
ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ബാറ്റർ സൂര്യകുമാർ യാദവിന്റെ വരവ് വൈകും. പരിക്കേറ്റ് വിശ്രമത്തിലുള്ള താരം ഇത് വരെയും കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ട്വന്റി 20 ബാറ്റിങ്ങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെർണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. നിലവിൽ ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് വീണ്ടുടുക്കാനുള്ള ശ്രമത്തിലാണ് താരം. ഈയിടെ നടന്ന രണ്ട് ഫിറ്റ്നസ് ടെസ്റ്റിലും താരം പരാജയപ്പെട്ടിരുന്നു.
ഈ സീസണിലെ രണ്ട് മത്സരങ്ങളും തോറ്റ മുംബൈക്ക് വലിയ തിരിച്ചടിയാണ് സൂര്യകുമാറിന്റെ പരിക്കുമായി ബന്ധപ്പെട്ട പുതിയ വാർത്ത. ജൂണിൽ നടക്കുന്ന ലോക ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിങ്ങ് പ്രതീക്ഷ കൂടിയാണ് താരം. 2023 സീസണിൽ 16 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും 5 അർധ സെഞ്ച്വറികളുമായി മുംബൈ ടീമിനെ മുന്നോട്ട് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമായിരുന്നു സൂര്യ.
ഐപിഎൽ കരിയറിൽ മൊത്തം 139 മാച്ചുകളിൽ നിന്നായി 3249 റൺസ് നേടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകളടിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് സൂര്യ.