
തിരക്കിട്ട ജോലിക്കിടയിലും ഫോൺ നോക്കുന്നത് പലരുടെയും ശീലമാണ്. നിങ്ങൾ അങ്ങനെ ആണോ? ജോലി ചെയ്യുന്നതിനിടയിലും മൊബൈൽ ഫോണിൽ വരുന്ന നോട്ടിഫിക്കേഷൻ നോക്കാതെ, സമൂഹമാധ്യമങ്ങൾ ഇടക്കിടെ പരിശോധിക്കാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് പലര്ക്കുമുള്ളത് . ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നാം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതി വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ നമ്മുടെ തലച്ചോറിൽ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. അത് നമ്മുടെ മസ്തിഷ്ക പ്രവർത്തനരീതിയെ തന്നെ ബാധിച്ചേക്കാം. ശ്രദ്ധക്കുറവ്, ആഴത്തിൽ ഫോക്കസ് ചെയ്യാനുള്ള കഴിവ് കുറയ്ക്കുക, നിയന്ത്രണത്തിന് അതീതമായി സമ്മർദ്ദം ഉയർത്തുക എന്നിവയ്ക്ക് ഫോണുകളുടേയും സോഷ്യൽമീഡിയയുടേയും കൂടുതലുള്ള ഉപയോഗം കാരണമായേക്കാം.
ഇത്തരമൊരു അവസ്ഥയെ വിദഗ്ധർ വിശേഷിപ്പിക്കുന്നത് 'പോപ്കോൺ ബ്രെയിൻ' എന്നാണ്. ഇത് സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗത്തിൻ്റേയും നിരന്തരമായ മൾട്ടി ടാസ്ക്കിങ്ങിൻ്റേയും ആഘാതത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ മാനസിക നിലയെ ശിഥിലമാക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പോപ്കോൺ ബ്രെയിൻ ശാസ്ത്രീയമായ നാമമല്ല. വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകനായ ഡേവിഡ് ലെവിയാണ് 2011-ൽ പോപ്കോൺ ബ്രെയിൻ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. ചൂടാക്കുമ്പോൾ പോപ്കോൺ പൊട്ടുന്നതിന് സമാനമായാണ് മനസ്സ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നത് എന്നതു കണക്കാക്കിയാണ് പോപ്കോൺ ബ്രെയിൻ എന്ന് പറയുന്നത്.
ചെയ്യുന്ന കാര്യങ്ങളിൽ ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറഞ്ഞുവരികയാണെന്നും ഇത് സോഷ്യൽ മീഡിയയുടെ ഉപയോഗം മൂലമാകാം എന്നും 2019-ൽ നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. ഓൺലൈനിൽ എത്രയധികം സമയം ചെലവഴിക്കുന്നുവോ അത്രത്തോളം പോപ്കോൺ ബ്രെയിനിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിതോപയോഗം മസ്തിഷ്കത്തിന്റെ സ്വഭാവത്തിൽ തന്നെ മാറ്റമുണ്ടാക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
ഓരോ തവണ സാമൂഹികമാധ്യമം ഉപയോഗിക്കുമ്പോഴും അവനവന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വിവരങ്ങളാണ് ലഭ്യമാകാറുള്ളത്. അത് സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കാൻ നമ്മേ പ്രേരിപ്പിക്കുന്നു. സാമൂഹികമാധ്യമത്തിൽ അടിമപ്പെടുകയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിൽ അവയിൽ തുടരുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗം ചിതറിയതും ശ്രദ്ധകുറവുമായ മാനസികാവസ്ഥയ്ക്ക് കാരണമാകുന്നു.
സോഷ്യൽ മീഡിയയുടെ ഉപയോഗം തലച്ചോറിനെ പല തരത്തിലാണ് ബാധിക്കുന്നത്. ഓൺലൈൻ സാന്നിധ്യം നിലനിർത്താനുള്ള സമ്മർദ്ദവും മറ്റുള്ളവരുമായുള്ള താരതമ്യവും വർദ്ധിച്ച സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാമെന്നും ഹൈദരാബാദിലെ ബഞ്ചാര ഹിൽസ്, കെയർ ഹോസ്പിറ്റൽസ്, സൈക്യാട്രി കൺസൾട്ടൻ്റ് ഡോ മസർ അലി പറഞ്ഞു.
പോപ്കോൺ ബ്രെയിനിൻ്റെ ലക്ഷണങ്ങൾ:
ചെയ്യുന്ന ഒരുകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ. ഇടക്കിടെ സോഷ്യൽ മീഡയയും ഫോണിൽ വരുന്ന നോട്ടിഫിക്കേഷനും പരിശോധിക്കുക.
ഒരു കാര്യം ചെയ്തുതീർക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ട വിധത്തിൽ സാധിക്കാതെ വരുന്നു.
മൾട്ടിടാസ്കിംഗ് പ്രവർത്തി ചെയ്യുന്നതിലൂടെ ഒരു ജോലി കൃത്യമായി ചെയ്ത് തീർക്കാനാവാതെ വരുന്നതിലൂടെ സമ്മർദ്ദം അനുഭവപ്പെടുന്നു.
സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലൂടെ ആത്മപരിശോധന നടത്തുക.
പോപ്കോൺ ബ്രെയിൻ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ:
കാര്യങ്ങളിൽ വേണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മെഡിറ്റേഷൻ, വായന, പുറത്തിറങ്ങി നടക്കൽ പോലുള്ള കാര്യങ്ങൾ ചെയ്യുക.
ജോലിക്കിടയിൽ കൃത്യമായ ഇടവേളയെടുക്കുക. ഇത് സമ്മർദം കുറയ്ക്കുകയും ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും.
ഓൺലൈനിൽ ഇരിക്കുന്ന സമയത്തിന്റെ കാര്യത്തിൽ കൃത്യമായ ചിട്ട പുലർത്തുക. മെയിലുകളും സാമൂഹികമാധ്യമവുമൊക്കെ പരിശോധിക്കുന്നതിലെല്ലാം സമയം നിശ്ചയിക്കണം.