
/in-depth/opinion/2023/09/20/need-solution-for-caste-discrimination-issues-raised-by-k-radhakrishnan
“ ദേവ പൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പർശിക്കാറില്ല. അതിന് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസം ഇല്ല. മേൽ ശാന്തി പൂജയ്ക്കിടയിലാണ് വിളക്ക് കൊളുത്താൻ എത്തിയത്. അദ്ദേഹത്തിൻ്റെ പ്രവൃത്തി അയിത്താചാരത്തിൻ്റെ ഭാഗമായല്ല .”
ദേവസ്വം മന്ത്രിക്ക് ക്ഷേത്രത്തിൽ നിന്നും നേരിടേണ്ടി വന്ന അപമാനത്തിൽ തന്ത്രി സമാജത്തിന്റെ വിശദീകരണമാണ് മേൽപ്പറഞ്ഞത്. വസ്തുതാപരമായി തന്ത്രി സമാജത്തിന്റെ വാദം നൂറ് ശതമാനം ശരിയാണ്. തന്ത്രവിദ്യ അത്തരം ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. എന്നാൽ ആ ഒറ്റ കാരണത്താൽ അംഗീകരിക്കപ്പെടേണ്ടതല്ല അവിടെ അരങ്ങേറിയ തൊട്ടുകൂടായ്മ.
മറ്റ് മതങ്ങൾ മനുഷ്യ സമൂഹത്തിനിടയിൽ ആധിപത്യം സ്ഥാപിക്കാൻ ദൈവ പുത്രനെയും ദൈവ പ്രവാചകനേയും ഒക്കെയാണ് ഭൂമിയിലേക്ക് അയച്ചതെങ്കിൽ ബ്രാഹ്മണ്യം അതിലും സമർഥമായ വഴിയാണ് സ്വീകരിച്ചത്. സനാതന ധർമ്മം എന്ന ഓമന പേരിൽ നാം വിളിക്കുന്ന ചാതുർവർണ്യ പരിപാലന സംസ്കാരത്തിൽ, ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന ബ്രാഹ്മണൻ ആ പ്രതിഷ്ഠയുടെ പിതൃസ്ഥാനീയനാണ്. ബ്രഹ്മ ചൈതന്യം സ്വാംശീകരിച്ച അയാൾ മറ്റുള്ളവരെ സ്പർശിക്കാൻ പാടില്ല. അത് സ്വന്തം മാതാവാണെങ്കിലും പാടില്ലെന്നാണ് തന്ത്ര വിദ്യ അനുശാസിക്കുന്നത്.
ദൈവദത്ത സിദ്ധാന്തം ഉപയോഗിച്ച് ദൈവദാസന്മാരായി പ്രജകളുടെ വിശ്വാസം നേടി രാജ്യം ഭരിച്ച രാജാക്കന്മാരുടെ കഥകൾ നമുക്കറിയാം. എന്നാൽ ദൈവത്തിന്റെയും പിതാവ് ചമയുക എന്ന ഇന്ത്യയിലെ ബ്രാഹ്മണ്യം പരീക്ഷിച്ചു വിജയിച്ച ബുദ്ധിക്ക് ലോകത്ത് എവിടെയെങ്കിലും സമാനതകളുണ്ടോ എന്ന് തന്നെ സംശയമാണ്. ബ്രാഹ്മണനും പശുക്കൾക്കും സന്തോഷമുള്ളിടത്തോളം കാലം ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പ്രചരിപ്പിക്കുന്നത് പോലെയൊരു തന്ത്രമാണത്. ഇന്നത്തെ കാലത്തെ ആരെങ്കിലും ആയിരുന്നു ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നതെങ്കിൽ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായേനേ.
തന്ത്ര വിദ്യയിൽ എഴുതി വച്ചിരിക്കുന്നത് പോലെ തന്നെയാണോ ഇന്നും ക്ഷേത്ര കാര്യങ്ങളൊക്കെ നടക്കുന്നത് ? അല്ല എന്നതാണ് വ്യക്തമായ ഉത്തരം. അങ്ങനെ ആയിരുന്നെങ്കിൽ ചില ജാതികൾ മാത്രം പ്രവേശിക്കുന്ന ഇടങ്ങളായി ഇന്നും ക്ഷേത്രങ്ങൾ ചുരുങ്ങിയേനെ. വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളമ്പരവും ഒക്കെ നടന്നപ്പോൾ കേരളത്തിൽ ഉൾപ്പടെ എല്ലാ ജാതിയിൽപ്പെട്ട മനുഷ്യരെയും ക്ഷേത്രങ്ങളിൽ ഉൾകൊള്ളിച്ചത് താന്ത്രിക വിദ്യയോടും സകല ബ്രാഹ്മണ്യബോധത്തോടും കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ട് തന്നെയാണ്. ഗാന്ധിക്ക് ഉള്ളിലേക്ക് പ്രവേശനം നിഷേധിച്ച ഇണ്ടംതുരുത്തി മന ഇന്ന് വൈക്കത്തെ ചെത്തു തൊഴിലാളി യൂണിയന്റെ ഓഫീസ് ആയി പ്രവർത്തിക്കുന്നത് കാലത്തിന്റെ കാവ്യ നീതി. താന്ത്രിക വിദ്യ പ്രകാരം മാത്രം ചട്ടങ്ങൾ പാലിക്കുന്നിടമായിരുന്നെങ്കിൽ അവിടെ മുഖ്യാതിഥി ആയി മന്ത്രിയെ ക്ഷണിക്കേണ്ട കാര്യം പോലും വരുന്നില്ലല്ലോ. ഒരു കൂട്ടം തന്ത്രിമാർ ഒരുമിച്ചിരുന്ന് കർമ്മങ്ങൾ നടത്തേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ജനങ്ങളുടെ നികുതി പിരിച്ച് ഭരണകൂടം നൽകുന്ന പണത്തിന്റെ അടിസ്ഥാനത്തിൽ ചടങ്ങുകൾ നടത്തിയിട്ട് മന്ത്രിയോട് കാണിക്കുന്ന അയിത്തം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ഭരണഘടനയ്ക്ക് മുകളിലല്ല രാജ്യത്തെ ഒരു മത വിശ്വാസവും. ദൈവനാമത്തിൽ ആരംഭിക്കുന്നതിന് പകരം ജനങ്ങളുടെ നാമത്തിൽ ആരംഭിക്കാൻ വോട്ടിനിട്ട് തീരുമാനിച്ച ഭരണഘടനയാണ് നമുക്കുള്ളത്. ഈ രാജ്യത്തെ പരമാധികാരം കുടികൊള്ളുന്നത് നിങ്ങളുടെ മതങ്ങളിലോ ആചാരങ്ങളിലോ അല്ല, ജനങ്ങളിൽ ആണെന്ന ബോധ്യമുണ്ടാകണം.
ഭരണഘടനയുടെ ആർട്ടിക്കിൾ 17 നിരോധിച്ച അയിത്തം എന്ന ദുരാചാരം തന്നെയാണ് അന്ന് മന്ത്രിക്ക് നേരിടേണ്ടി വന്നത്. ഭരണഘടനയിലെ ആർട്ടിക്കിൾ 17 ൽ ഒരിടത്ത് പോലും അത് ജാതീയമായ അയിത്തത്തെ മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്നില്ല. വിശാല അർത്ഥത്തിൽ വ്യാഖ്യാനിക്കാനുള്ള വഴികൾ തുറന്നിട്ടുകൊണ്ട് തന്നെയാണ് ഭരണഘടന ജനങ്ങൾക്ക് തുല്യതയ്ക്കുള്ള അവകാശം നല്കുന്നത്.
ദേവസ്വം മന്ത്രിയുടെ വിഷയത്തിൽ ജാതി പ്രവർത്തിച്ചിട്ടില്ലെന്ന് തന്ത്രി സമാജം എത്രയൊക്കെ അവകാശപ്പെട്ടാലും അത് അങ്ങനെയല്ല എന്നതാണ് വാസ്തവം. ഒരു പൂണൂൽ വേഷധാരി ആയിരുന്നു അവിടെ നിന്നതെങ്കിൽ വിളക്ക് കൈയ്യിൽ കൊടുക്കുന്നതിന് അവർക്ക് പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല. അതിന്റെ പല ഉദാഹരണങ്ങൾ ഈ രാജ്യത്ത് നാം കണ്ടിട്ടുണ്ട്. മിക്കപ്പോഴും തന്ത്രവിദ്യയൊക്കെ ഇത്തരം സാഹചര്യങ്ങളിൽ ഇവർ സൗകര്യപൂർവ്വം മറക്കാറാണ് പതിവ്. മന്ത്രി തന്നെ ചോദിച്ചത് പോലെ അദ്ദേഹത്തിന്റെ പണത്തിനോടില്ലാത്ത അയിത്തം അദ്ദേഹത്തിന്റെ ശരീരത്തോട് കാണിക്കുന്ന യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട പൂജാരിമാർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. അത് വ്യക്തമായ സന്ദേശം നല്കാൻ വേണ്ടിയാണ്. എന്നാൽ ഇത് കേവലം രണ്ട് പൂജാരിമാരുടെ മാത്രം പ്രശ്നമാണെന്ന ധാരണയും ഉണ്ടാകാൻ പാടില്ല. ഏത് ക്ഷേത്രത്തിൽ ചെന്നാലും നടക്കാൻ സാധ്യതയുള്ള പിന്തിരിപ്പൻ പ്രവണതയാണ് ഇവിടെ കാണാൻ കഴിഞ്ഞത്. അടിസ്ഥാന പ്രശ്നം ജാതീയതയിൽ ഊന്നി പ്രവർത്തിക്കുന്ന സനാതന ധർമ്മം എന്ന ആശയ സംഹിതയാണ്. ഉദയനിധി സ്റ്റാലിൻ ആഹ്വാനം ചെയ്ത ആശയപരമായ പോരാട്ടം തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല മരുന്ന്. വോട്ട് ബാങ്കിൽ പേടിച്ച് ഇനിയെങ്കിലും അത്തരമൊരു ആശയപ്പോരാട്ടത്തിന് വിമുഖത അരുത് !