
മുംബൈ: ഇന്ത്യയുടെ അയര്ലന്ഡ് പര്യടനത്തിനായി മുഖ്യ പരിശീലകന് രാഹുല് ദ്രാവിഡ് ടീമിനൊപ്പമുണ്ടാകില്ല. പുതിയ പരിശീലകന് കീഴിലായിരിക്കും ടീം ഇന്ത്യ അയര്ലന്ഡിലേക്ക് പോവുക. മുന് സൗരാഷ്ട്ര നായകനും ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് പരിശീലകനുമായ സീതാന്ഷു കോടാകിനെയാണ് അയര്ലന്ഡ് പര്യടനത്തിനുള്ള ഇന്ത്യന് കോച്ചായി തിരഞ്ഞെടുത്തത്. ഇന്ത്യ എ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തില് സീതാന്ഷു പരിശീലക വേഷത്തില് എത്തിയിരുന്നു. സീതാന്ഷു കൊടാക്കിനൊപ്പം സായ്രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനാവും.
ഏഷ്യന് കപ്പും ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തില് ഹെഡ് കോച്ച് രാഹുല് ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവര്ക്ക് വിശ്രമം അനുവദിച്ചതാണ് പുതിയ പരിശീലകനെ കണ്ടെത്താന് ടീമിനെ നിര്ബന്ധിച്ചത്. ദ്രാവിഡിന് പകരക്കാരനായി എത്തേണ്ട ദേശീയ ക്രിക്കറ്റ് അക്കാദമി തലവന് വിവിഎസ് ലക്ഷ്മണും ടീമിനൊപ്പം ചേരില്ല. ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന് ടീം ദേശീയ ക്രിക്കറ്റ് അക്കാദമിയില് മൂന്ന് ആഴ്ചത്തെ പരിശീലന ക്യാമ്പില് പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ചുമതല ലക്ഷ്മണാണ്. അതുകൊണ്ടാണ് അദ്ദേഹം അയര്ലന്ഡ് പര്യടനത്തില് പരിശീലകനായി എത്താത്തതെന്നാണ് റിപ്പോര്ട്ട്.
ഓഗസ്റ്റ് 18നാണ് അയര്ലന്ഡ് പര്യടനം ആരംഭിക്കുന്നത്. കഴിഞ്ഞ വര്ഷം സെപ്തംബര് മുതല് നടുവേദനയെത്തുടര്ന്ന് വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് പരമ്പരയിലെ ഹൈലൈറ്റ്. ക്യാപ്റ്റന്സിയുടെ അധിക ഉത്തരവാദിത്തത്തോടെയുള്ള താരത്തിന്റെ തിരിച്ചുവരവിന് വലിയ പ്രാധാന്യമാണുള്ളത്. സീനിയര് താരങ്ങളുടെ അഭാവത്തില് യുവ ടീമിനെ നയിക്കുന്നത് ബുംറയ്ക്ക് നിര്ണായകമാകും. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.