വിനോദസഞ്ചാര മേഖല അപകടത്തിൽ? ഓവർ ടൂറിസം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല!

ലോകമൊന്നാകെ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ വർധന കൊണ്ട് വലഞ്ഞിരിക്കുകയാണ്. മുമ്പ് വിനോദസഞ്ചാരികളുടെ വരവിൽ അതിരറ്റ് സന്തോഷിച്ചിരുന്ന ഈ നഗരങ്ങളെല്ലാം ഇന്ന് മടുത്തിരിക്കുന്നു. എന്താണ് കാരണം? ഉത്തരം ഒന്നേയുള്ളു, ഓവർ ടൂറിസം!

വീണാ ചന്ദ്
4 min read|27 Sep 2023, 10:20 pm
dot image

ഒരു യൂറോപ്യൻ ടൂർ സ്വപ്നം കാണുകയാണോ നിങ്ങൾ? ഏതൻസോ വെനീസോ ബാഴ്സലോണയോ ഒക്കെ യാത്രാസ്വപ്നമായി നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ഈ രാജ്യങ്ങൾ മാത്രമല്ല ലോകമൊന്നാകെ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ വർധന കൊണ്ട് വലഞ്ഞിരിക്കുകയാണ്. മുമ്പ് വിനോദസഞ്ചാരികളുടെ വരവിൽ അതിരറ്റ് സന്തോഷിച്ചിരുന്ന ഈ നഗരങ്ങളെല്ലാം ഇന്ന് മടുത്തിരിക്കുന്നു. എന്താണ് കാരണം? ഉത്തരം ഒന്നേയുള്ളു, ഓവർ ടൂറിസം!

കൊവിഡ് കാലം വിനോദസഞ്ചാരമേഖലയ്ക്ക് ശനിദശയായിരുന്നു. എന്നാൽ, അതിനു ശേഷം മുമ്പെങ്ങുമില്ലാത്ത വിധമുള്ള വളർച്ചയാണ് ഉണ്ടായത്. എല്ലാവരും യാത്രികരായി, പുതിയ പുതിയ യാത്രാ സാധ്യതകൾ ഉണ്ടായി. പക്ഷേ, ഈ യാത്രകൾ രാജ്യങ്ങളെ മടുപ്പിച്ചിരിക്കുകയാണ്. ടൂറിസം മേഖല വളർന്നിട്ടുണ്ട്, എന്നാൽ അത് ഗുണത്തെക്കാളേറെ ദോഷമായിട്ടുമുണ്ട്. ഓവർ ടൂറിസം ഒരു വലിയ പ്രശ്നമായിരിക്കുകയാണ്. എന്നാണ് ഓവർ ടൂറിസം പ്രശ്നമായത്, എന്തുകൊണ്ടാണ് ഇതൊരു പ്രതിസന്ധിയാകുന്നത്?

എല്ലാം തുടങ്ങുന്നത് ഒരു ഇൻസ്റ്റഗ്രാം ഹാഷ് ടാഗിൽ നിന്നോ സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്നോ ആയിരിക്കും. മനോഹരമായ ഒരു കടൽത്തീരം, ഒരു പർവ്വതം, ശാന്തസുന്ദരമായ ഒരു ഗ്രാമം, അധികമാരും അറിയാത്ത മനോഹരമായ ഒരു നഗരം തുടങ്ങി എന്തിനെക്കുറിച്ചും ഒരാൾ പോസ്റ്റ് ചെയ്യുന്ന ചിത്രം സോഷ്യൽമീഡിയയിലൂടെ നിരവധി പേരിലേക്ക് എത്തുന്നു. യാത്രാസ്നേഹികൾ അതിനെ ഏറ്റെടുക്കുന്നു. പിന്നെ ബാക്ക്പാക്കും എടുത്ത് അധികം താമസിയാതെ അവിടേക്കൊരു പോക്കാണ്. അങ്ങനെ, അതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരുന്ന ഒരു സ്ഥലം മസ്റ്റ് വിസിറ്റ് ഡെസ്റ്റിനേഷനായി മാറുന്നു. അധികം വൈകാതെ അവിടേക്ക് ടൂറിസ്റ്റുകൾ ഒഴുകിയെത്തും. ജനത്തിരക്കാൽ അവിടം നിറയും. ഇതാണ് ഓവർ ടൂറിസം.

വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്ക് പ്രകാരം 2030 ഓടെ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം 1.8 ബില്യണാകും. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ മാത്രമാണ് വർധനയുണ്ടാകുയെന്ന് ഓർക്കുക. അവർ സഞ്ചരിക്കുന്ന ആ സ്ഥലങ്ങൾ പഴയതുപോലെ തന്നെയാണ്. അവിടം കൂടുതൽ വിസ്തൃതമാകുന്നില്ല, വിഭവശേഷി വർധിക്കുന്നില്ല, ഒരു മാജിക്കും സംഭവിക്കുന്നില്ല! കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിലേക്കുള്ള ചൂണ്ടുപലക മാത്രമാണത്. അതോടെ ചരിത്രപ്രാധാന്യമുള്ള ഹെറിറ്റേജ് സൈറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കും. ആളുകളുടെ അതിപ്രസരം സാംസ്കാരിക തകർച്ചകൾ ഉണ്ടാക്കിയേക്കാം. ടൂറിസ്റ്റുകൾക്ക് ചെല്ലുന്ന ഇടങ്ങളിൽ നിന്ന് മോശം അനുഭവങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ. ഭക്ഷണത്തിന് ഉയർന്ന വില. സമാധാനത്തിൽ ശ്വാസമെടുക്കാൻ പോലും ഒരിഞ്ച് സ്ഥലമില്ലാത്ത അവസ്ഥ. ഇതൊക്കെയായിരിക്കും അന്ന് നിങ്ങളെ കാത്തിരിക്കുന്ന അവധിയാത്രാ അനുഭവം.

ഓവർ ടൂറിസത്തിന് എന്താണ് കാരണം? നിരവധി കാരണങ്ങളുണ്ട്. എന്നാൽ, പ്രധാനമായും മൂന്നെണ്ണമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമത്തെ കാരണം ജനസംഖ്യാ വർധന തന്നെ. രണ്ടാമത്തെ കാരണം സമ്പന്നരുടെ എണ്ണം കൂടുന്നു എന്നതാണ്. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ളവർ വിനോദ യാത്രകൾക്കായി കൂടുതൽ താല്പര്യം കാണിക്കുന്നു എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. മൂന്നാമത്തേത് ടൂറിസം സ്പോട്ടുകളിലേക്ക് വളരെ എളുപ്പത്തിൽ പ്രവേശനാനുമതി ലഭിക്കുന്നു എന്നുള്ളതാണ്.

ഓവർ ടൂറിസം കൊണ്ട് വലഞ്ഞ പല പ്രശസ്ത നഗരങ്ങളും നിയന്ത്രണങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു. വെനീസ് തന്നെ മികച്ച ഉദാഹരണം. ഒരു വർഷം 30 ദശലക്ഷം ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്ക്. വെനീസിലെ ജനസംഖ്യ 3 ലക്ഷം പോലുമില്ലാത്ത സാഹചര്യത്തിൽ പുറത്തുനിന്നെത്തുന്ന 30 ദശലക്ഷം ആളുകൾ നഗരത്തിന് പ്രശ്നം തന്നെയാണ്. അടുത്ത വർഷം മുതൽ വിനോദസഞ്ചാരികൾക്ക് ഒരു വലിയ തുക എൻട്രി ഫീസായി എർപ്പെടുത്താനാണ് വെനീസിന്റെ തീരുമാനം. ഗ്രീസ് ആകട്ടെ ഓവർ ടൂറിസത്തെ നേരിടാൻ സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു ദിവസം 20,000 പേരെ മാത്രമേ ഇനി ഏതൻസിലേക്ക് പ്രവേശിപ്പിക്കൂ. ഏഷ്യൻ രാജ്യങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഓവർ ടൂറിസം കൊണ്ട് പൊറുതി മുട്ടിയ ബാലിയിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. വൃത്തിയായി വസ്ത്രം ധരിക്കണം, അഗ്നിപർവ്വതങ്ങളിൽ വലിഞ്ഞുകയറരുത്, വിശുദ്ധ ഇടങ്ങളെ നിന്ദിക്കുന്ന പ്രവർത്തികൾ ചെയ്യരുത് എന്നിങ്ങനെ നീളുന്നു ആ പട്ടിക.

ഇന്ത്യയിൽ 194 ബില്യൺ ഡോളറിന്റെ വ്യവസായമാണ് വിനോദ സഞ്ചാരം. ജിഡിപിയുടെ 6.8 ശതമാനവും ഈ മേഖലയിൽ നിന്നാണ്. 40 ദശലക്ഷത്തിലധികം ആളുകളാണ് വിനോദസഞ്ചാരമേഖലയിൽ ജോലി ചെയ്യുന്നത്. പക്ഷേ, കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ടൂറിസ്റ്റ് സ്പോട്ടുകളെല്ലാം സഞ്ചാരികളെക്കൊണ്ട് ഞെങ്ങിഞെരുങ്ങുകയാണ്. ഇതിന്റെ സ്വാധീനം സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക തലത്തിലും ഉണ്ടാകുന്നു. ജോഷിമഠിന്റെ അവസ്ഥ ഒരുദാഹരണമാണ്. ഒരു കാലത്ത് ജനത്തിരക്കേറിയ ടൂറിസ്റ്റ് സ്പോട്ടായിരുന്നു ഇവിടം. കാലക്രമേണ ഹിമാലയൻ പരിസ്ഥിതി ആകെ തകിടംമറിഞ്ഞു. വാഹനങ്ങളുടെ ബാഹുല്യവും ജനത്തിരക്കും ഉൾക്കൊള്ളാനുള്ള അവസ്ഥ ആ സ്ഥലത്തിനുണ്ടായിരുന്നില്ല. പ്രകമ്പനങ്ങൾ ഭൂമിയുടെ നിലനിൽപിനെത്തന്നെ ബാധിച്ചു. നിർമ്മാണപ്രവർത്തനങ്ങളും വിനയായി. ഇന്ന് അവിടെ വീടുകൾ ഇടിഞ്ഞുതാഴുന്നു, വഴികൾ ഇല്ലാതാവുന്നു, ജനങ്ങൾ വീടും നാടും ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരാകുന്നു.

എങ്ങനെയാണ് ഓവർ ടൂറിസം എന്ന പ്രശ്നത്തിന് പരിഹാരം കാണുക? യാത്രകൾ അവസാനിപ്പിക്കുകയാണോ പോംവഴി? ഉത്തരം അല്ല എന്ന് തന്നെയാണ്. യാത്ര ചെയ്യുന്നത് തെറ്റല്ല. നാം കൂടുതൽ ഉത്തരവാദിത്തമുള്ളവരായി മാറുകയാണ് വേണ്ടത്. റെസ്പോൺസിബിൾ ടൂറിസം ശീലിക്കണം. കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതിനപ്പുറം ചെല്ലുന്ന ഇടങ്ങളിലേത് മികച്ച അനുഭവമാക്കി മാറ്റുക. മാതൃകാപരമായി പെരുമാറുക. അവിടങ്ങളിലെ പ്രാദേശിക ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക. പ്രാദേശിക ആചാരങ്ങളെയും രീതികളെയും ബഹുമാനിക്കുക. അങ്ങനെയൊന്നുമല്ലെങ്കിൽ കാലക്രമേണ ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരുടെ നല്ലതിനു വേണ്ടി തീരുമാനങ്ങളെടുക്കും. വിനോദസഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന പണം വേണ്ട എന്ന് തീരുമാനിക്കും.

നിലവിലെ സ്ഥിതി ലോകത്തിനൊന്നാകെയുള്ള ഒരു മുന്നറിയിപ്പാണ്. അന്താരാഷ്ട്ര ടൂറിസം സ്പോട്ടുകളെക്കുറിച്ച് മാത്രം പറയുന്നത് നമുക്ക് ചുറ്റുമുള്ള ഇടങ്ങളെ മറന്നതുകൊണ്ടല്ല. അവിടങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് തന്നെ കണ്ടും കേട്ടും അനുഭവിച്ചും പരിചയമുള്ളതാണല്ലോ?

ഓവര് ടൂറിസത്തിന് കേരളത്തിലെ ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് പാലക്കാട്ടെ കൊല്ലങ്കോട് പ്രദേശം. നെല്ലിയാമ്പതി മലനിരകള്ക്ക് താഴെയുള്ള പച്ചപ്പ് നിറഞ്ഞ ഈ ഗ്രാമ പ്രദേശം വിജനമായ സ്ഥലമായിരുന്നു ഈ അടുത്ത കാലം വരെ. എന്നാല് ഇന്ന് അവധി ദിവസങ്ങളില് കൊല്ലങ്കോട്ടുകാര്ക്ക് വീടുവിട്ട് പുറത്തിറങ്ങാന് കഴിയാത്ത സ്ഥിതിയാണ്. വല്ലപ്പോഴും ഒന്നോ രണ്ടോ വാഹനങ്ങള് കടന്നുപോകുമായിരുന്ന കൊല്ലങ്കോട്ടെ നാട്ടിടവഴികളില് നൂറുകണക്കിന് വാഹനങ്ങള് നിറഞ്ഞ് തിരക്കായി. എല്ലായിടത്തും സഞ്ചാരികളുടെ തിരക്കും അവരുപേക്ഷിച്ചുപോകുന്ന മാലിന്യങ്ങളും. തുടക്കത്തില് സഞ്ചാരികള് വന്നുതുടങ്ങിയപ്പോള് അതില് സന്തോഷിച്ച നാട്ടുകാര് ഇപ്പോള് പൊറുതിമുട്ടുകയാണ്. എല്ലാത്തിനും കാരണമായത് കൊല്ലങ്കോടിന്റെ ഗ്രാമീണ ഭംഗിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ചില ഇന്സ്റ്റഗ്രാം റീലുകളാണ്.

ഓരോ യാത്രയിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, നശിപ്പിക്കുന്ന പ്രകൃതി വിഭവങ്ങൾ.. ആലോചിച്ചു നോക്കൂ. ഉത്തരവാദിത്തമുള്ള പൗരന്മാരാവേണ്ടത് ഭൂമിയുടെ നിലനിൽപിന് മാത്രമല്ല നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ്!!

dot image
To advertise here,contact us
dot image