സൂര്യകുമാര് യാദവ് റിട്ടേണ്സ്; സീന് മാറുമെന്ന പ്രതീക്ഷയില് മുംബൈ ആരാധകര്

ഡല്ഹി ക്യാപിറ്റല്സിനെതിരായ അടുത്ത മത്സരത്തില് സൂര്യകുമാര് കളത്തിലിറങ്ങിയേക്കും

സൂര്യകുമാര് യാദവ് റിട്ടേണ്സ്; സീന് മാറുമെന്ന പ്രതീക്ഷയില് മുംബൈ ആരാധകര്
dot image

മുംബൈ: തുടര്പരാജയങ്ങളില് വലയുന്ന മുംബൈ ഇന്ത്യന്സ് ആരാധകര്ക്ക് ആശ്വാസ വാര്ത്ത. ടീമിന്റെ നിര്ണായക താരമായ സൂര്യകുമാര് യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. സൂപ്പര് താരം ശാരീരികക്ഷമത പൂര്ണമായി വീണ്ടെടുത്തതായി നാഷണല് ക്രിക്കറ്റ് അക്കാദമി (എന്സിഎ) അധികൃതര് അറിയിച്ചു.

സൂര്യകുമാര് യാദവ് വെള്ളിയാഴ്ച ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്ട്ടുകള്. ഡല്ഹി ക്യാപിറ്റല്സിനെതിരായ അടുത്ത മത്സരത്തില് സൂര്യകുമാര് കളത്തിലിറങ്ങിയേക്കും. ഏപ്രില് ഏഴ് ഞായറാഴ്ച വാങ്കഡെയിലാണ് മുംബൈ- ഡല്ഹി മത്സരം.

ട്വന്റി 20 ബാറ്റിങ്ങ് റാങ്കിങ്ങില് ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര് യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്.

ഹാര്ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില് ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന മൂന്ന് മാച്ചുകളിലും മുംബൈ തോല്വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്സ്, സണ്റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാർ എത്തുന്നതോടെ മുംബൈ വിജയവഴിയില് തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us