
ഓവർ ഓവർ... കുറച്ചൊക്കെ ഓവറാവണ്ടേ... എന്നാലല്ലേ എല്ലാരും ശ്രദ്ധിക്കൂ... പറഞ്ഞുവരുന്നത് വസ്ത്രങ്ങളിലെ പുത്തൻ ട്രെൻഡിനെക്കുറിച്ചാണ്. ഓവർ സൈസ്ഡ് ഷർട്ട്, പാന്റ്സ്, ജാക്കറ്റ്സ്, ടീഷർട്ട് ഇങ്ങനെ ഏതു വസ്ത്രത്തിലും ഓവർസൈസ് ട്രെൻഡുകളാണ് ഇപ്പോൾ താരം. സാധാരണ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിന് ഫിറ്റായതും വടിവൊത്തതുമായിരിക്കാനാണ് എല്ലാവരും ശ്രദ്ധിച്ചിരുന്നത്. എന്നാലിന്ന് അങ്ങനെയല്ല. അയഞ്ഞ ഫ്രീയായ വസ്ത്രങ്ങളാണ് പലർക്കും പ്രിയം.
ഇനിയിപ്പോൾ അതിനായി കാശുകളയണമെന്നുമില്ല. അച്ഛന്റെയോ സഹോദരന്റെയോ ഡെനിം ജീൻസും ടീഷർട്ടും അണിഞ്ഞ് സ്റ്റൈലായി ചെത്തി നടക്കാം. തോളിൽ നിന്ന് മൂന്ന് ഇഞ്ച് താഴെയായി വേണം വസ്ത്രത്തിന്റെ ഷോൾഡർ വരാൻ. ഇത്തരത്തിലാണ് ബ്രാൻഡുകൾ ഓവർസൈസ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നതും.
ലൂസ് ഫിറ്റഡ് പാന്റ്സ് ഇടുമ്പോൾ ഷോർട്ട് ഓവർസൈസ് ടോപ് ആയിരിക്കും നല്ലത്. എന്നാൽ ലോങ് ഓവർസൈസ് ടോപ് ഇടുമ്പോൾ സ്കിന്നി ഡെനിം വേണം. ഓവർസൈസ്ഡ് ടീഷർട്ടിനൊപ്പം സ്കർട്ടോ ഡെനിം ഷോർട്സോ ഇട്ടാൽ നന്നാവും. ഫാഷന് ലോകം എപ്പോഴും മാറിമറിഞ്ഞുകൊണ്ടേയിരിക്കും. അതിനനുസരിച്ച് നമുക്കും മാറാം...