
മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് ചെക്കിംഗിൽ കുടുങ്ങും, ഉറപ്പാണ്. ബ്രീത്ത് അനലൈസറിൽ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെങ്കിലും ബ്രീത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങുന്ന അവസ്ഥയുണ്ടാക്കുന്ന ഒരു രോഗമുണ്ട്, ഓട്ടോ ബ്രൂവറി സിൻഡ്രം അഥവാ എബിഎസ്!
മദ്യപിച്ചില്ലെങ്കിലും മദ്യപരുടെ ലക്ഷണങ്ങള് പ്രകടമാക്കുന്ന ദുരവസ്ഥയാണ് എബിഎസ് രോഗികളുടേത്. ഈ രോഗമുള്ളവരുടെ ശരീരം തന്നെ വയറിലും കുടലിലുമൊക്കെയായി എത്തനോള് അഥവാ മദ്യം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഗ്യാസ്ട്രോ ഇന്റസ്റ്റൈനല് ട്രാക്ടിറ്റിലെ ചില സൂക്ഷ്മാണുക്കളാണ് കാര്ബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുന്ന ഈ പുളിപ്പിക്കലിനു കാരണം.
ഏത് പ്രായത്തില്പ്പെട്ടവര്ക്കും ഈ രോഗം വരാം. പ്രമേഹം, അമിതവണ്ണം, പ്രതിരോധശേഷിയെയോ വയറിന്റെ ആരോഗ്യത്തെയോ ബാധിക്കുന്ന രോഗമുള്ളവര് തുടങ്ങിയവര്ക്ക് എബിഎസ് വരാനുള്ള സാധ്യത കൂടുതലാണെന്ന് നോയിഡ യഥാര്ത്ഥ് ഹോസ്പിറ്റലിലെ കണ്സള്ട്ടന്റ് ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. മനീഷ് കെ. തോമര് പറയുന്നതായി ഇന്ത്യന് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചെറുകുടലിലെ സാക്രോമൈസിസ് സെര്വീസിയെ പോലുള്ള യീസ്റ്റുകളുടെ വളര്ച്ചയിലുണ്ടാകുന്ന അസന്തുലനമാണ് മുതിര്ന്നവരില് എബിഎസിലേക്ക് നയിക്കുന്ന അവസ്ഥയുണ്ടാക്കുന്നത്. കുഴഞ്ഞ സംസാരം, ആശയക്കുഴപ്പം, ചര്മ്മം ചുവന്ന് തുടുക്കല് തുടങ്ങി മദ്യപാനശേഷം ഉണ്ടാകുന്ന ലക്ഷണങ്ങള് എല്ലാം തന്നെ എബിഎസ് രോഗികള്ക്കും ഉണ്ടാകാം. അതിസാരം, ഗ്യാസ് കെട്ടല്, വായുക്ഷോഭം തുടങ്ങിയ പ്രശ്നങ്ങളും രോഗികളിൽ പ്രകടമാകും.