ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയ അഞ്ച് വിക്കറ്റ്; ചരിത്രമെഴുതി കുല്ദീപ്

ആദ്യ ഇന്നിങ്സില് ഇംഗ്ലണ്ടിനെ 218 റണ്സിന് പുറത്താക്കാന് ഇന്ത്യയ്ക്ക് സാധിച്ചിരുന്നു

dot image

ധര്മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള് വ്യക്തമായ മുന്തൂക്കത്തിലാണ് ഇന്ത്യ. ധര്മ്മശാലയില് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്സില് കേവലം 218 റണ്സിന് പുറത്താക്കാന് ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. സ്പിന്നര്മാരായ കുല്ദീപ് യാദവും അശ്വിനും രവീന്ദ്ര ജഡേജയും ചേര്ന്നാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്.

മത്സരത്തില് അഞ്ച് വിക്കറ്റുകളാണ് കുല്ദീപ് എറിഞ്ഞിട്ടത്. 15 ഓവറില് 72 റണ്സ് വിട്ടുകൊടുത്താണ് കുല്ദീപ് ഇത്രയും വിക്കറ്റുകള് വീഴ്ത്തിയത്. ഇതോടെ കരിയറില് 50 ടെസ്റ്റ് വിക്കറ്റെന്ന സുപ്രധാന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് കുല്ദീപ്. നിലവില് 51 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

വിക്കറ്റ് വേട്ടയില് മറ്റൊരു അപൂര്വ്വ നേട്ടവും കുല്ദീപിനെ തേടിയെത്തി. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില് അതിവേഗം 50 വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന് താരമെന്ന ബഹുമതിയാണ് കുല്ദീപ് സ്വന്തം പേരിലെഴുതിച്ചേര്ത്തത്. 1871 പന്തുകൾ മാത്രം എറിഞ്ഞാണ് താരം 50 വിക്കറ്റ് വീഴ്ത്തിയത്. 2205 പന്തില്നിന്ന് 50 വിക്കറ്റ് നേടിയ അക്സര് പട്ടേലും 2520 പന്തില് 50 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് കുല്ദീപിന് തൊട്ടുപിന്നില്.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില് ഇതാദ്യമായാണ് 2000ത്തില് താഴെ പന്തുകള് മാത്രം എറിഞ്ഞ് ഒരു ബൗളര് 50 വിക്കറ്റുകള് സ്വന്തമാക്കുന്നത്. ടെസ്റ്റില് കുറഞ്ഞ പന്തുകൾ എറിഞ്ഞ് 50 വിക്കറ്റുകള് വീഴ്ത്തുന്ന മൂന്നാമത്തെ ഇടംകൈയ്യന് സ്പിന്നറാണ് കുല്ദീപ്. ദക്ഷിണാഫ്രിക്കയും പോള് ആദംസിനും ഇംഗ്ലണ്ടിന്റെ ജോണി വാര്ഡലിനും ശേഷമാണ് ഒരു ഇടംകൈയന് സ്പിന്നര് ഈ നിലയിൽ 50 വിക്കറ്റുകള് വീഴ്ത്തുന്നത്. പോള് ആദംസ് 134 വിക്കറ്റുകളും ജോണി വാര്ഡല് 102 വിക്കറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.

സ്പിന് കെണിയൊരുക്കി കുല്ദീപും അശ്വിനും; ഇംഗ്ലണ്ടിനെ 218ന് പുറത്താക്കി ഇന്ത്യ

ധര്മ്മശാല ടെസ്റ്റില് മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള് ഒരു വിക്കറ്റ് നഷ്ടത്തില് 135 റണ്സെന്ന നിലയിലാണ് ഇന്ത്യ. അര്ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്കൊപ്പം (52*) ശുഭ്മാന് ഗില്ലുമാണ് (26*) ക്രീസില്. ഓപ്പണര് യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടപ്പെട്ടത്. 58 പന്തില് നിന്ന് മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും സഹിതം 57 റണ്സെടുത്താണ് ജയ്സ്വാള് പുറത്തായത്.

dot image
To advertise here,contact us
dot image