അയര്ലന്ഡിനെ വിറപ്പിച്ച് ഇന്ത്യന് കൗമാരപ്പട; അണ്ടര് 19 ലോകകപ്പില് തുടര്ച്ചയായ രണ്ടാം വിജയം

സെഞ്ച്വറി നേടിയ മുഷീര് ഖാന്റെയും (118) അര്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന് ഉദയ് സഹ്റാന്റെയും (75) തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്

dot image

ബ്ലൂംഫോണ്ടെയ്ന്: അണ്ടര് 19 ലോകകപ്പില് ഇന്ത്യയ്ക്ക് തുടര്ച്ചയായ രണ്ടാം വിജയം. അയര്ലന്ഡിനെതിരായ മത്സരത്തില് 201 റണ്സിന്റെ കൂറ്റന് വിജയമാണ് ഇന്ത്യന് കൗമാരപ്പട സ്വന്തമാക്കിയത്. ഇന്ത്യ ഉയര്ത്തിയ 302 റണ്സെന്ന കൂറ്റന് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അയര്ലന്ഡിന്റെ പോരാട്ടം 29.4 ഓവറില് കേവലം 100 റണ്സിന് അവസാനിച്ചു.

സെഞ്ച്വറി നേടിയ മുഷീര് ഖാന്റെയും (118) അര്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന് ഉദയ് സഹ്റാന്റെയും (75) തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യയെ കൂറ്റന് സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങില് ഇന്ത്യയ്ക്ക് വേണ്ടി നമന് തിവാരി നാലും സൗമി പാണ്ഡേ മൂന്നും വിക്കറ്റുകള് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 301 റണ്സ് നേടിയത്. 106 പന്തില് നിന്ന് 118 റണ്സെടുത്ത മുഷീര് ഖാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്. 84 പന്തില് 75 റണ്സെടുത്ത് നായകന് ഉദയ് സഹ്റാന് മുഷീര് ഖാന് മികച്ച പിന്തുണ നല്കി.

എന്നാല് ഇന്ത്യന് നിരയിലെ മറ്റാര്ക്കും കാര്യമായ സംഭാവന നല്കാനായില്ല. ആദര്ശ് സിങ് (17), അര്ഷിന് കുല്കര്ണി (32), ആരവെല്ലി അവിനാഷ് (22), സച്ചിന് ദാസ് (21*), പ്രിയാന്ഷു മോളിയ (2), മുരുകന് അഭിഷേക് (0) എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സമ്പാദ്യം. അയര്ലന്ഡിന് വേണ്ടി ഒലിവര് റിലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള് ജോണ് മക്നല്ലി രണ്ടും ഫിന് ലൂട്ടന് ഒന്നും വിക്കറ്റെടുത്തു.

31 റണ്സെടുക്കുന്നതിനുള്ളില് തന്നെ അയര്ലന്ഡിന് രണ്ട് ഓപ്പണര്മാരെയും നഷ്ടമായി. പിന്നീടെത്തിയ ആറ് താരങ്ങള്ക്കും രണ്ടക്കം പോലും കടക്കാനാവാതെ മടങ്ങേണ്ടി വന്നു. ഇതോടെ ഒരു സമയത്ത് അയര്ലന്ഡ് 45ന് 8 എന്ന നിലയിലേക്ക് വീഴുകയും ചെയ്തു.

ഒന്പതാമനായി ഇറങ്ങിയ ഒലിവര് റിലിയും (15) പത്താമനായി ക്രീസിലെത്തിയ ഡാനിയല് ഫോര്ക്കിനുമാണ് (27*) അയര്ലന്ഡിനെ വലിയ നാണക്കേടില് നിന്ന് രക്ഷിച്ചത്. 40 പന്തില് നിന്ന് നാല് ബൗണ്ടറികളടക്കം 27 റണ്സ് നേടിയ ഫോര്ക്കിനാണ് അയര്ലന്ഡ് നിരയിലെ ടോപ് സ്കോറര്. റിലിയും ഫോര്ക്കിനും അവസാന ഓവറില് ചെറുത്തുനിന്നാണ് അയര്ലന്ഡിനെ 100 റണ്സില് എത്തിച്ചത്.

dot image
To advertise here,contact us
dot image