'ഫിനിഷിങ്ങിലെ മികവിന് കടപ്പെട്ടിരിക്കുന്നത് ധോണിയോട്'; തുറന്നുപറഞ്ഞ് റിങ്കു സിങ്

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് റിങ്കു സിങ്ങാണ് കിടിലന് ഫിനിഷിങ്ങിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

dot image

വിശാഖപട്ടണം: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് രണ്ട് വിക്കറ്റുകള്ക്കാണ് ഇന്ത്യ വിജയിച്ചത്. വ്യാഴാഴ്ച വിശാഖപട്ടണത്ത് നടന്ന മത്സരത്തില് കിടിലന് ഫിനിഷിങ്ങിലൂടെ റിങ്കു സിങ്ങാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 15 പന്തില് 15 റണ്സ് ആവശ്യമായിരിക്കെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള് പെട്ടെന്ന് നഷ്ടമായെങ്കിലും ഇന്ത്യയെ പരാജയത്തില് നിന്ന് രക്ഷിച്ചത് റിങ്കു സിങ്ങാണ്. ഇപ്പോള് മത്സരത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിങ്കു സിങ്. മികച്ച പ്രകടനം നടത്താന് പറ്റിയ സാഹചര്യമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റിങ്കു ദ ഫിനിഷര്; ഓസീസിനെതിരായ ആദ്യ ടി20യില് ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് വിജയം

'ഞങ്ങള്ക്ക് മത്സരത്തില് വിജയിക്കാന് സാധിച്ചത് വളരെ നല്ല കാര്യമാണ്. ഞാന് ബാറ്റ് ചെയ്യാനിറങ്ങുമ്പോള് അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. സൂര്യകുമാര് യാദവിന്റെ കൂടെ കളിക്കുന്നത് വളരെ നന്നായി തോന്നി. അത്തരം സ്കോറുകള് പിന്തുടരുമ്പോള് മുന്പ് ഞാന് എന്താണ് ചെയ്തിരുന്നതെന്ന് ഞാന് ചിന്തിച്ചിരുന്നു. കൂടാതെ കഴിയുന്നത്ര ശാന്തത പാലിക്കാനും മത്സരം അവസാന ഓവറുകളിലേക്ക് കൊണ്ടുപോകാനും ഞാന് ശ്രദ്ധിച്ചു', ബിസിസിഐയ്ക്ക് നല്കിയ അഭിമുഖത്തില് റിങ്കു പറഞ്ഞു.

തന്റെ ഫിനിഷിങ്ങ് മികവിന് രഹസ്യവും റിങ്കു വെളിപ്പെടുത്തി. ഫിനിഷിങ്ങിലെ പ്രകടനത്തിന് മുന് ഇന്ത്യന് നായകന് എംഎസ് ധോണിയോടാണ് താന് കടപ്പെട്ടിരിക്കുന്നതെന്നാണ് താരം പറയുന്നത്. തന്റെ ഫിനിഷിങ് മെച്ചപ്പെടാന് കാരണം ധോണിയാണെന്നും അദ്ദേഹം നല്കിയ ഉപദേശം താന് പിന്തുടരുന്നുണ്ടെന്നും റിങ്കു പറഞ്ഞു. 'അവസാന ഓവറുകളില് എന്ത് ചെയ്യണമെന്ന് മഹി ഭായിയുമായി ചര്ച്ച ചെയ്തിരുന്നു. ശാന്തനായിരിക്കുകയും സ്ട്രൈറ്റ് ആയി അടിക്കാന് നോക്കുകയുമാണ് പ്രധാനമായും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതാണ് പിന്തുടരുന്നത്. ശാന്തനായി ഇരിക്കാന് ഞാന് ശ്രമിച്ചു. പതിഞ്ഞ താളത്തോടെ എന്റെ ഷോട്ടുകള് അടിച്ചു', റിങ്കു പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് നാടകീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 209 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ബോള് ബാക്കിയിരിക്കെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു. 2 വിക്കറ്റിനായിരുന്നു ഇന്ത്യന് വിജയം. ക്യാപ്റ്റന് സൂര്യകുമാര് യാദവിന്റെയും (42 പന്തില് 80) ഇഷാന് കിഷന്റെയും (39 പന്തില് 58) തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 14 പന്തില് 22 റണ്സെടുത്ത് പുറത്താവാതെ നിന്ന റിങ്കു സിംങ് വിജയം പൂര്ത്തിയാക്കി. ഇതോടെ പരമ്പരയില് ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഞായറാഴ്ച കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം.

dot image
To advertise here,contact us
dot image