ഹിറ്റ്മാന് അറ്റ് 10,000; സച്ചിനെ പിന്നിലാക്കി രോഹിത്തിന്റെ ചരിത്രനേട്ടം

ഏകദിനത്തില് 10,000 റണ്സ് പിന്നിടുന്ന 15-ാമത്തെ താരവും ആറാമത്തെ ഇന്ത്യന് ബാറ്ററുമാണ് രോഹിത്

dot image

കൊളംബോ: ഏകദിന ക്രിക്കറ്റില് പതിനായിരം റണ്സ് തികച്ച് ഇന്ത്യന് നായകന് രോഹിത് ശര്മ്മ. ഏഷ്യാ കപ്പില് ശ്രീലങ്കക്കെതിരായ സൂപ്പര് ഫോര് മത്സരത്തില് കസുന് രജിതയെ സിക്സര് പായിച്ചാണ് ഹിറ്റ്മാന് എലൈറ്റ് ക്ലബ്ബിലേക്ക് കാലെടുത്തുവെച്ചത്. ഏകദിനത്തില് 10,000 റണ്സ് പിന്നിടുന്ന 15-ാമത്തെ താരവും ആറാമത്തെ ഇന്ത്യന് ബാറ്ററുമാണ് രോഹിത്. ഇതോടെ ഏഷ്യ കപ്പിന്റെ ചരിത്രത്തില് ഏറ്റവും കൂടുതല് സിക്സടിച്ച ബാറ്ററെന്ന ബഹുമതിയും രോഹിത്തിനെ തേടിയെത്തി.

ഏകദിനത്തില് അതിവേഗം 10,000 റണ്സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത് ശര്മ്മ. ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറെ മറികടന്നാണ് രോഹിത് രണ്ടാമതെത്തിയത്. 241-ാം ഇന്നിങ്സിലാണ് രോഹിത് നേട്ടത്തിലെത്തിയത്. എന്നാല് 259 ഇന്നിങ്സില് നിന്നാണ് സച്ചിന് 10,000 റണ്സ് സ്വന്തമാക്കിയത്. 205 ഇന്നിങ്സില് നിന്ന് 10,000 റണ്സ് നേടിയ വിരാട് കോഹ്ലിയാണ് ഈ റെക്കോര്ഡില് ഒന്നാം സ്ഥാനത്ത്.

ശ്രീലങ്കക്കെതിരായ മത്സരം ആരംഭിക്കുമ്പോള് 10,000 റണ്സിലേക്കെത്താന് 22 റണ്സായിരുന്നു രോഹിത് ശര്മ്മയ്ക്ക് വേണ്ടിയിരുന്നത്. മത്സരത്തില് 48 പന്തില് നിന്ന് 53 റണ്സ് നേടിയാണ് ഓപ്പണറായി ഇറങ്ങിയ രോഹിത് പുറത്തായത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

dot image
To advertise here,contact us
dot image