ചെപ്പോക്കില് 'വിസില് പോട്ട്' പഞ്ചാബ് കിങ്സ്; ചെന്നൈയ്ക്കെതിരെ അനായാസ വിജയം

ചെന്നൈയെ 162 റണ്സിലൊതുക്കാന് പഞ്ചാബിന് സാധിച്ചിരുന്നു

dot image

ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗില് ചെന്നൈ സൂപ്പര് കിങ്സിന് പരാജയം. സ്വന്തം തട്ടകമായ ചെപ്പോക്കില് ഏഴ് വിക്കറ്റിന് പഞ്ചാബ് കിങ്സാണ് നിലവിലെ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്. ചെന്നൈയെ 162 റണ്സിലൊതുക്കിയ പഞ്ചാബ് മറുപടി ബാറ്റിങ്ങില് 13 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില് വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്സെടുത്തത്. 48 പന്തില് 62 റണ്സെടുത്ത റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്കോറര്. അവസാന ഓവറുകളില് എത്തിയ എം എസ് ധോണിക്കും (11 പന്തില് 14) തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി ഹര്പ്രീത് ബ്രാറും രാഹുല് ചഹറും രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില് പവര്പ്ലേയില് പഞ്ചാബിന് ഒരു വിക്കറ്റ് നഷ്ടമായി. നാലാം ഓവറില് പ്രഭ്സിമ്രാന് സിങ്ങിനെ (13) അരങ്ങേറ്റക്കാരനായ റിച്ചാര്ഡ് ഗ്ലീസണ് പുറത്താക്കി. എന്നാല് പിന്നീട് പഞ്ചാബ് ബാറ്റർമാർ ശക്തമായി ക്രീസിലുറച്ചു നിന്നു. വണ്ഡൗണായി എത്തിയ റീലി റൂസ്സോയും (43) ഓപ്പണര് ജോണി ബെയര്സ്റ്റോയും (46) തകര്ത്തടിച്ചതോടെ പഞ്ചാബ് അതിവേഗം മുന്നേറി.

'തലയ്ക്ക് ഒൻപതിൽ പിഴച്ചു'; സീസണില് ആർക്കും മുന്നിൽ കീഴടങ്ങാതെ വീണ് ധോണി

പത്താം ഓവറില് ബെയര്സ്റ്റോയെ ശിവം ദുബെയും 12-ാം ഓവറില് റൂസ്സോയെ ശര്ദ്ദുല് താക്കൂറും കൂടാരം കയറ്റി. പിന്നീട് ക്രീസിലൊരുമിച്ച ശശാങ്ക് സിങ്ങും ക്യാപ്റ്റന് സാം കറനും ചേര്ന്ന് പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചു. 26 പന്തില് 25 റണ്സെടുത്ത് ശശാങ്കും 20 പന്തില് 26 റണ്സെടുത്ത് സാം കറനും പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image