
'കെജ്രിവാള് കോണ്ഗ്രസിന്റെ ബട്ടണ് അമര്ത്തും, ഞാന് എഎപിയുടെ ബട്ടണ് അമര്ത്തും' ഇന്ഡ്യാ മുന്നണിയുടെ സ്ഥാനാര്ത്ഥിക്ക് വോട്ടഭ്യര്ത്ഥിച്ചുകൊണ്ട് രാഹുല് ഗാന്ധി ഡല്ഹിയിലെ റാലിയില് പറഞ്ഞ വാക്കുകളാണിത്. എന്ഡിഎക്കെതിരായ ഇന്ഡ്യാ സഖ്യത്തിന്റെ പോരാട്ടവീര്യം വെെകാരികമായി അനുയായികൾ ഏറ്റെടുത്ത ആഹ്വാനമായിരുന്നു അത്. തിരിഞ്ഞുനോക്കുമ്പോള് രാജ്യതലസ്ഥാനത്ത് കോണ്ഗ്രസിന്റെ വേരറുത്തായിരുന്നു ആംആദ്മി പാർട്ടിയുടെ വളർച്ച. ആ ആംആദ്മി പാർട്ടിക്കൊരോട്ട് ആഹ്വാനമാണ് കോണ്ഗ്രസ് നേതാവ് നടത്തിയത്. മറിച്ച് നോക്കിയാല് ഡല്ഹിയില് മാത്രമല്ല, പഞ്ചാബിലും ഗുജറാത്തിലും കോണ്ഗ്രസിന്റെ 'സ്ഥലം കയ്യേറിയ' കെജ്രിവാളിനായി അദ്ദേഹത്തിന്റെ അണികള്ക്കൊപ്പം അണിനിരക്കുന്ന കോണ്ഗ്രസ് പ്രവർത്തകരെയും രാജ്യം കണ്ടു. ചൊവ്വാഴ്ച്ച വോട്ടെണ്ണി തുടങ്ങുമ്പോള് നേരത്തെ എതിരാളികളായിരുന്ന ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യത്തിൻ്റെ രസതന്ത്രം കൂടിയാണ് വെളിപ്പെടുക.
മെയ് 25 ന് വോട്ടിംഗ് അവസാനിച്ചപ്പോള് 58.69 ശതമാനം പോളിംഗാണ് ഡല്ഹിയില് രേഖപ്പെടുത്തിയത്. 2019 ല് ഇത് 60.25 ശതമാനമായിരുന്നു. ഇന്ഡ്യാ സഖ്യം സീറ്റ് ചർച്ചകള് ആരംഭിച്ച ഘട്ടത്തില് ഡല്ഹിയില് ഒരുമിച്ച് മത്സരിക്കുന്നതില് ഇരു പാർട്ടികള്ക്കിടയിലും അനിശ്ചിതത്വം ഉണ്ടായിരുന്നു. ഡല്ഹി നിയമസഭയിലും ലോക്സഭയിലും സ്വാധീനമില്ലാത്ത കോണ്ഗ്രസിന് കെെകൊടുക്കുന്നതിലായിരുന്നു ആംആദ്മിക്ക് അതൃപ്തി. പിന്നീട് കെജ്രിവാളും രാഹുല് ഗാന്ധിയും നടത്തിയ ചർച്ചക്കൊടുവില് പഞ്ചാബില് സഖ്യമില്ലാതെയും ഡല്ഹിയില് സഖ്യത്തിലും മത്സരിക്കാമെന്ന തീരുമാനത്തിലെത്തി. നാല് സീറ്റില് ആംആദ്മി പാർട്ടിയും മൂന്ന് സീറ്റില് കോണ്ഗ്രസും ഇന്ഡ്യാ സഖ്യത്തിന്റെ ഭാഗമായി ഡൽഹിയിലെ ആകെയുള്ള ഏഴ് സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി.
കോണ്ഗ്രസിനെതിരെ അണ്ണ ഹസാരെ നയിച്ച 'ഇന്ത്യ അഴിമതിക്കെതിരെ' എന്ന സമരമുന്നേറ്റത്തിന്റെ തരംഗത്തിലായിരുന്നു കോണ്ഗ്രസിനെ നിലംപരിശാക്കി ഡല്ഹിയില് ആംആദ്മി പാര്ട്ടി ഉദിച്ചത്. പതിനഞ്ച് വര്ഷം തുടര്ച്ചയായി കോണ്ഗ്രസ് ഭരിച്ച ഡല്ഹിയില് മുതിർന്ന നേതാവ് ക്ഷീലാ ദീക്ഷിതിനെ പടിക്കു പുറത്ത് നിര്ത്തിയായിരുന്നു കെജ്രിവാളിൻ്റെ അരങ്ങേറ്റം. 2015ല് ഡല്ഹി ആംആദ്മി പാർട്ടി തൂത്തുവാരുകയായിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിലും ആംആദ്മി മുന്നേറ്റമുണ്ടാക്കി. കെജ്രിവാളിന് അധികാരത്തുടർച്ചയുണ്ടായി. കോണ്ഗ്രസിന് ഡൽഹി നിയമസഭയിലേയ്ക്ക് ഒരാളെ പോലും അയക്കാനായില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയ തലത്തില് എന്ഡിഎ സർക്കാരിനെ പുറത്താന് കോണ്ഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ചത്. ഡൽഹിയിലും ആംആദ്മിയുടെ പ്രധാന എതിരാളികൾ ബിജെപിയായിരുന്നു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് മുഴുവന് സീറ്റിലും വിജയിച്ച കോണ്ഗ്രസിനെ അട്ടിമറിച്ചാണ് 2014 ലും 2019 ലും ബിജെപി പിടിച്ചെടുത്തത്.
കോണ്ഗ്രസ്-ആം ആദ്മി സഖ്യം ബിജെപി പാളയത്തില് ആശങ്കയുണ്ടാക്കായിന്നതിന്റെ ആദ്യ സൂചനയായിരുന്നു സിറ്റിംഗ് എംപിമാരില് ആറ് പേരെയും മാറ്റിയത്. 2019 ല് അഞ്ച് സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ച ബിജെപി ഡല്ഹിയിലെ പാർട്ടി അധ്യക്ഷന് മനോജ് തിവാരിക്ക് മാത്രമാണ് ഇത്തവണ സീറ്റ് നല്കിയത്. പകരം ആറ് പുതുമുഖങ്ങളെ കളത്തിലിറക്കി. എന്നാല് ഇൻഡ്യാ സഖ്യം കനയ്യ കുമാര്, ജയപ്രകാശ് അഗര്വാള്, സോംനാഥ് ഭാരത് അടക്കം യുവാക്കളും പരിചയ സമ്പന്നരുമായ നേതാക്കളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അത് അണികള്ക്ക് സഖ്യം നല്കിയ ആദ്യ ഉറപ്പായിരുന്നു.
ഇരുപാർട്ടികളും തന്ത്രങ്ങള് ആവിഷ്കരിച്ച് പ്രചാരണം ശക്തമാക്കവെയാണ് ഡല്ഹി മദ്യനയ അഴിമതിക്കേസിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അറസ്റ്റ് ദിവസം ഡല്ഹിയുടെ തെരുവില് ആപ് അണികള്ക്കൊപ്പം കോണ്ഗ്രസുകാരും ഉണ്ടായിരുന്നു. നമ്മുടെ നേതാവ് എന്ന വികാരത്തോടെയായിരുന്നു അറസ്റ്റിനെതിരെ തെരുവില് പ്രതിഷേധിച്ചത്. അന്നേ ദിവസം രാത്രി അറസ്റ്റിനെതിരെ ഇന്ഡ്യാ സഖ്യത്തിലെ നേതാക്കളെല്ലാം രംഗത്തെത്തി. തെരുവില് പോരാടിയ അണികള്ക്ക് ആത്മവിശ്വാസം നല്കുന്നതായിരുന്നു ഇത്. മറ്റൊരു തരത്തില് പറഞ്ഞാല് കെജ്രിവാളിൻ്റെ അറസ്റ്റ് ആം ആദ്മി-കോണ്ഗ്രസ് സഖ്യത്തെയും അണികള്ക്കിടയിലെ യോജിപ്പിനെയും അരക്കിട്ട് ഉറപ്പിച്ചതായി വിലയിരുത്തലുകളുണ്ടായിരുന്നു.
അതിനിപ്പുറം കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളിനെ ഇന്ഡ്യാ സഖ്യത്തിന്റെ വേദിയിലെത്തിച്ചപ്പോഴും ഇതേ ആർപ്പുവിളി അണികള്ക്കിടയിലുണ്ടായിരിന്നു. ഒന്നര മാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെജ്രിവാളിനെ ഇന്ഡ്യാ സഖ്യം സ്വീകരിച്ചതും പിന്നീടിങ്ങോട്ടുള്ള ബഹുജനറാലികളിലെ കെജ്രിവാളിന്റെ സ്വീകരണവും സാന്നിധ്യവും ഡല്ഹിയില് കോണ്ഗ്രസ്- ആം ആദ്മി അണികളുടെ ഒറ്റക്കെട്ടാണെന്ന വികാരം എത്രകണ്ട് വോട്ടായി മാറിയെന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കെജ്രിവാളിനെ പ്രതിപക്ഷമുഖമാക്കി ഇന്ഡ്യാ മുന്നണി നടത്തിയ പോരാട്ടം സാധാരണക്കാരായ ആം ആദ്മി പ്രവർത്തകരെ ആവേശം കൊള്ളിച്ചിട്ടുണ്ടോ എന്നതും സഖ്യത്തിന് ലഭിക്കുന്ന വോട്ടുകളുടെ ഗതി നിർണ്ണയിക്കും.
ഇന്നലെ വരെ ശത്രുപക്ഷത്ത് നിന്ന രണ്ട് പാർട്ടികളുടെ നേതാക്കൾ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ച അതേ സ്പിരിറ്റിൽ ഇരുപാർട്ടികളിലെയും അനുയായികൾ സഖ്യനീക്കത്തെ കാണുമോ എന്നത് നിർണ്ണായകമാണ്. കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും ബിജെപിയെ എതിർക്കാതെ ഒരിഞ്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്ന സാഹചര്യം നിലവിലുണ്ട്. ഈയൊരു പൊതുസമീപനം തന്നെയാകും ഈ സഖ്യത്തിൻ്റെ ചേർച്ചയിൽ വോട്ടായി മാറുക. അത് എത്ര ആഴത്തിൽ ഇരുപാർട്ടികളുടെയും അണികൾ ഉൾക്കൊണ്ടിട്ടുണ്ട് എന്നതും തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകും. മോരും മുതിരയും പോലെ വേറിട്ടു നിൽക്കുന്ന ഒരു സഖ്യമായി നിലവിലെ കൂട്ടുകെട്ട് മാറിയാൽ അത് കോൺഗ്രസിനും ആം അദ്മിക്കും സമ്മാനിക്കുന്ന തിരിച്ചടിയും തീവ്രമായിരിക്കും.