
തിരുവനന്തപുരം: കേരളത്തിൽ ബെൻസ് വിപണി വളരുന്നതായി ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സന്തോഷ് അയ്യർ. ഇന്ത്യയിൽ ബെൻസ് എത്തിയിട്ട് 30 വർഷമായി. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിൽ അഞ്ചുശതമാനമെത്തുന്നത് കേരളത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റ 17800 മെഴ്സിഡസ് ബെൻസ് കാറുകളിൽ 900 എണ്ണവും കേരളത്തിലാണ്.
കഴിഞ്ഞ വർഷം രാജ്യത്താകെ 10% വളർച്ച മെഴ്സിഡസ് ബെൻസ് നേടിയപ്പോൾ കേരളത്തില് അത് 18% ആയിരുന്നു. രാജ്യത്താകെ 4% വിൽപന നടക്കുമ്പോൾ കേരളത്തിൽ 10 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ബെൻസിന്റെ കേരളത്തിലെ സാധ്യതകൾ സന്തോഷ് അയ്യർ വിശദീകരിച്ചത്.
മെഴ്സിഡസ് ബെൻസ്, ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളേജുമായി സഹകരിച്ചു നടത്തുന്ന ഒരു വർഷത്തെ മെക്കാട്രോണിക്സ് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സിന്റെ പത്താം വർഷ ആഘോഷങ്ങളിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയതായിരുന്നു സന്തോഷ് അയ്യർ.