ഇഷാന്റെ റൺവേട്ട ഋഷഭ് പന്തിന്റെ ബാറ്റുമായി; ആഘോഷമാക്കി ആരാധകർ

മത്സരത്തിൽ 34 പന്തില് നിന്ന് നാല് ഫോറും 2 സിക്സും ഉള്പ്പെടെ 52 റണ്സാണ് ഇഷാൻ നേടിയത്

dot image

പോര്ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്ഡീസിനെതിരായ രണ്ടാം ടെസ്റ്റില് തകര്പ്പന് പ്രകടനമാണ് ഇന്ത്യന് വിക്കറ്റ് കീപ്പര് ഇഷാന് കിഷന് കാഴ്ച വെച്ചത്. നാലാം ദിനം 365 എന്ന കൂറ്റൻ വിജയലക്ഷ്യമായിരുന്നു ഇന്ത്യ വിൻഡീസിന് മുന്നിൽ വെച്ചത്. മത്സരത്തിൽ 34 പന്തില് നിന്ന് നാല് ഫോറും 2 സിക്സും ഉള്പ്പെടെ 52 റണ്സാണ് ഇഷാൻ നേടിയത്. 152ന് മുകളിലായിരുന്നു ഇഷാന്റെ സ്ട്രൈക്ക് റേറ്റ്. വെറും 33 പന്തില് അര്ധ സെഞ്ച്വറി പൂര്ത്തിയാക്കിയ ഇഷാനെ ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ പകരക്കാരനാണെന്ന് പറഞ്ഞാണ് ആരാധകര് വാഴ്ത്തുന്നത്.

ഇന്ത്യന് താരം ഋഷഭ് പന്തിന്റെ ബാറ്റ് ഉപയോഗിച്ചാണ് വെസ്റ്റ് ഇന്ഡീസിനെതിരെ റണ്വേട്ട നടത്തിയത് എന്നാണ് ഇപ്പോള് വരുന്ന റിപ്പോര്ട്ടുകള്. RP17 എന്നെഴുതിയ ബാറ്റാണ് ഇഷാന് ഉപയോഗിച്ചത്. കാറപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന പന്തിന്റെ ജഴ്സി നമ്പറാണ് 17. പന്തിന്റെ ബാറ്റുമായി ഇഷാൻ ബാറ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഋഷഭ് പന്തിന്റെ പോലെ ഒറ്റ കൈയിൽ സിക്സർ പറത്തിയാണ് ഇഷാൻ തന്റെ കന്നി ഫിഫ്റ്റിയിലെത്തിയതും.

മത്സരത്തിന് ശേഷം ഋഷഭ് പന്തിന് നന്ദി പറഞ്ഞ് ഇഷാൻ രംഗത്തെത്തിയിരുന്നു.'വെസ്റ്റ് ഇന്ഡീസിലേക്ക് വരുന്നതിന് മുന്പ് ഋഷഭ് പന്തിനൊപ്പം ഞാന് നാഷണല് ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. അണ്ടര് 19 കളിക്കുന്നത് മുതല് ഞങ്ങള് തമ്മില് പരിചയമുണ്ട്. ഞാന് എങ്ങനെയാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. അക്കാദമിയില് വെച്ച് ഞാന് ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് ഞങ്ങള് സംസാരിച്ചു. അദ്ദേഹവുമായി വളരെ ഉപകാരപ്രദമായ സമയമാണ് അവിടെ എനിക്ക് ലഭിച്ചത്. അദ്ദേഹത്തിനോട് വളരെ നന്ദിയുണ്ട് ', എന്നാണ് ഇഷാന് പറഞ്ഞത്.

പരിക്കിനെ തുടര്ന്ന് ഋഷഭ് പന്ത് ടീമില് നിന്ന് പുറത്തായതിനെ തുടര്ന്നാണ് ഇഷാൻ ടീമിലെത്തിയത്. വെസ്റ്റ് ഇന്ഡീസിനെതിരായ ഒന്നാം ടെസ്റ്റിലൂടെയാണ് ഇഷാന് ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ടെസ്റ്റില് ബാറ്റു ചെയ്യാന് അധികം അവസരം ഇഷാന് ലഭിച്ചില്ല. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില് മികച്ച പ്രകടനം കാഴ്ചവെക്കാനും ഇഷാന് കഴിഞ്ഞില്ല. എന്നാല് രണ്ടാം ഇന്നിംഗ്സില് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ഇഷാന് മറുപടി നൽകിയത്.

നാലാം ദിനം 365 എന്ന എത്തിപ്പിടിക്കാൻ പ്രയാസമുള്ള ലക്ഷ്യമാണ് ഇന്ത്യ വിൻഡീസിന് മുന്നിൽ വെച്ചത്. സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ 2 വിക്കറ്റിന് 76 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയതും സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്. വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ 8 വിക്കറ്റ് ബാക്കി നിൽക്കെ 289 റൺസ് കൂടി വേണം. 32 ഓവറിൽ 76 റൺസെടുത്ത വെസ്റ്റ് ഇൻഡീസ് വിജയത്തിന് ശ്രമിക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മഴകൂടി തുണച്ചാൽ ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമാകും.

നാലാം ദിനം ഒന്നാം ഇന്നിംഗ്സിൽ 5 ന് 229 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിൻഡീസ് 255 ന് പുറത്തായി. രാവിലെ 26 റൺസ് മാത്രമാണ് വിൻഡീസിന് കൂട്ടിച്ചേർക്കാനായത്. കരിയറിൽ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജാണ് വിൻഡീസിനെ തകർത്തത്. 183 റൺസ് ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങി. റൺസ് ഉയർത്താൻ ട്വൻ്റി20 ശൈലിയിലായിരുന്നു ഇന്ത്യൻ ബാറ്റിങ്. രോഹിത് ശർമ്മയ്ക്ക് 57 റൺസെടുക്കാൻ വേണ്ടി വന്നത് വെറും 44 പന്തുകൾ മാത്രം. രോഹിതിന്റെ ഇന്നിംഗ്സിൽ അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നു. യശസി ജയ്സ്വാൾ 30 പന്തിൽ 38 റൺസെടുത്തു. ശുബ്മാൻ ഗിൽ 37 പന്തിൽ 29 റൺസ് നേടി. സ്ഥാനക്കയറ്റം ലഭിച്ച ഇഷാൻ കിഷാനും തകർത്തടിച്ചു. 34 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 52 റൺസ് കിഷൻ നേടി. 2 ന് 181 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

dot image
To advertise here,contact us
dot image