
ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. മൂന്നര വര്ഷത്തേക്കാണ് നിയമനം. മേയ് 27 വരെ അപേക്ഷ സമര്പ്പിക്കാം. നിലവിലെ പരിശീലകനായ രാഹുല് ദ്രാവിഡിന്റെ കാലാവധി ജൂണില് ടി20 ലോകകപ്പ് കഴിയുന്ന മുറയ്ക്ക് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകന് വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഈ വര്ഷം ജൂലായ് ഒന്നു മുതല് 2027 ഡിസംബര് 31 വരെയായിരിക്കും പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന പരിശീലകന്റെ കാലാവധിയെന്ന് ബിസിസിഐ പ്രസ്താവനയില് അറിയിച്ചു. അപേക്ഷകള് വിലയിരുത്തിയ ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്ന്ന് അഭിമുഖവും കഴിഞ്ഞാണ് പരിശീലകനെ തിരഞ്ഞെടുക്കുകയെന്നും ബിസിസിഐ അറിയിച്ചു.
ജൂണ് 29നാണ് ടി20 ലോകകപ്പ് അവസാനിക്കുക. ഇതോടെ രാഹുല് ദ്രാവിഡിന്റെ കാലാവധി തീരും. തുടര്ന്നുള്ള 2025ലെ ചാമ്പ്യന്സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. അതേസമയം ദ്രാവിഡ് പരിശീലകനായി തുടരാന് സന്നദ്ധനാണെങ്കില് വീണ്ടും അപേക്ഷ നല്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. വിദേശ പരിശീലകര്ക്കും അപേക്ഷ നല്കാം. 2021ലാണ് ദ്രാവിഡ് പരിശീലകനായെത്തുന്നത്. രാഹുലിന് കീഴില് 2022ല് ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലെത്തി. തുടര്ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില് പ്രവേശിച്ചു.
ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ ബിസിസിഐ മുന്നിൽ വെക്കുന്ന മാനദണ്ഡങ്ങൾ
കുറഞ്ഞ് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണം. അല്ലെങ്കിൽ ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ മുഖ്യപരിശീലകനായി പ്രവര്ത്തിച്ചുള്ള രണ്ടുവര്ഷത്തെ പരിചയമെങ്കിലും വേണം. അസോസിയേറ്റ് അംഗ രാജ്യത്തിന്റെ അല്ലെങ്കിൽ ഐപിഎല് അല്ലെങ്കില് തത്തുല്യമായ അന്താരാഷ്ട്ര ലീഗ് ഫ്രാഞ്ചൈസിയുടെയോ, ഫസ്റ്റ് ക്ലാസ് ടീമിന്റെയോ, ദേശീയ എ ടീമിന്റെയോ പരിശീലകനായുള്ള മൂന്നുവര്ഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടാതെ ബിസിസിഐ ലെവല് 3 സര്ട്ടിഫിക്കേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പ്രായം 60 വയസ്സിൽ കൂടാനും പാടില്ല.
യൂറോപ്യൻ ക്ലബ് ഫുട്ബോൾ;ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഹാരി കെയ്ൻ ഏറെ മുന്നിൽ