
മഹാരാഷ്ട്രയില് എന്ഡിഎ സഖ്യത്തിന് അടിപതറുന്നു. ആകെയുള്ള 48 സീറ്റില് 29 സീറ്റില് ഇന്ഡ്യാ മുന്നണിക്ക് അനുകൂലമായ ട്രെന്ഡാണ്. എന്ഡിഎ സഖ്യം 18 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഉത്തര്പ്രദേശ് കഴിഞ്ഞാല് ഏറ്റവും കൂടുതല് സീറ്റ് ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ രണ്ട് സംസ്ഥാനങ്ങളിലുമുള്ള ഇന്ഡ്യാ മുന്നേറ്റം ദേശീയ തലത്തിലെ മൊത്തം ട്രെന്ഡില് നിര്ണ്ണായകമാവും.
ഇന്ഡ്യ മുന്നണിയിലെ മൂന്ന് പ്രധാന കക്ഷികള് സഖ്യത്തില് മത്സരിക്കുന്ന മഹാരാഷ്ട്രയില് മൂന്ന് സഖ്യകക്ഷികളെ എന്ഡിഎ സഖ്യത്തില് അണിനിരത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്ഡിഎയില് ബിജെപി 28 സീറ്റിലാണ് മത്സരിച്ചത്. ശിവസേന ഏക്നാഥ് ഷിന്ഡെ വിഭാഗം 15, എന്സിപി അജിത് പവാര് വിഭാഗം 4, രാഷ്ട്രീയ സമാജ് പക്ഷ 1 എന്നിങ്ങനെയാണ് എന്ഡിഎ കക്ഷികള്ക്കിടയിലെ സീറ്റ് വിഭജനം. യുപിഎ സഖ്യത്തില് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 21 സീറ്റില് മത്സരിച്ചപ്പോള് കോണ്ഗ്രസ് 17, എന്സിപി ശരദ്പവാര് വിഭാഗം 10 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിനിടയിലുള്ള 2019-2024 നും ഇടയിലുള്ള കാലഘട്ടം മഹാരാഷ്ട്രീയങ്ങള്ക്കായിരുന്നു മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. അതില് നിര്ണ്ണായകമായിരുന്നു ശിവസേനയുടെയും എന്സിപിയുടെയും പിളര്പ്പ്. താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിളര്ന്ന് ഏക്നാഥ് ഷിന്ഡെ പക്ഷം ബിജെപിക്കൊപ്പം ചേര്ന്ന് താക്കറെ സര്ക്കാരിനെ താഴെയിറക്കി. പിന്നാലെ ശരദ് പവാറിനും എന്സിപിക്കും കനത്ത തിരിച്ചടിയായി അജിത് പവാറും ബിജെപിക്കൊപ്പം ചേരുകയായിരുന്നു. ഈ മാറ്റങ്ങളൊന്നും താഴെക്കിടയിലുള്ള പ്രവര്ത്തകരുടെ വോട്ടിനെ ബിജെപിക്ക് അനുകൂലമാക്കി മാറ്റിയില്ലെന്ന് മാത്രമല്ല. ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാനായെന്നും വിലയിരുത്താം.
രാജ്യത്തെ തന്നെ ഏറ്റവും കൂടുതല് ഉള്ളി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഉള്ളിക്കയറ്റുമതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്ക്കാരിന്റെ നയസമീപനത്തിനെതിരെ ഉള്ളി കര്ഷകര് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്രസര്ക്കാര് ഉള്ളി കയറ്റുമതി നിരോധിച്ചത്. രാജ്യത്ത് ഉള്ളി വില കുതിക്കുന്നത് തടയാന് ഇത് സഹായമായെങ്കിലും ഉള്ളി കര്ഷകര് പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്ന്ന് തിരഞ്ഞെടുപ്പിനിടെ മെയ് നാലാം തീയതി കയറ്റുമതി നിരോധിച്ച നടപടി സര്ക്കാര് പിന്വലിച്ചു. മഹാരാഷ്ട്രയിലുണ്ടായേക്കാവുന്ന തിരിച്ചടി കണക്കിലെടുത്തായിരുന്നു ഈ രാഷ്ട്രീയ നീക്കം. പ്രധാനമായും പടിഞ്ഞാറന് മഹാരാഷ്ട്ര പോളിങ് ബൂത്തിലേക്ക് പോകുന്നതിന് തൊട്ടു മുമ്പായിരുന്നു ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാല് കര്ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ലെന്നാണ് ആദ്യഘട്ട ഫലസൂചകങ്ങളില് നിന്നും മനസ്സിലാവുന്നത്.
അവിഭക്ത ശിവസേന ബിജെപിക്കൊപ്പം എന്ഡിഎ മുന്നണിയായും അവിഭക്ത എന്സിപി കോണ്ഗ്രസിനൊപ്പം യുപിഎ മുന്നണിയായുമായിട്ടായിരുന്നു 2019ല് മത്സരിച്ചത്. ബിജെപി 25 സീറ്റില് മത്സരിച്ചപ്പോള് അവിഭക്ത ശിവസേന 23 സീറ്റിലായിരുന്നു മത്സരിച്ചത്. 23 സീറ്റുകളില് വിജയിച്ച ബിജെപി 27.84 ശതമാനം വോട്ടുകള് നേടിയിരുന്നു. അവിഭക്ത ശിവസേനയ്ക്ക് ലഭിച്ചത് 18 സീറ്റുകളും 23.5 ശതമാനം വോട്ടുമായിരുന്നു. 19 സീറ്റില് മത്സരിച്ച അവിഭക്ത എന്സിപി 4 സീറ്റുകളിലാണ് വിജയിച്ചത്. 15.66 ശതമാനം വോട്ടുകളാണ് എന്സിപി നേടിയത്. 25 സീറ്റില് മത്സരിച്ച കോണ്ഗ്രസിന് വിജയിക്കാന് സാധിച്ചത്് ഒരു സീറ്റില് മാത്രമാണ്. കോണ്ഗ്രസിന് 16.41 ശതമാനം വോട്ടാണ് നേടാനായത്. 47 സീറ്റില് മത്സരിച്ച പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് വികാസ് ആഘാഡിക്ക് സീറ്റുകളൊന്നും നേടാനായില്ലെങ്കിലും 6.92 ശതമാനം വോട്ട് നേടാന് സാധിച്ചിരുന്നു.
2014ലെ തിരഞ്ഞെടുപ്പില് ബിജെപി അവിഭക്ത ശിവസേന സഖ്യത്തിനായിരുന്നു മഹാരാഷ്ട്രയില് മേല്ക്കൈ. കോണ്ഗ്രസ് അവിഭക്ത എന്സിപി സഖ്യത്തിന് വലിയ തിരിച്ചടിയായിരുന്നു 2019ല് നേരിട്ടത്. 24 സീറ്റില് മത്സരിച്ച ബിജെപി 23 സീറ്റിലും വിജയം നേടിയിരുന്നു. 27.6 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. 20 സീറ്റില് മത്സരിച്ച ശിവസേന 18 സീറ്റില് വിജയിക്കുകയും 20.8 ശതമാനം വോട്ടുകള് നേടാനും സാധിച്ചിരുന്നു. 21 സീറ്റില് മത്സരിച്ച അവിഭക്ത എന്സിപി 4 സീറ്റില് വിജയിക്കുകയും 16.1 ശതമാനം വോട്ടുകള് നേടുകയും ചെയ്തിരുന്നു. 26 സീറ്റില് മത്സരിച്ച കോണ്ഗ്രസിന് വിജയിക്കാന് സാധിച്ചത് 2 സീറ്റുകളില് മാത്രമാണ്. കോണ്ഗ്രസ് 18.3 ശതമാനം വോട്ടുകളാണ് നേടിയത്.