
മൊബൈൽഫോണും പേഴ്സും സൂക്ഷിക്കാൻ മാത്രമുള്ളതല്ല പോക്കറ്റുകൾ. വസ്ത്രങ്ങൾക്ക് അവ അലങ്കാരം കൂടിയാണ്. ഇന്ന് പോക്കറ്റുകളും ട്രെൻഡ് ആവുന്ന കാലമാണ്. ചിലർക്ക് എത്ര പോക്കറ്റുണ്ടെങ്കിലും തികയില്ല. എന്നാൽ മറ്റു ചിലർക്ക് പോക്കറ്റുകളേ ആവശ്യമില്ല. പോക്കറ്റ് പ്രേമികള്ക്കായി ചില സ്റ്റൈലൻ പോക്കറ്റുകൾ പരിചയപ്പെട്ടാലോ?
പാച്ച് പോക്കറ്റ്
ഒരു വസ്ത്രത്തിൽ പാച്ച് പോലെ തുന്നിച്ചേർത്തതാണ് പാച്ച് പോക്കറ്റ്. പാച്ച് പോക്കറ്റിന് മുകളിൽ ഒരു ഓപ്പണിംഗ് ഉണ്ട്. ഷർട്ടുകളിൽ ഈ പോക്കറ്റ് വളരെ സാധാരണമാണ്. കുട്ടികളുടെ വസ്ത്രങ്ങൾക്കായി പോക്കറ്റ് ചതുരാകൃതിയിലോ ത്രികോണത്തിലോ തുന്നിയെടുക്കാം. അലങ്കാര ആവശ്യങ്ങൾക്കായി ലെയ്സ്, പൈപ്പിംഗ്, എംബ്രോയ്ഡറി എന്നിവയും ഉപയോഗിക്കാം.
ഇൻസീം പോക്കറ്റ്
വസ്ത്രത്തിന്റെ ഇടതുവശത്താണ് ഈ പോക്കറ്റുകൾ സാധാരണ തുന്നാറുള്ളത്. ആൺകുട്ടികളുടെ ഷോർട്ട്സ്, പെൺകുട്ടികളുടെ പാന്റ്, പൈജാമ, കുർത്തകൾ എന്നിവയിലാണ് ഈ പോക്കറ്റുകൾ പൊതുവെ തുന്നിച്ചേർക്കാറുള്ളത്.
കംഗാരു പോക്കറ്റ്
കംഗാരു പോക്കറ്റ് സാധാരണയായി ഹൂഡികളിലും സ്വെറ്റ് ഷർട്ടുകളിലും തുന്നിച്ചേർക്കുന്നു. ഇത് രണ്ട് കൈകളും ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണ്. മഫ് പോക്കറ്റ് , ഹൂഡി പോക്കറ്റ് എന്നിവയാണ് ഇതിന്റെ മറ്റ് പേരുകൾ .
ഫോക്സ് പോക്കറ്റ്
ഇവ പൂർണ്ണമായും അലങ്കാരത്തിന് വേണ്ടിയുള്ളതാണ്. തുറക്കാൻ പറ്റുന്ന പോക്കറ്റുകൾ അല്ല.