
കൊളംബോ: ഏഷ്യാ കപ്പില് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന് വിജയം. 41 റണ്സിനാണ് ഇന്ത്യ സിംഹളപ്പടയെ തകര്ത്തെറിഞ്ഞത്. ഇന്ത്യ മുന്നോട്ടുവെച്ച 214 റണ്സെന്ന താരതമ്യേനെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 41.3 ഓവറില് 172 റണ്സിന് പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്ദീപ് യാദവാണ് ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചത്. തകർപ്പന് വിജയത്തോടെ ഏഷ്യാ കപ്പ് ഫൈനലിലേക്ക് ഹിറ്റ്മാനും സംഘവും നടന്നടുത്തു.
ഇന്ത്യയെ കുഞ്ഞന് സ്കോറിന് ഒതുക്കിയ ആത്മവിശ്വാസത്തില് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് പക്ഷേ മോശം തുടക്കമാണ് ലഭിച്ചത്. ലങ്കന് മുന്നിരയെ തകര്ച്ചയിലേക്ക് തള്ളിവിട്ട് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്ന്ന് പ്രതിരോധത്തിലാക്കുകയായിരുന്നു. ഏഴു പന്തില് ആറ് റണ്സ് നേടിയ പതും നിസംഗ, 18 പന്തില് രണ്ട് റണ്സ് നേടിയ ദിമുത് കരുണരന്തെ, 16 പന്തില് 15 റണ്സ് നേടിയ കുശാല് മെന്ഡിസ് എന്നിവര് മടങ്ങിയതോടെ ലങ്ക പതറിത്തുടങ്ങി. സധീര സമരവിക്രമയും ചരിത് അസലങ്കയും ചേര്ന്നു സ്കോര് ബോര്ഡ് ഉയര്ത്താന് ശ്രമിച്ചെങ്കിലും ഇന്ത്യന് ബൗളിങ്ങിന് മുന്നില് മുട്ടുമടക്കി. സ്കോര് 68 ല് നില്ക്കെ സമരവിക്രമയെ വിക്കറ്റ് കീപ്പര് കെ എല് രാഹുല് സ്റ്റംപ് ചെയ്തു പുറത്താക്കി. 31 പന്തില് 17 റണ്സെടുത്ത സമരവിക്രമയുടെ വിക്കറ്റ് കുല്ദീപ് യാദവിനായിരുന്നു. പിന്നാലെ അസലങ്കയെയും (35 പന്തില് 22) കുല്ദീപ് യാദവ് പുറത്താക്കി.
13 പന്തില് ഒമ്പത് റണ്സെടുത്ത ലങ്കന് ക്യാപ്റ്റന് ദസുന് ശനാകയെ രവീന്ദ്ര ജഡേജ രോഹിത് ശര്മ്മയുടെ കൈകളിലെത്തിച്ചു മടക്കി. 25.2 ഓവറിലാണ് ശ്രീലങ്കയ്ക്ക് 100 കടക്കാന് സാധിച്ചത്. പിന്നീട് ക്രീസിലൊരുമിച്ച ധനഞ്ജയ ഡിസില്വ-ദുനിത് വെല്ലാലഗെ സഖ്യം ലങ്കന് സ്കോര് 150 ലെത്തിച്ചു. ഏഴാം വിക്കറ്റില് 63 റണ്സ് കൂട്ടിച്ചേര്ത്ത കൂട്ടുകെട്ട് തകര്ത്തത് രവീന്ദ്ര ജഡേജയായിരുന്നു. 66 പന്തില് 41 റണ്സെടുത്ത ധനഞ്ജയയെ ജഡേജയുടെ പന്തില് ശുഭ്മന് ഗില്ലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. മഹീഷ് തീക്ഷണയെ (2) ഹാര്ദിക് പുറത്താക്കിയപ്പോള് കസുന് രജിത (1), മതീഷ പതിരാന (0) എന്നിവരെ വീഴ്ത്തിയ കുല്ദീപ് 4 വിക്കറ്റ് നേട്ടവുമായി ഇന്ത്യക്ക് ജയം സമ്മാനിച്ചു. വെല്ലാലഗെ 41 റണ്സുമായി പുറത്താവാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര് രണ്ടു വിക്കറ്റു വീതവും, മുഹമ്മദ് സിറാജും ഹാര്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. രോഹിത് ശര്മ്മയും ശുഭ്മന് ഗില്ലും ചേര്ന്ന ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 11 ഓവറില് വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്സെന്ന മികച്ച നിലയില് നിന്നാണ് ഇന്ത്യ തകര്ന്നുതുടങ്ങിയത്. 12ാം ഓവറില് ഗില്ലിനെ മടക്കി വെല്ലാലഗെയാണ് ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്കിയത്. 25 പന്തില് നിന്ന് 19 റണ്സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ഗില്ലിന് പിന്നാലെ ഇറങ്ങിയ വിരാട് കോഹ്ലി മൂന്ന് റണ്സെടുത്ത് കൂടാരം കയറി. തൊട്ടുപിന്നാലെ രോഹിത് ശര്മ്മയെയും വെല്ലാലഗെ മടക്കി.
രോഹിത് ബൗള്ഡായതോടെ ഇന്ത്യ സമ്മര്ദത്തിലേക്ക് വീണു ഇന്ത്യ പതറിത്തുടങ്ങി. പിന്നീട് ക്രീസിലൊരുമിച്ച കെ എല് രാഹുലും ഇഷാന് കിഷനും ചേര്ന്ന് ഇന്ത്യന് ഇന്നിങ്സ് ഉയര്ത്തുമെന്ന പ്രതീക്ഷ നല്കി. നാലാം വിക്കറ്റില് 63 റണ്സാണ് ഇരുവരും കൂട്ടിച്ചേര്ത്തത്. 44 പന്തില് നിന്ന് 39 റണ്സെടുത്ത് നില്ക്കുന്ന രാഹുലിനെ പുറത്താക്കി വെല്ലാലഗെ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ തന്നെ ഇഷാന് കിഷനും മടങ്ങി. 33 റണ്സെടുത്ത ഇഷാന് അസലങ്കയ്ക്ക് വിക്കറ്റ് നല്കിയാണ് കളം വിട്ടത്. ഹാര്ദിക് പാണ്ഡ്യക്കും വെല്ലാലഗെക്ക് മുന്നില് പിടിച്ചുനില്ക്കാനായില്ല. അഞ്ച് റണ്സെടുത്ത് നില്ക്കുന്ന ഹാര്ദിക്കിനെ തന്റെ സ്പെല്ലിലെ അവസാന പന്തില് പുറത്താക്കിയാണ് വെല്ലാലഗെ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചത്. പിന്നാലെയെത്തിയ. രവീന്ദ്ര ജഡേജ (4), ജസ്പ്രിത് ബുമ്ര (5), കുല്ദീപ്(0) എന്നിവര് നിരാശപ്പെടുത്തി. മുഹമ്മദ് സിറാജിനെ (പുറത്താവാതെ 4) കൂട്ടുപിടിച്ച് അക്സര് പട്ടേല് (26) നടത്തിയ പോരാട്ടമാണ് ഇന്ത്യന് സ്കോര് 200 കടത്തിയത്.