ഒളിംപിക്സിൽ ക്രിക്കറ്റ് പിച്ചൊരുങ്ങുന്നു; അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ അംഗീകാരം

നാളെ തുടങ്ങുന്ന ഐഒസി കമ്മറ്റിയിൽ നിർണായക വോട്ടെടുപ്പ് നടക്കും

dot image

ലൊസെയ്ൻ: ഒളിംപിക്സ് കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ ക്രിക്കറ്റും ഒരുങ്ങുന്നു. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്സ് മുതലാണ് ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുക. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. ക്രിക്കറ്റിന്റെ നവീന രൂപമായ ട്വന്റി 20 ക്രിക്കറ്റാണ് ഒളിംപിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുമെന്ന് ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് ഉറപ്പിച്ചു പറഞ്ഞിരുന്നു.

ക്രിക്കറ്റ് ഉൾപ്പെടെ അഞ്ച് വിനോദങ്ങളാണ് ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ഇടം നേടിയിരിക്കുന്നത്. അമേരിക്കൻ ക്രിക്കറ്റ് എന്നറിയപ്പെടുന്ന ബാസ്ബോൾ ഒളിംപിക്സിൽ പുതുതായി ഉൾപ്പെട്ടു. ഫ്ലാഗ് ഫുട്ബോൾ, ലക്രോസ് (സിക്സസ്) എന്നിവയും ഒളിംപിക്സ് വേദിയിൽ മത്സര ഇനമായി ഉൾപ്പെട്ടിട്ടുണ്ട്. സ്ക്വാഷാണ് ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ഉൾപ്പെടുന്ന മറ്റൊരു കായിക ഇനം.

നിലവിൽ മുംബൈയിൽ ചേർന്ന ഐഒസി എക്സിക്യൂട്ടീവ് കമ്മറ്റിയാണ് പുതിയ കായിക ഇനങ്ങളെ ഒളിംപിക്സിൽ ഉൾപ്പെടുത്തിയത്. നാളെ മുംബൈയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയിൽ വോട്ടെടുപ്പിന് ശേഷമാണ് പുതിയ കായിക ഇനങ്ങൾ ഒളിംപിക്സിൽ ഔദ്യോഗികമായി ഉൾപ്പെടുക. ഐഒസിയുടെ 141-ാമത് സെഷനാണ് നാളെ തുടക്കമാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി സെഷൻ ഉദ്ഘാടനം ചെയ്യും.

dot image
To advertise here,contact us
dot image