'പഞ്ചാബിലും വടക്കും പ്രശ്നമുണ്ടായാൽ എന്ത് ചെയ്യും?'; ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ സുപ്രീംകോടതി

'ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ പാർലമെന്റിന് അധികാരമുണ്ടോ?'

dot image

ന്യൂഡൽഹി: ജമ്മു കശ്മീരിനെ പോലെ പഞ്ചാബിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സമാന സാഹചര്യമാണുളളതെന്ന് സുപ്രീംകോടതി. ഒരു സംസ്ഥാനം വിഭജിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് വിട്ടുകൊടുത്താൽ അത് ദുരുപയോഗം ചെയ്യില്ലെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. വിഭജനം സംബന്ധിച്ച പ്രശ്നം എന്തുകൊണ്ട് പാർലമെന്റിന് പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും സുപ്രീം കോടതി ചോദിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

മറ്റ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ രാജ്യത്ത് ഒരുപാടുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എസ് കെ കൗൾ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീർ ഒറ്റപ്പെട്ടതാണെന്ന് കേന്ദ്രം കോടതിയിൽ വാദിച്ചു. ഗുജറാത്തോ മധ്യപ്രദേശോ വിഭജിക്കുകയാണെങ്കിൽ മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

'ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയാൽ എങ്ങനെ അധികാരം ദുർവിനിയോഗിക്കില്ലെന്ന് ഉറപ്പാക്കാനാകും. ഇത് ഒറ്റപ്പെട്ട സാഹചര്യമല്ല. പഞ്ചാബ് കടുത്ത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. സമാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രശ്നങ്ങളുണ്ടായിരുന്നു. നാളെ ഈ സംസ്ഥാനങ്ങളിലും പ്രശ്നങ്ങളുണ്ടായാൽ എന്തു ചെയ്യും?,'ജസ്റ്റിസ് എസ് കെ കൗൾ ചോദിച്ചു.

ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ പാർലമെന്റിന് അധികാരമുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എല്ലാ അയൽരാജ്യങ്ങളും ഇന്ത്യയുമായി സൗഹാർദ്ദത്തിലല്ലെന്നും ചരിത്രവും നിലവിലത്തെ സാഹചര്യവും കണക്കിലെടുത്ത് ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്കെത്തിക്കേണ്ടതുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള ഹർജികൾ 12-ാം ദിവസമാണ് തുടർച്ചയായി സുപ്രീം കോടതി പരിഗണിക്കുന്നത്. ജമ്മു കശ്മീരിന് എപ്പോൾ സംസ്ഥാനപദവി മടക്കി നൽകാനാകുമെന്ന് ആരാഞ്ഞ സുപ്രീം കോടതി, ഇതിനുള്ള സമയപരിധി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image