
ലണ്ടന്: വിരമിക്കല് തീരുമാനം പിന്വലിച്ച് ഇംഗ്ലീഷ് സൂപ്പര് താരം ബെന് സ്റ്റോക്സ് ഏകദിന ക്രിക്കറ്റില് തിരിച്ചെത്തുന്നു. ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലാണ് താരം തിരിച്ചെത്തുന്നത്. ജോസ് ബട്ലര് നയിക്കുന്ന ഏകദിന ടീമില് സ്പെഷ്യലിസ്റ്റ് ബാറ്ററായിട്ടാണ് താരം കളിക്കുക. ബട്ലര് തന്നെയാണ് ട്വന്റി 20 ടീമിനെയും നയിക്കുന്നത്.
ഇംഗ്ലീഷ് ടീം ചീഫ് സെലക്ടര് ലൂക്ക് റൈറ്റാണ് ബുധനാഴ്ച പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചത്. 15 അംഗ ഏകദിന ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജോ റൂട്ട് ഏകദിന ടീമില് ഇടം നേടിയിട്ടുണ്ട്. പേസര് ഗസ് അറ്റ്കിന്സണ് ആണ് ഏകദിന സ്ക്വാഡിലെ പുതുമുഖം. ഈ സംഘം തന്നെയായിരിക്കും ഇന്ത്യയില് നടക്കുന്ന ഏകദിന ലോകകപ്പില് പങ്കെടുക്കുകയെന്നും റൈറ്റ് കൂട്ടിച്ചേര്ത്തു. ഇതോടെ ഇത്തവണത്തെ ഏകദിന ലോകകപ്പ് കളിക്കാന് സ്റ്റോക്സ് ഇന്ത്യയിലേക്കെത്തുമെന്ന് ഉറപ്പായി.
World Cup?
— England Cricket (@englandcricket) August 16, 2023
LOL. pic.twitter.com/8B6wzU3Dsy
2019ലെ ലോകകപ്പ് ഇംഗ്ലണ്ടിന് നേടിക്കൊടുത്തതില് പ്രധാന പങ്ക് വഹിച്ച താരമാണ് സ്റ്റോക്സ്. ലോകകപ്പ് ഫൈനലില് ഇംഗ്ലണ്ടിന്റെ ടോപ് സ്കോററും അദ്ദേഹമായിരുന്നു. 2022ലാണ് ബെന് സ്റ്റോക്സ് ഏകദിന, ട്വന്റി 20 ക്രിക്കറ്റില് നിന്ന് തന്റെ വിരമിക്കല് തീരുമാനം പ്രഖ്യാപിക്കുന്നത്. തുടര്ന്ന് ടെസ്റ്റ് ടീം നായകനായിരുന്നു.