങ്ങളെപോല തന്നെ കായിക ക്ഷമതയുണ്ടാകണം. ഭക്ഷണക്രമം, പരിശീലനം എന്നിവയെല്ലാം ഇതിന്റെ ഘടകങ്ങളാകുന്നു. സമൂഹമാധ്യമങ്ങളിലില്ലാത്തതുകൊണ്ട് തന്നെ ശ്രദ്ധ വ്യതിചലിക്കുന്നില്ല' ധോണി കൂട്ടിച്ചേർത്തു.
അർജന്റീന കോപ്പ ടീമിനെ പ്രഖ്യാപിച്ചു; മെസ്സി നായകൻ, ഡിബാല ഔട്ട്