
കൊച്ചുകുട്ടികളുടെ കുസൃതിയും കുറുമ്പും നിഷ്കളങ്കതയുമൊക്കെ നിറഞ്ഞ നിരവധി വീഡിയോകളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില് ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഷോപ്പിങ്ങിനിടെ യേശുവിന്റെ രൂപ സാദൃശ്യമുള്ള യുവാവിനെ കണ്ട് അമ്പരന്ന് ഓടിച്ചെല്ലുന്ന ഒരു കൊച്ചു കുട്ടിയെയാണ് വീഡിയോയില് കാണാന് സാധിക്കുന്നത്.
അച്ഛനൊപ്പം കടയില് ചുറ്റിക്കറങ്ങുന്നതിനിടെയാണ് ഷോട്സും ബനിയനും ധരിച്ച് യേശു തൊട്ടടുത്ത് സാധനങ്ങള് വാങ്ങാന് നില്ക്കുന്നത് കുട്ടി കാണുന്നത്. യേശുവിനെ കണ്ട അമ്പരപ്പില് കുട്ടി യുവാവിന്റെ അടുത്തേക്ക് ഓടി ചെല്ലുന്നതും വിഡിയോയില് കാണാം. കൂടെ ഉള്ളവര് അത് യേശു അല്ലെന്ന് പറഞ്ഞെങ്കിലും കുട്ടി വിശ്വസിക്കാന് കൂട്ടാക്കിയില്ല.
യുവാവ് ഉള്പ്പെടെ ചുറ്റുമുള്ളവര് ചിരിക്കുന്നുണ്ടെങ്കിലും യേശുവിനെ നേരിട്ടു കണ്ടതിന്റെ സംതൃപ്തിയും അവന്റെ മുഖത്തുണ്ട്. കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ വിഡിയോ ചുരുങ്ങിയ നേരം കൊണ്ട് സോഷ്യല്മീഡിയയിലും ഹിറ്റായി. നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. കുട്ടിക്കാലത്ത് നരച്ച താടിയുള്ള അപ്പൂപ്പന്മാരെ കാണുമ്പോള് സാന്റ ആണെന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. കുട്ടികളുടെ നിഷ്കളങ്കതയാണ് അവരെ പ്രിയപ്പെട്ടതാക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.