'ദി ലാസ്റ്റ് ടൈം ഈസ് നൗ'; ഡബ്ല്യുഡബ്ല്യുഇയില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് ജോണ് സീന

ടൊറന്റോയില് നടന്ന മണി ഇന് ദി ബാങ്ക് പ്രീമിയം ലൈവ് ഇവന്റിനിടെയായിരുന്നു 47കാരനായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം

dot image

ടൊറന്റോ: വേള്ഡ് റെസ്ലിങ് എന്റര്ടെയിന്മെന്റ് (ഡബ്ല്യുഡബ്ല്യുഇ) ഇതിഹാസം ജോണ് സീന വിരമിക്കല് പ്രഖ്യാപിച്ചു. 2025ഓടെ റിങ്ങിനുള്ളിലെ പോരാട്ടം അവസാനിപ്പിക്കുമെന്നാണ് 16 തവണ ലോകചാമ്പ്യനായ ജോണ് സീന അറിയിച്ചത്. ടൊറന്റോയില് നടന്ന മണി ഇന് ദി ബാങ്ക് പ്രീമിയം ലൈവ് ഇവന്റിനിടെയായിരുന്നു 47കാരനായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

'ഇന്ന് രാത്രി ഞാന് ഡബ്ല്യുഡബ്ല്യുഇയില് നിന്ന് വിരമിക്കല് പ്രഖ്യാപിക്കുകയാണ്', ജോൺ സീന പറഞ്ഞു. റെസില്മാനിയ 41 ആയിരിക്കും ജോണ് സീനയുടെ അവസാന മത്സരമെന്നും 2025 ഡിസംബര് വരെ ഗുസ്തി നടത്താനാണ് താന് ലക്ഷ്യമിടുന്നതെന്നും സീന വ്യക്തമാക്കി. 'ദി ലാസ്റ്റ് ടൈം ഈസ് നൗ' എന്ന് എഴുതിയ ടീ ഷര്ട്ട് ധരിച്ചാണ് ഹോളിവുഡ് നടന് കൂടിയായ ജോണ് സീന എത്തിയത്.

2002ലാണ് ജോണ് സീന ഡബ്ല്യുഡബ്ല്യുഇയില് അരങ്ങേറ്റം കുറിക്കുന്നത്. 2005ല് ആദ്യമായാണ് ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യനാവുന്നത്. 13 തവണ ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്ഷിപ്പും രണ്ട് തവണ റോയല് റംബിളും നേടി. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി താരം ഡബ്ല്യുഡബ്ല്യുഇയില് സജീവമായിരുന്നില്ല. 2017ലാണ് അവസാനമായി റെസല്മാനിയ ജേതാവായത്.

dot image
To advertise here,contact us
dot image