
നിയോഗങ്ങൾ പൂർത്തിയാക്കി ശാന്തസ്വരൂപനായിരിക്കുന്നു ലയണൽ മെസി. കാലുകളും മനസും ഇന്ന് സ്വതന്ത്രമാണ്. നിർവൃതിയോടെ ആഘോഷിക്കുന്ന പിറന്നാളാണിത്. ഞങ്ങളിലെ ആരാധകരെ ആനന്ദിപ്പിച്ച, കണ്ണീരണിയിച്ച, മാന്ത്രിക നിമിഷങ്ങളുടെ കാൽപ്പന്തുകാലത്തിന് നന്ദി.
ഈ കോപ്പ അയാൾക്ക് വെറുതെ തട്ടിക്കളിക്കാനുള്ളതാണ്. പക്ഷേ കാലുകളിൽ അടങ്ങിയ കൃത്യത പന്തിനെ എത്തേണ്ടിടത്ത് എത്തിക്കും, അതിനി എത്ര അലസമായാലും. നഷ്ടങ്ങളിൽ പൊട്ടിക്കരഞ്ഞ, നേട്ടങ്ങൾ ആഘോഷിച്ച, പോർ വീര്യത്തിലെപ്പോഴോ പരുക്കൻഭാവം പൂണ്ട ഒരു സാധാരണ മനുഷ്യൻ. അസാധാരണമായ വിധത്തിൽ സാധാരണമായി പന്ത് തട്ടിയവൻ. ആ സാധാരണക്കാരനെ പൂട്ടിയിടാൻ പോന്ന മണിച്ചിത്രത്താഴുകൾ ഒരാലയിലും വാർത്തെടുത്തിട്ടില്ല, അത് സാധ്യവുമല്ല.
പന്തിലും ബൂട്ടിലും പശതേച്ചതുപോലെ വേർപെടാനാകാത്ത ബന്ധമാണത്. കാലുവെച്ച് വീഴ്ത്താതെ മെസിയിൽ നിന്ന് എങ്ങനെ പന്ത് വേർപെടുത്തും എന്ന് തലപുകഞ്ഞ കാലം. ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും എന്നും അവശേഷിക്കുന്ന ഒന്ന്. എന്നോ പൂർണതയിലെത്തിയവന് ലോകകിരീടത്തിന്റെ മേമ്പൊടിയില്ലത്രേ! അങ്ങനെ അയാൾ മരുഭൂമിയിൽ നിധിതേടി ഇറങ്ങി. റഫറിയോട് പന്ത് ചോദിച്ച് വാങ്ങുന്ന, ഹോളണ്ട് പരിശീലകൻ വാൻഗലിന് മുന്നിൽ ചെന്ന് കലിപ്പ് ലുക്കിൽ ആഘോഷിക്കുന്ന, അപകടകരമായി ബ്ലോക്ക് ഡൈവുകൾ ചെയ്യുന്ന, എതിരാളികളോട് കയർക്കുന്ന, പരിചിതമല്ലാത്ത ഒരു മെസിയെ പിന്നീട് കണ്ടു. ശരാശരിക്കാരുടെ സംഘത്തെ അയാൾ പോരാളികളുടെ കൂട്ടമാക്കി. സമ്മർദ്ദത്തിന്റെ നൂൽപ്പാലം പൊട്ടാതെ ഫ്രഞ്ച് കപ്പൽ തകർത്തു, ആ രാത്രിയിൽ ലോകകിരീടം നേടി!
ഇനി ഒരു ചൂണ്ടുവിരലിനും മറുപടി പറയേണ്ടതില്ല. ലോക കിരീടം നെഞ്ചോട് ചേർത്ത് താലോലിച്ച് കിടന്ന് ഉറങ്ങിയപ്പോൾ പോരാളിയുടെ ഭാവം വീണ്ടും കുട്ടിത്തത്തിന് വഴിമാറി. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ്. കാൽപന്ത് ലോകത്തെ കിരീടംവെച്ച രാജാവ് ഒരിക്കൽ കൂടി കോപ്പ വേദിയിലെത്തിയിരിക്കുന്നു. ഇനി മറ്റൊരു ഭാവം കാണാം. എന്തിനും പോന്ന പടയാളികൾ കൂടെയുള്ളപ്പോൾ അധ്വാനത്തിന്റെ ആവശ്യമില്ല. ഹൃദയഭാരമില്ലാത്ത ആരാധകർ കൂടിയാകുമ്പോൾ അത്രമേൽ സ്വസ്ഥതയാണ് ഇനിയുള്ളത്.
വേണ്ട സമയത്ത് അത്ഭുതങ്ങളുടെ ഒടുങ്ങാത്ത ആവനാഴി അയാൾ തുറക്കും. ഒരു പക്ഷേ ഈ കോപ്പ അവസാന അങ്കമാകും. ആ ചിന്തവരുമ്പോൾ ശ്രദ്ധിക്കുക, ഉള്ളിലൊരു സങ്കടക്കടലിരമ്പം കേൾക്കാം. ഇനിയുള്ള മത്സരങ്ങൾ അവസാനിക്കാതിരിക്കട്ടെ, അനന്തമായി നീണ്ടുപോകട്ടെ. ഞങ്ങൾക്ക് നിങ്ങളെ കണ്ടുകൊണ്ടേയിരിക്കണം. പ്രിയപ്പെട്ട മെസിക്ക് പിറന്നാൾ ആശംസകൾ.....!