മുൻപേ നടന്ന ലിജോ, വാലിബനും വാഴ്ത്തിപ്പാടും

വൈവിധ്യമാർന്ന പരീക്ഷണ സിനിമകളിലൂടെ ഉയർന്നുവന്ന ഒരു സംവിധായകന് തന്റെ പുതിയ ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസം അതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കേണ്ട സാഹചര്യം വരുന്നു.

അമൃത രാജ്
3 min read|28 Jan 2024, 07:09 am
dot image

'No plans to change, Still no plans to impress', താൻ ചെയ്യുന്ന സിനിമ തന്റെ സംതൃപ്തിക്ക് കൂടി വേണ്ടിയാണ് എന്ന് പറഞ്ഞ സംവിധായകൻ. ലിജോ ജോസ് പെല്ലിശ്ശേരിയെ സംബന്ധിച്ചിടത്തോളം നെഗറ്റീവ് റിവ്യൂകളെ നേരിടേണ്ടി വരുന്നതോ, അദ്ദേഹത്തിന്റെ സിനിമകൾ തഴയപ്പെടുന്നതോ ഇതാദ്യത്തെ സംഭവമല്ല. 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററിൽ എത്തുന്നതിന് തൊട്ടു മുൻപ് വരെ മോഹൻലാൽ ഫാൻസ് അടക്കം ഒരേ സ്വരത്തിൽ പറഞ്ഞത് ഇത് എൽജെപിയുടെ സിനിമയാണ്, നിരാശപ്പെടുത്തില്ല, ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച്ചവെയ്ക്കും എന്നൊക്കെയായിരുന്നു. എന്നാൽ അങ്ങനെ പറഞ്ഞവരിൽ പലരും സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ലിജോ എന്ന സംവിധായകനിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന അഭിപ്രായക്കാരായി. ഇവരെല്ലാം എന്താണ് അദ്ദേഹത്തിൽ നിന്ന് മുൻപും പ്രതീക്ഷിച്ചത് എന്ന ചോദ്യം അതിനാൽ പ്രസക്തമാണ്.

വൈവിധ്യമാർന്ന പരീക്ഷണ സിനിമകളിലൂടെ ഉയർന്നുവന്ന ഒരു സംവിധായകന് തന്റെ പുതിയ ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസം അതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കേണ്ട സാഹചര്യം വരുന്നു. മോഹൻലാൽ എന്ന നായകന്റെ അഭിനയ സാധ്യതകളെയും ലിജോയുടെ സിനിമാഭാഷയുടെ സ്വഭാവത്തെയും മനസ്സിലാക്കാത്ത മലയാളി പ്രേക്ഷകരുടെ ആസ്വാദന ദാരിദ്ര്യം കൂടിയാണോ ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. കൂടിപ്പോയാൽ 28ഓ 30ഓ ദിവസങ്ങൾ മാത്രമേ തന്റെ സിനിമ മലയാളികൾക്ക് ബിഗ് സ്ക്രീനിൽ കാണാൻ കഴിയൂ എന്ന യാഥാർത്ഥ്യവും ലിജോ പങ്കുവച്ചിരുന്നു. ഒരു മാസം മാത്രം തിയേറ്ററിൽ നിൽക്കാൻ സാധ്യതയുള്ള ഒരു സിനിമയെ ആദ്യദിനത്തിൽ സ്വീകരിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല എന്ന് കൂടിയാണ് ലിജോ പറയാതെ പറഞ്ഞത്.

കഴിഞ്ഞ 14 വർഷത്തിനിടയിൽ ലിജോ ചെയ്തത് വെറും 10 സിനിമകൾ മാത്രമാണ്. അതിൽ തിയേറ്റർ വിജയം നേടിയവ ഒരു 'ആമേനോ' 'അങ്കമാലി ഡയറീസോ' മാത്രമാണ്. എന്നാൽ കേവലം 10 സിനിമകൾ കൊണ്ട് ലിജോ മലയാള സിനിമയിൽ സൃഷ്ടിച്ചെടുത്ത ഒരു ശൈലിയുണ്ട്. അതിലേക്ക് മോഹൻലാൽ എത്തിയെന്ന കാരണത്താൽ വാലിബന് മേൽ ലാൽ ആരാധകർ നൽകിയത് അനാവശ്യ സമ്മർദ്ദമാണ്. മാസ് ഓഡിയൻസിനിടയിൽ ലിജോ സ്വീകാര്യനാകുന്നത് ആമേനിനോ അങ്കമാലി ഡയറീസിന് ശേഷമോ മാത്രമാണ്. എന്നാൽ 2010-ൽ പുറത്തിറങ്ങിയ 'നായകൻ' മുതൽ 'സിറ്റി ഓഫ് ഗോഡും' 'ഡബിൾ ബാരലും' തുടങ്ങി 'ചുരുളി'യും 'നൻപകൽ നേരത്ത് മയക്ക'വും വരെ മാസ് ഓഡിയൻസിന് പ്രിയങ്കരമായിരുന്നില്ല. അപ്പോഴും ഗൗരവമായി സിനിമയെ കാണുന്നവർ ആ സിനിമകൾ ലിജോ സ്റ്റൈൽ ഓഫ് മൂവികളായി ചേർത്തുപിടിച്ചവയായിരുന്നു. ഈ സിനിമകളെ പുതിയ പരീക്ഷണമായും ഒരു സ്റ്റഡി മെറ്റീരിയലായും കാണുന്നവർ ധാരളമാണ്.

ലോങ് ഷോട്ടുകളിൽ അത്ഭുതം സൃഷ്ടിക്കുന്ന, നോൺ ലീനിയർ സിനിമകൾ കൊണ്ട് മലയാളിക്ക് പുതിയ കാഴ്ച്ചാനുഭവം സമ്മാനിച്ചവയായിരുന്നു ലിജോ സിനിമകളെല്ലാം തന്നെ. ഇവയെല്ലാം സിനിമാ നിരൂപകരിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയവയുമാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി, സവിശേഷമായി എന്തെങ്കിലും ചെയ്യുന്നുവെന്ന് വാലിബന്റെ കാര്യത്തിൽ ലിജോ അവകാശവാദം ഉന്നയിച്ചിരുന്നില്ല. ലിജോയെ സംബന്ധിച്ച് താൻ പഠിച്ച, താൻ കണ്ട ലോക സിനിമകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്ത പരീക്ഷണ സിനിമയായിരുന്നു വാലിബൻ എന്ന് തീർച്ചയാണ്. ഹിറ്റാകുമെന്നും കമേഴ്ഷ്യൽ സക്സസാകുമെന്നും പറഞ്ഞതും പ്രതീക്ഷിച്ചതും പ്രചരിപ്പിച്ചതും പ്രേക്ഷകർ മത്രമാണ്.

പ്രേക്ഷകരുടെ ചിന്തകൾക്കതീതമായി പടം എടുത്തുകൊണ്ടേയിരിക്കുകയാണ് ലിജോ എന്ന് പറയുമ്പോൾ പോലും അദ്ദേഹം പറഞ്ഞത് വാലിബൻ ഒട്ടും കോംപ്ലിക്കേറ്റഡല്ലാത്ത, ഒട്ടും ചിന്തിച്ച് ബുദ്ധിമുട്ടേണ്ടതല്ലാത്ത ഒരു സിംപിൾ സിനിമയാണ് എന്നാണ്. ആമേന്റെ ഗംഭീര വിജയത്തിന് ശേഷം 2015-ൽ പുറത്തിറങ്ങിയ ഡബിൾ ബാരൽ സോഷ്യൽ മീഡിയയിൽ ക്രൂശിക്കപ്പെട്ടപ്പോൾ, ലിജോയുടെ സംവിധാന മികവിനെ കീറി മുറിച്ചപ്പോൾ സിനിമയെ റിയലിസ്റ്റിക്കായി മാത്രം കാണരുത് എന്ന് കൂടി ലിജോ പറയാതെ പറയുന്നുണ്ടായിരുന്നു. അത്രയും കീറി മുറിക്കലുകൾക്കിടയിലും No plans to change, Still no plans to impress എന്ന് ലിജോ സധൈര്യം വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് ഡബിൾ ബാരലിന്റെ റിലീസ് ആരവങ്ങളൊക്കെ അവസാനിച്ച് വർഷങ്ങൾക്കിപ്പുറം അതേ സിനിമയെ വാഴ്ത്തിപാടാനും എൽജെപിയുടെ ക്ലാസ് കൾട്ട് സ്റ്റഡി മെറ്റീരിയൽ എന്നൊക്കെ ആഘോഷിക്കാനും തുടങ്ങിയത് നമുക്ക് മുന്നിലുള്ള മറ്റൊരു യാഥാർത്ഥ്യം.

പത്ത് പേർ തികച്ചില്ലാതെയാണ് 2018-ൽ ഈ മ യൗ എന്ന ചിത്രം തിയേറ്ററിലോടിയത്. പക്ഷെ സിനിമ എന്തോ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് മാസ് ഓഡിയൻസിന് മനസ്സിലായത് ആ വർഷത്തെ മികച്ച സംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഐഎഫ്എഫ്കെയിൽ രജത ചകോരവും സുവർണ ചകോരവും മികച്ച എഷ്യൻ സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരവും ഈ മ യൗ നേടിയപ്പോഴാണ്. കൂടാതെ, ദ ഹിന്ദുവിന്റെ ആ ദശാബ്ദത്തിലെ ഏറ്റവും മികച്ച 25 നവതരംഗ സിനിമകളിലൊന്നായി ഇ മ യൗ മാറി. ലിജോയുടെ ക്ലാസും ക്രാഫ്റ്റും മാസ് മലയാളി ഓഡിയൻസിന് മുൻപേ നടന്നതാണെന്ന് നേരത്തെ തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ലിജോയുടെ സ്റ്റൈൽ ഓഫ് സിനിമാ മേക്കിങ് എല്ലായ്പ്പോഴും മാസ് മലയാളി പ്രേക്ഷകർക്ക് ദഹിക്കണമെന്നില്ല. അത് ഒരിക്കലും കാഴ്ചക്കാരുടെ പ്രശ്നമല്ല, മലയാള സിനിമ ഇങ്ങനെയേ ആകാവൂ എന്ന് പഠിപ്പിച്ച മാസ് മലയാളി, കോമേഴ്സ്യൽ സിനിമകളുടെ സ്വാധീനം മാത്രമാണ്. ലിജോയുടെ കഴിഞ്ഞ ഒൻപത് സിനിമകളിലും അദ്ദേഹം ഓരോന്ന് പരീക്ഷിക്കുകയായിരുന്നു. പത്താമത്തെ വാലിബനും മറ്റൊരു പരീക്ഷണമാണ് എന്ന് ഉറപ്പാണ്. ആ പരീക്ഷണം തിരിച്ചറിയപ്പെടുന്ന കാലം വരുമെന്ന് ലിജോ സിനിമകളുടെ ഇന്നലെകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

ഒരു സിനിമയെ നെഗറ്റീവ് കമന്റുകളും ട്രോളുകളും കൊണ്ട് മോശമാക്കാൻ ശ്രമിക്കുമ്പോൾ, സിനിമ മോശമാണ് എന്ന വായ്മൊഴി പ്രചാരണം ഏറ്റെടുക്കുമ്പോൾ നിങ്ങൾ ഒരു മേശം പ്രവണതയ്ക്കാണ് കീഴ്പ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ സിനിമ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് തിയേറ്ററിൽ നിന്ന് അനുഭവിക്കാനും ഉൾക്കൊള്ളാനും നമ്മുടെ ആസ്വാദന നിലവാരത്തിന് അനുസരിച്ച് മൗലികമായ വിലയിരുത്തൽ നടത്താനുമാണ് യഥാർത്ഥത്തിൽ ശ്രമിക്കേണ്ടത്. സിനിമ കാണാതെ വായ്ത്താരി പാട്ടുകാരാകുന്നവർ ഒരു ആവിഷ്കാര ഉദ്യമത്തെയാണ് ബോധപൂർവ്വം താറടിക്കാൻ ശ്രമിക്കുന്നത്.

ഇനി വാലിബൻ കാണണോ എന്ന് ചോദിച്ചാൽ തീർത്തും പ്രേക്ഷകന്റെ ചോയിസ് തന്നെയാണ്, അല്ലാതെ മറ്റൊരാളുടെ അഭിപ്രായമല്ല. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ വാലിബനും ഡബിൾ ബാരൽ പോലെ ഇ മ യൗ പോലെ വാഴ്ത്തപ്പെടാം. ഒരു അണ്ടർ റേറ്റഡ് ജെം എന്ന് ഘോര ഘോരം ആഘോഷിക്കപ്പെട്ടേക്കാം. പക്ഷെ തീയേറ്ററിൽ സിനിമ അംഗീകരിക്കപ്പെടേണ്ട സമയത്ത് അതിനെ പിന്തുണച്ചില്ലെങ്കിൽ പുതിയ സിനിമാ പരീക്ഷണത്തിന് ഒരുങ്ങി നിൽക്കുന്ന പല സംവിധായകരുടെയും സ്വപ്നങ്ങൾ ഭാവനയിലേ ഇല്ലാതായേക്കാം. അകീറ കുറോസോവ പറഞ്ഞത് പോലെ നിങ്ങളുടെ സൃഷ്ടിയുടെ ഉറവിടം ഓർമ്മയാണ്. ഒന്നുമില്ലായ്മയിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയില്ല... ലിജോയും കൂട്ടരും പരീക്ഷണ സിനിമകളും നിലനിൽക്കേണ്ടത് മലയാള സിനിമയുടെ ആവശ്യമാണ്. അരവിന്ദന്റെയും അടൂരിന്റെയുമെല്ലാം പരീക്ഷണ സിനിമകളെ അതേ നിലയിൽ സ്വീകരിച്ച പാരമ്പര്യം മലയാളികളുടെ സിനിമാസ്വാദന ശീലങ്ങൾക്കുണ്ട് എന്നതും മറക്കാതിരിക്കാം.

dot image
To advertise here,contact us
dot image