കേരള ബിജെപി അവരുടെ വെല്ലുവിളികളെ അതിജീവിച്ചു തുടങ്ങിയോ?

കേരളത്തിലെ ബിജെപിയുടെ വോട്ട് ശതമാനത്തിലെ വര്ധനവ് നല്കുന്ന സൂചനകളിലേക്ക്

കേരള ബിജെപി അവരുടെ വെല്ലുവിളികളെ അതിജീവിച്ചു തുടങ്ങിയോ?
Ganesh Puthur
3 min read|07 Jun 2024, 06:56 pm
dot image

2024 ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ച് ഏറെ നിര്ണായകമാണ്. അതുവരെ എല്ഡിഎഫ് - യുഡിഎഫ് എന്നീ ദ്വന്ദ്വത്തില് നിന്നിരുന്ന കേരള രാഷ്ട്രീയത്തില്, ഒരു ലോക്സഭാ മണ്ഡലത്തില് ബിജെപി നേടിയ വിജയം പരമ്പരാഗത സമവാക്യങ്ങളെ പുതുക്കിപ്പണിയുന്നുണ്ട്. തൃശ്ശൂരില് ബിജെപി സ്ഥാനാര്ഥി സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തിന് ജയിച്ചു എന്ന് മാത്രമല്ല കേരളത്തില് ഉടനീളം വലിയ രീതിയില് വോട്ട് വര്ദ്ധിപ്പിക്കാന് ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

കേവലം 16,077 വോട്ടുകള്ക്ക് ബിജെപിക്ക് തിരുവനന്തപുരം സീറ്റ് നഷ്ടപ്പെട്ടത്. ആറ്റിങ്ങലില് മൂന്നാം സ്ഥാനത്ത് ആണെങ്കിലും ഒന്നാം സ്ഥാനത്തുള്ള കോണ്ഗ്രസിന്റെ അടൂര് പ്രകാശും ബിജെപിയുടെ വി. മുരളീധരനും തമ്മില് ഉള്ള വ്യത്യാസം 16,262 വോട്ടുകള് മാത്രമാണ്. കേരളത്തില് ആകമാനം ബിജെപി സഖ്യത്തിന് 19.22% വോട്ടുകള് ലഭിക്കുകയും ചെയ്തു. അതിനര്ത്ഥം കേരളത്തില് അഞ്ചില് ഒരാള് ഇത്തവണ എന്ഡിഎയ്ക്ക് വോട്ട് ചെയ്തു എന്നതാണ്.

എന്ഡിഎക്ക് അനുകൂലമായ ഘടകങ്ങള്

കേന്ദ്രത്തില് ഭരണത്തുടര്ച്ച ഉണ്ടാകും എന്ന് വ്യാപകമായി പ്രചരിപ്പിക്കാന് ബിജെപിക്ക് സാധിച്ചു എന്നത് വോട്ടര്മാരെ വലിയ രീതിയില് സ്വാധീനിച്ചു. കേരളത്തില് നിന്ന് എന്.ഡി.എ ലേബലില് ആര് ജയിച്ചാലും കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പാണെന്നും താഴെത്തട്ടില് പ്രചാരണം ഉണ്ടായി. എ-ക്ലാസ് മണ്ഡലങ്ങള് ആയ തിരുവനന്തപുരം, ആറ്റിങ്ങല്, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്, പാലക്കാട് എന്നീ മണ്ഡലങ്ങളില് മികച്ച രീതിയിലുള്ള പ്രചാരണ പരിപാടികള് ബിജെപിക്ക് നടത്താനായി. പുറത്തുനിന്നുള്ള പ്രൊഫഷണലുകളുടെയും പി.ആര് ഏജന്സികളുടെയും സഹായത്തോടെയാണ് ബിജെപി കേരളത്തിലും പ്രവര്ത്തിച്ചത്.

തൃശ്ശൂരില് സംഭവിച്ചത്

തൃശ്ശൂരില് ബിജെപിക്ക് ഏറ്റവുമധികം ഗുണകരമായത് സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം ആണെന്ന് നിസ്സംശയം പറയാം. 2014-ല് 1,02,681 (11.15%) വോട്ടുകള് മാത്രമാണ് ബിജെപിക്ക് അവിടെ നേടാന് കഴിഞ്ഞത്. പക്ഷെ ഇത് സുരേഷ് ഗോപി സ്ഥാനാര്ഥിയായ 2019 -ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും 2,93,822 (28.19%) വോട്ടുകള് ആയി ഉയര്ന്നു. 2024-ല് ഇത് 4,12,338 (37.8%) വോട്ടുകള് ആയി. അതായത് മൂന്ന് ലക്ഷത്തില് പരം വോട്ടുകളുടെ വര്ദ്ധനവ് ഉണ്ടാക്കിയാണ് സുരേഷ് ഗോപി തൃശൂര് ലോക് സഭാ സീറ്റില് വിജയിച്ചത്. താന് കേന്ദ്രത്തിന്റെ സ്ഥാനാര്ഥി ആണെന്നും നരേന്ദ്ര മോദിയും അമിത് ഷായും ആണ് തന്റെ നേതാക്കള് എന്നും പല തവണ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട് എന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. കേരളാ ബിജെപിയിലെ പടലപ്പിണക്കങ്ങളില്പെടാതെ തന്റെ പ്രചാരണത്തെ കൊണ്ടുപോകാന് അദ്ദേഹത്തിന് കഴിഞ്ഞു. കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില് ഉള്പ്പെടെ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള് പ്രയോജനം ചെയ്തു.

2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പിലും 2021-ലെ അസംബ്ലി തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു എങ്കിലും സുരേഷ് ഗോപി തൃശ്ശൂരില് തന്നെ നിന്ന് പ്രവര്ത്തിച്ചു എന്നത് ഈ തിരഞ്ഞെടുപ്പില് നിര്ണായകമായി. കേരളത്തിലെ ബിജെപി നേതാക്കളില് സിംഹഭാഗവും തിരഞ്ഞെടുപ്പിന് ശേഷം അതാതു മണ്ഡലങ്ങളിലെ വിഷയങ്ങളില് ഇടപെടാറില്ല എന്നത് ഒരു വസ്തുതയാണ്. കാരണം അടുത്ത തിരഞ്ഞെടുപ്പില് അവരെ മത്സരിക്കാന് അയയ്ക്കുന്നത് മറ്റൊരു മണ്ഡലത്തില് ആയിരിക്കാം. 2019-ല് ആറ്റിങ്ങലില് വലിയ മുന്നേറ്റം നടത്തിയ ശോഭാ സുരേന്ദ്രന് 2024-ല് മത്സരിച്ചത് ആലപ്പുഴയില് ആണ്. ആലപ്പുഴയില് ഒരു ലക്ഷത്തില് പരം വോട്ടുകളുടെ വര്ദ്ധനവ് നടത്താന് അവര്ക്ക് സാധിച്ചു എന്നതും എടുത്തു പറയേണ്ടതാണ്.

ഈഴവ വോട്ടുകള് വഴിമാറി

പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന ഈഴവ സമുദായത്തിന്റെ വോട്ടുകള് ബിജെപി സഖ്യത്തിലേക്ക് വലിയ രീതിയിലേക്ക് ഒഴുകി എന്നത് ഒരു വസ്തുതയാണ്. തിരുവിതാംകൂര്-കൊച്ചി മേഖലകളില് ഇതിന്റെ തോത് വലുതായിരുന്നു. ഇടതുപക്ഷം ഇതുമൂലം വലിയ തിരിച്ചടിയാണ് നേരിട്ടത്, പ്രത്യേകിച്ച് ആലപ്പുഴ മണ്ഡലത്തില്. ഒരു സവര്ണ്ണ പാര്ട്ടി എന്ന ലേബലില് നിന്ന് മാറി ഈഴവരുടേയും, മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും വോട്ട് സ്വാംശീകരിക്കാന് ബിജെപിക്ക് സാധിച്ചാല് വരുന്ന തിരഞ്ഞെടുപ്പുകളിലും അപ്രതീക്ഷിതമായ ഫലങ്ങള് സംഭവിച്ചേക്കാം.

തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ക്രിസ്ത്യന് വിഭാഗങ്ങളുമായി സൗഹൃദം സ്ഥാപിക്കാന് ബിജെപി ശ്രമിച്ചിരുന്നു. ഈസ്റ്റര്, ക്രിസ്തുമസ് ആഘോഷങ്ങളോട് ചേര്ന്ന് നടത്തിയ സ്നേഹയാത്രയും അനില് ആന്റണി, പി.സി ജോര്ജ് തുടങ്ങിയവരുടെ പാര്ട്ടി പ്രവേശനവും ഒക്കെ ഇതിന്റെ ഭാഗമായി കാണണം. ചില ക്രൈസ്തവ സഭകള് പരസ്യമായി കേന്ദ്ര സര്ക്കാരിനും ബിജെപിക്കും പിന്തുണ പ്രഖ്യാപിച്ചു വന്നിരുന്നു. നാര്ക്കോട്ടിക് ജിഹാദ് - ലവ് ജിഹാദ് ആരോപണ പ്രത്യാരോപണങ്ങളും, തുര്ക്കിയിലെ ഹാഗിയ സോഫിയാ വിഷയത്തില് ബിജെപി സ്വീകരിച്ച നിലപാടും മറ്റും ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗത്തെ ബിജെപിയോട് അടുപ്പിച്ചു എന്നത് വസ്തുതയാണ്. പക്ഷെ മണിപ്പൂര് വിഷയം ഇതിനെ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാല് കൂടി തൃശ്ശൂരില് ബിജെപിക്ക് ക്രൈസ്തവരുടെ വോട്ടും ലഭിച്ചിട്ടുണ്ട് എന്ന് പറയാന് സാധിക്കും.

കേരള സര്ക്കാരിന് എതിരെ ഉള്ള വലിയ ഭരണവിരുദ്ധ വികാരവും ബിജെപി സഖ്യത്തിന് പ്രയോജനപ്രദമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില് പോലും വോട്ട് ഇരട്ടിപ്പിക്കാന് ബിജെപിക്ക് ആയിട്ടുണ്ട്.

എന്ഡിഎക്ക് സംഭവിച്ച പാളിച്ചകള്

സ്ഥാനാര്ഥി പ്രഖ്യാപനത്തില് വരുത്തിയ കാലതാമസം എന്ഡിഎ സ്ഥാനാര്ത്ഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എ ക്ലാസ് മണ്ഡലങ്ങള് ഏതൊക്കെയാണ് എന്ന് ആദ്യമേ തീരുമാനിച്ചിരുന്നെങ്കിലും തൃശൂര് മണ്ഡലം ഒഴികെ ഒരിടത്തും എന്ഡിഎ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട തിരുവനന്തപുരം ലോക് സഭാ സീറ്റില് പോലും സ്ഥാനാര്ത്ഥിക്ക് 4 മാസം മാത്രമാണ് പ്രചാരണത്തിന് ലഭിച്ചത്. അപ്രതീക്ഷിത സ്ഥാനാര്ത്ഥിയായി ആലപ്പുഴയില് ശോഭ സുരേന്ദ്രന് എത്തിയെങ്കിലും അവര്ക്ക് വേണ്ട വിധത്തിലുള്ള പിന്തുണ ആലപ്പുഴ ജില്ലാ നേതൃത്വം നല്കിയില്ല എന്ന ആക്ഷേപം പരക്കെ ഉയര്ന്നിരുന്നു. വലിയ മുന്നേറ്റം നടത്താനുള്ള സാഹചര്യങ്ങള് ഉണ്ടായിട്ടുകൂടി പാര്ട്ടിയിലെ ഗ്രൂപ്പ് പോരിന് ശമനം ഇല്ല എന്ന് ഇതില് നിന്ന് മനസ്സിലാക്കാം..

വിജയിക്കുക എന്നതിനപ്പുറം നാല് ലക്ഷം വോട്ട് എന്ന ലക്ഷ്യമാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരില് ഉണ്ടായിരുന്നത്. ആ തന്ത്രം ഫലം കണ്ടുതാനും. തിരുവനന്തപുരത്തും ഈ തന്ത്രം പാര്ട്ടിക്ക് പയറ്റാമായിരുന്നു. തീരദേശ പ്രദേശങ്ങളില് ബിജെപിക്ക് എതിരായി വരുന്ന വോട്ടുകളെ മറികടക്കാനുള്ള പദ്ധതികളും വിജയിച്ചില്ല

പത്തനംതിട്ടയിലെ സ്ഥാനാര്ഥി നിര്ണയത്തിലും പാര്ട്ടിക്ക് പാളിച്ച സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില് സ്വന്തമായ ഇടം കണ്ടെത്താത്ത അനില് ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയും പിന്നീട് പത്തനംതിട്ടയിലെ ലോക് സഭാ സ്ഥാനാര്ത്ഥിയതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. 2019-ല് ലഭിച്ച വോട്ടില് നിന്ന് അറുപതിനായിരം വോട്ടിന്റെ കുറവാണ് ബിജെപിക്ക് അവിടെ ഉണ്ടായത്. ബിജെപിക്ക് കേരളത്തില് വോട്ട് കുറഞ്ഞ ഒരേയൊരു സീറ്റാണ് പത്തനംതിട്ട. ശ്രീധരന് പിള്ളയോ, പി സി ജോര്ജോ ആയിരുന്നു സ്ഥാനാര്ഥി എങ്കില് ബിജെപിക്ക് മുന്നേറ്റം കാഴ്ചവെക്കാന് കഴിയുമായിരുന്ന മണ്ഡലമായിരുന്നു പത്തനംതിട്ട.

കേരളത്തില് ബിജെപിയുടെ ഭാവി

വോട്ട് ശതമാനത്തില് വന്ന വര്ദ്ധനവിന് കാരണം മോദി ഫാക്ടറും സ്ഥാനാര്ത്ഥി നിര്ണയത്തിലെ മികവും തന്നെയാണ്. എന്നാല് ബിജെപിക്ക് പല മണ്ഡലങ്ങളിലും വിനയായത് സംഘടനാ സംവിധാനത്തിന്റെ ദൗര്ബല്യമാണ്.

നിയമസഭാ മണ്ഡലങ്ങളുടെ കണക്കെടുത്താല് ബിജെപിക്ക് 11 സീറ്റുകളില് ഒന്നാം സ്ഥാനത്തും 8 മണ്ഡലങ്ങളില് രണ്ടാം സ്ഥാനത്തെത്താനും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ പദ്ധതികള് തയ്യാറാക്കി പ്രവര്ത്തിച്ചാല് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന് ബിജെപിക്ക് സാധിക്കും. മികച്ച സ്ഥാനാര്ത്ഥികളെ നേരത്തെ കണ്ടെത്തി പ്രവര്ത്തിച്ചാല് ഏതാനും സീറ്റുകള് നിയമസഭയില് പിടിച്ചെടുക്കുക എന്നത് ഇനിയങ്ങോട്ട് ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കില്ല.

ഇത്തവണ വലിയ മുന്നേറ്റം നടത്തിയ സ്ഥാനാര്ത്ഥികള് അതാത് ലോക് സഭാ മണ്ഡലം അവരുടെ പ്രവര്ത്തനമണ്ഡലം ആക്കി മാറ്റിയാല് 2029-ലെ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ആലപ്പുഴ, ആറ്റിങ്ങല്, തിരുവനന്തപുരം എന്നീ സീറ്റുകളില് മികച്ച പ്രകടനം കാഴ്ചവെക്കാനാകും. കേരള സര്ക്കാരിന് എതിരെ വലിയ ജനരോഷം താഴെത്തട്ടില് പ്രകടമാണ്. സിപിഎം വിരുദ്ധ വോട്ടുകള് യുഡിഎഫിലേക്ക് പോകുന്നത് തടയാന് ബിജെപി സഖ്യത്തിന് എന്ത് ചെയ്യാന് കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം. ലോക് സഭാ തിരഞ്ഞെടുപ്പില് വലിയ പരാജയം ഏറ്റുവാങ്ങി എങ്കിലും സിപിഎമ്മിന്റെ സംഘടനാ സംവിധാനം സുശക്തമാണ്.

ബിജെപിക്ക് ജയസാധ്യത ഇല്ല എന്ന കാരണം കൊണ്ട് പാര്ട്ടിക്ക് വോട്ട് ചെയ്യാന് വിമുഖത കാട്ടുന്ന വലിയ ഒരു ശതമാനം ജനങ്ങള് കേരളത്തിലുണ്ട്. ഈ അകലത്തെയാണ് തൃശ്ശൂരിലെ വിജയം പരിഹരിക്കുന്നത്. ഈഴവ സമുദായം ബിജെപിയോട് അടുക്കുന്നുണ്ട് എന്നത് ഈ തിരഞ്ഞെടുപ്പ് ഫലത്തില് നിന്ന് തന്നെ മനസ്സിലാക്കാന് സാധിക്കും. മറ്റ് പിന്നോക്ക ഹിന്ദു വിഭാഗങ്ങളുടെ വോട്ട് കൂടി എല്ഡിഎഫില് നിന്ന് അടര്ത്തിയെടുക്കാനും ഒരു വിഭാഗം ക്രൈസ്തവ വിഭാഗത്തെ കൂടെ നിര്ത്താനും പാര്ട്ടിക്ക് സാധിച്ചാല് വലിയ മുന്നേറ്റമാണ് ബിജെപിക്ക് സമീപകാലത്ത് നടത്താന് സാധിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us