

ഹെഡിംഗ്ലെ: ആഷസ് മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില് ഇംഗ്ലണ്ടിനെതിരെ ഓസീസിന് 26 റണ്സ് ലീഡ്. 52.3 ഓവറില് 237 റണ്സെടുത്താണ് ഇംഗ്ലണ്ട് പുറത്തായത്. ഒന്നാം ഇന്നിംഗ്സില് മിച്ചല് മാര്ഷിന്റെ തകര്പ്പന് സെഞ്ച്വറിയുടെ ബലത്തില് ഓസീസ് 263 റണ്സ് നേടിയിരുന്നു. ആറ് വിക്കറ്റ് നേടി ഓസീസ് ക്യാപ്റ്റന് പാറ്റ് കമ്മിന്സാണ് ഇംഗ്ലീഷ് പടയുടെ നടുവൊടിച്ചത്.
മറുവശത്ത് 80 റണ്സ് നേടി പൊരുതി നിന്ന ക്യാപ്റ്റന് ബെന് സ്റ്റോക്സ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 108 പന്തില് ആറ് ഫോറും അഞ്ച് സിക്സുമടങ്ങുന്നതാണ് സ്റ്റോക്സിന്റെ ഇന്നിംഗ്സ്. ഓപ്പണര് ക്രൗണ് സാലി 33 റണ്സെടുത്ത് മടങ്ങി. രണ്ട് റണ്സെടുത്ത ബെന് ഡക്കെറ്റും മൂന്ന് റണ്സെടുത്ത് ഹാരി ബ്രൂക്കും പുറത്തായി. ജോ റൂട്ട് (19), ജോണി ബെയ്ര്സ്റ്റോ (12), മൊയീന് അലി (21), ക്രിസ് വോക്സ് (10), സ്റ്റുവര്ട്ട് ബ്രോഡ് (7) എന്നിവരും നിരാശപ്പെടുത്തി.
199 റണ്സിന് ഒന്പത് വിക്കറ്റുകള് എന്ന നിലയിലെത്തിയ ഘട്ടത്തില് ഒലീ റോബിന്സണെ ഒരറ്റത്ത് നിര്ത്തി ബെന് സ്റ്റോക്സ് നടത്തിയ ഒറ്റയാള് പോരാട്ടമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ടോഡ് മര്ഫിയുടെ പന്തുകളില് സിക്സുകള് പറത്തിയാണ് സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ലീഡ് ഭാരം കുറച്ചത്. 80 റണ്സെടുത്ത സ്റ്റോക്സിനെ ടോഡ് മര്ഫിയാണ് കൂടാരം കയറ്റിയത്. കമ്മിന്സിന് പുറമേ മിച്ചല് സ്റ്റാര്ക്ക് രണ്ട് വിക്കറ്റും മിച്ചല് മാര്ഷും ടോഡ് മര്ഫിയും ഒരോ വിക്കറ്റ് വീതവും നേടി.