ക്രിക്കറ്റ് ഒളിംപിക്സിലെത്താൻ കാരണം വിരാട് കോഹ്ലിയും; പറയുന്നത് ലോസ് ആഞ്ചൽസ്ഒളിംപിക്സ് ഡയറക്ടർ

കോഹ്ലിഫൈഡ് എന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിനോട് പ്രതികരിച്ചത്

dot image

മുംബൈ: കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിംപിക്സ് കായികമാങ്കത്തിന്റെ ഭാഗമായിരിക്കുകയാണ്. മുംബൈയിൽ ചേർന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയിലാണ് ട്വന്റി 20 ക്രിക്കറ്റിന് ഒളിംപിക്സിലേക്ക് മെമ്പർഷിപ്പ് നൽകിയിരിക്കുന്നത്. 2028ൽ ലോസ് ആഞ്ചൽസ് ഒളിംപിക്സിൽ ക്രിക്കറ്റും ഒളിംപിക്സിന്റെ ഭാഗമാകും. ക്രിക്കറ്റിന്റെ ചരിത്ര നേട്ടത്തിന് പിന്നില് ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ നിർണായക സാന്നിധ്യമുണ്ട്. ലോസ് ആഞ്ചൽസ് ഒളിംപിക്സ് കമ്മറ്റിയുടെ സ്പോർട്സ് ഡയക്ടർ നിക്കോളോ കാമ്പ്രിയാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

"എന്റെ സുഹൃത്ത് വിരാട് കോഹ്ലി ഇവിടെയുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് കോഹ്ലി. 340 മില്യൺ ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കോഹ്ലിയെ പിന്തുടരുന്നത്. എൻബിഎ ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജെയിംസും അമേരിക്കൻ ഫുട്ബോൾ ഐക്കൺ ടോം ബ്രാഡിയും അമേരിക്കൻ ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സും ചേർന്നാലും സമൂഹമാധ്യമങ്ങളിലെ കോഹ്ലിയുടെ ആരാധകർക്കൊപ്പമെത്തില്ല. ലോസ് ആഞ്ചൽസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് കോഹ്ലിയുടെ സാന്നിധ്യം വലുതാണ്. ക്രിക്കറ്റ് പാരമ്പര്യമില്ലാത്ത രാജ്യങ്ങളിലേക്ക് ആ വിനോദത്തിന് പ്രചാരം ലഭിക്കാനും തീരുമാനം സഹായകമാകും" ലോസ് ആഞ്ചൽസ് ഒളിംപിക്സ് ഡയറക്ടർ വ്യക്തമാക്കി.

ഒളിംപിക്സ് വേദിയിൽ ഇന്ത്യൻ ഇതിഹാസത്തിന്റെ പേര് ഉയർന്ന് കേട്ടതിൽ അതിശയമില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. കോഹ്ലിഫൈഡ് എന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇതിനോട് പ്രതികരിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 25,000ത്തിലധികം റൺസ് നേടിയ കോഹ്ലി ഇന്ത്യൻ മുൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനൊപ്പമാണ് വിലയിരുത്തപ്പെടുന്നത്.

dot image
To advertise here,contact us
dot image