
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്ക് വിരമിക്കൽ മത്സരം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ താരം മിച്ചൽ ജോൺസൺ രംഗത്ത്. പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട ഡേവിഡ് വാർണർക്ക് ഹീറോ പരിവേഷത്തോടെ വിടവാങ്ങൽ മത്സരം നൽകേണ്ടതില്ലെന്നാണ് ജോൺസൺ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി മോശം ഫോമിലുള്ള വാർണറെ ടീമിൽ നിലനിർത്തുന്നതിനെതിരെയും ജോൺസൺ വിമർശനം ഉന്നയിച്ചു.
ഓസ്ട്രേലിയൻ മുൻ നായകൻ ടിം പെയ്ൻ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ജോർജ് ബെയ്ലി സെലഷൻ കമ്മറ്റിയുടെ ഭാഗമായില്ല. കാരണം ഇരുവരും മികച്ച സുഹൃത്തുക്കളാണ്. ലൈംഗിക വിവാദത്തെ തുടർന്നാണ് ടിം പെയ്നിന്റെ കരിയർ അവസാനിച്ചത്. ഡേവിഡ് വാർണറും ജോർജ് ബെയ്ലിയും എല്ലാം ഫോർമാറ്റുകളിലും ഓസ്ട്രേലിയയ്ക്കായി ഒന്നിച്ച് കളിച്ചിട്ടുണ്ട്. കരിയറിന് ശേഷം വേഗത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് തലപ്പത്ത് ബെയ്ലി എത്തി. മറ്റ് താരങ്ങളുമായുള്ള അടുപ്പമാണ് ബെയ്ലിയുടെ നേട്ടങ്ങൾക്ക് പിന്നിലെന്നും ജോൺസൺ സംശയം പ്രകടിപ്പിച്ചു.
വിവാദത്തിൽ ജോൺസണ് മറുപടിയുമായി ബെയ്ലി രംഗത്തെത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റിന് ആവശ്യമുള്ള താരങ്ങളെയാണ് ടീമിൽ എടുക്കുന്നത്. ഇതിന് പരിശീലക സംഘത്തിന്റെ പിന്തുണ ഉണ്ടെന്നും ബെയ്ലി വ്യക്തമാക്കി. അതിനിടെ വാർണറെയും സ്മിത്തിനെയും പിന്തുണച്ചുകൊണ്ട് ഉസ്മാൻ ഖ്വാജ രംഗത്തെത്തി. ഇരുവരും ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഹീറോസ് ആണെന്ന് ഖ്വാജ പറഞ്ഞു.