
കൊൽക്കത്ത: വിരാട് കോഹ്ലി ഇന്ത്യൻ നായക സ്ഥാനം ഒഴിഞ്ഞ ശേഷം ക്യാപ്റ്റൻ പദവി ഏറ്റെടുക്കാൻ രോഹിത് ശർമ്മ തയ്യാറായില്ലെന്ന് ഇന്ത്യൻ മുൻ താരം സൗരവ് ഗാംഗുലി. രവി ശാസ്ത്രിക്ക് പകരക്കാരനായി ഇന്ത്യൻ പരിശീലകനാകാൻ രാഹുൽ ദ്രാവിഡിനും താൽപ്പര്യമുണ്ടായിരുന്നില്ലെന്ന് ബിസിസിഐ മുൻ അദ്ധ്യക്ഷൻ കൂടിയായിരുന്ന സൗരവ് ഗാംഗുലി വെളിപ്പെടുത്തി.
ഇന്ത്യന് ടീമിന്റെ കഠിനമായ മത്സരക്രമവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകനാണെന്നതുമായിരുന്നു രോഹിതിന്റെ എതിർപ്പിന് കാരണം. എന്നാൽ രോഹിതിന് നിർബന്ധപൂർവ്വം ഇന്ത്യൻ നായകസ്ഥാനം നൽകുകയായിരുന്നു. ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് ഗാംഗുലി രോഹിതിനെ അറിയിച്ചു. അതിനു ശേഷമാണ് രോഹിത് ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായതെന്ന് ഗാംഗുലി വ്യക്തമാക്കി.
അതുപോലെ ഇന്ത്യന് പരിശീലകനാവാന് രാഹുല് ദ്രാവിഡും ആദ്യം വിസമ്മതിച്ചിരുന്നതായി ഗാംഗുലി വെളിപ്പെടുത്തി. കുടുംബത്തിന് പ്രഥമ പരിഗണന നൽകാനാണ് ദ്രാവിഡ് ആഗ്രഹിച്ചത്. എന്നാല് ഇന്ത്യന് ക്രിക്കറ്റിന്റെ നല്ല ഭാവിക്കായി ദ്രാവിഡിനൊക്കൊണ്ട് ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുപ്പിക്കാൻ കഴിഞ്ഞതായും ഗാംഗുലി വ്യക്തമാക്കി. ഏതൊരു പരിശീലകനോ നായകനോ മൂന്ന്, നാല് മാസം കൊണ്ട് അത്ഭുതങ്ങള് കാട്ടാൻ കഴിയില്ല. ദ്രാവിഡിന്റെയും രോഹിതിന്റെയും മികവ് ഇപ്പോൾ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ പ്രകടനമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.