ഐഎംഎ കേരള ഘടകം നടത്തിയത് വന് നികുതി വെട്ടിപ്പ്

ഐഎംഎ നടത്തിയത് വന് നികുതി വെട്ടിപ്പെന്നാണ് ജിഎസ്ടി ഇന്റലിജന്സിന്റെ സത്യവാങ്മൂലം.

ഐഎംഎ കേരള ഘടകം നടത്തിയത് വന് നികുതി വെട്ടിപ്പ്
ശ്യാം ദേവരാജ്
2 min read|07 Jul 2023, 04:49 pm
dot image

കൊച്ചി: നികുതി വെട്ടിപ്പ് കേസില് ഇന്ത്യന് മെഡിക്കല് അസോസിയേഷന് കേരള ഘടകത്തിനെതിരെ കണക്കുകള് നിരത്തി കേന്ദ്ര ജിഎസ്ടി ഇന്റലിജന്സ്. ഐഎംഎ നടത്തിയത് വന് നികുതി വെട്ടിപ്പെന്നാണ് ജിഎസ്ടി ഇന്റലിജന്സിന്റെ സത്യവാങ്മൂലം. ജിഎസ്ടി ഇന്റലിജന്സ് കോഴിക്കോട് റീജിയണല് യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര് ശ്യാംനാഥ് എസ് ആണ് ഹൈക്കോടതിയില് സത്യവാങ്മൂലം നല്കിയത്. ഇതിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു.

കേന്ദ്ര ജിഎസ്ടി ഇന്റലിജന്സ് ഹൈക്കോടതിയില് നല്കിയ മറുപടി സത്യവാങ്മൂലത്തില് പറയുന്നത് ഇങ്ങനെ,1961-ലെ ഇന്കം ടാക്സ് നിയമത്തിന്റെ കീഴില് വരുന്ന സ്ഥാപനമാണ് ഐഎംഎ കേരള ഘടകം. ചാരിറ്റബിള് സൊസൈറ്റി എന്ന പേരില് നല്കുന്ന എല്ലാ സേവനങ്ങളും ചാരിറ്റി മാത്രമാണെന്ന് പറയാനാവില്ല. ഐഎംഎ നല്കുന്ന അംഗത്വ വരിസംഖ്യയും ഇതര പദ്ധതികളും നികുതി നിയമത്തിന്റെ പരിധിയിയില് വരും. ഏകദേശം 50 കോടി രൂപ നികുതിയിനത്തില് മാത്രം ഐഎംഎ കേരള ഘടകം നല്കേണ്ടതുണ്ടെന്ന് അന്വേഷണത്തില് വ്യക്തമാണ്. വിവിധ പദ്ധതികള് വഴി 280 കോടി രൂപയാണ് ഐഎംഎ കേരള ഘടകം നേടിയത് എന്നും ജിഎസ്ടി ഇന്റലിജന്സ് നല്കിയ എതിര് സത്യവാങ്മൂലത്തില് പറയുന്നു.

ഐടി റിട്ടേണ് സംബന്ധിച്ച രേഖകളും ബ്രോഷറുകളും ജിഎസ്ടി ഇന്റലിജന്സ് പരിശോധിച്ചു. ഇതിലൂടെ ജിഎസ്ടി കൂടി ഐഎംഎ കേരള ഘടകം പിരിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ബാധ്യതകളെ സംബന്ധിച്ചും അന്വേഷണവുമായി സഹകരിക്കുന്ന കാര്യത്തിലും ഐഎംഎ ഉറപ്പ് നല്കി. ഐഎംഎ ഭൂമി വാങ്ങിയതിലും ക്രമക്കേടുണ്ട്. ഇതും വരുമാന ഉപാധിയായാണ് ഐഎംഎ പരിഗണിച്ചതെന്നും ജിഎസ്ടി ഇന്റലിജന്സ് ആക്ഷേപിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായാണ് നേരിട്ട് ഹാജരാകാന് ജിഎസ്ടി ഇന്റലിജന്സ് സമന്സ് നല്കിയതെന്നും ജിഎസ്ടി ഇന്റലിജന്സ് സത്യവാങ്മൂലത്തില് പറയുന്നു. ഈ സമന്സ് തികച്ചും നിയമപരമാണ്. ചാരിറ്റബിള് സംഘടനയെന്ന ലേബലില് ഐഎംഎ നിരവധി സംരംഭങ്ങള് നടത്തുന്നുണ്ട്. ഇന്ഷുറന്സ് പദ്ധതികള് മാത്രമല്ല ഡോക്ടര്മാര്ക്കായി ഐഎംഎ നടത്തുന്നത്. ഇതില് ഹോട്ടലുകളും ബാറുകളും ഉള്പ്പെടും. ഐഎംഎയുടെ പേരിലുള്ള സ്ഥലം പാട്ടത്തിന് നല്കിയിട്ടുണ്ട്. അപ്പാര്ട്ട്മെന്റുകളുടെ നിര്മ്മാണം ഉള്പ്പടെയുള്ളവയില് അന്വേഷണം നടത്തണം. ഇതൊന്നും നികുതി നിയമമോ ജിഎസ്ടി നിയമമോ അനുസരിച്ചുള്ള ചാരിറ്റി പ്രവര്ത്തനങ്ങളില് ഉള്പ്പെടില്ല എന്നും ജിഎസ്ടി ഇന്റലിജന്സ് നല്കിയ സത്യവാങ്മൂലത്തില് പറയുന്നു.

ഐഎംഎ നടത്തുന്ന ഇന്ഷുറന്സ് പദ്ധതികള്ക്ക് ഐആര്ഡിഎ അനുമതിയില്ല. കോര്പ്പറേറ്റ് കമ്പനിയെന്ന നിലയിലാണ് ഐഎംഎയുടെ പ്രവര്ത്തനം. ചാരിറ്റിയുടെ മറവിലാണ് ഈ പ്രവര്ത്തനം ഐഎംഎ നടത്തുന്നത്. മഞ്ചേരിയിലും ചാലക്കുടിയിലും ഐഎംഎ ഫ്ലാറ്റുകള് നിര്മ്മിക്കുന്നുണ്ട്. കണ്സ്ട്രക്ഷന് കമ്പനിയുടെ ചുമതല നിര്വഹിക്കുന്ന ഐഎംഎയുടേത് ചാരിറ്റി പ്രവര്ത്തനമല്ലെന്നും ജിഎസ്ടി ഇന്റലിജന്സ് ഹൈക്കോടതിയില് നല്കിയ മറുപടി സത്യവാങ്മൂലത്തില് വ്യക്തമാക്കുന്നു.

ഐഎംഎ ഒരു ചാരിറ്റബിള് സംഘടനയാണെന്നും അംഗത്വ വരിസംഖ്യയിലൂടെയാണ് സംഘടന ഫണ്ട് കണ്ടെത്തുന്നത് എന്നുമാണ് ഐഎംഎ ഹൈക്കോടതിയില് നല്കിയ ഹര്ജിയില് പറയുന്നത്. ഇതിനായി അംഗങ്ങള്ക്ക് മാത്രമായി വിവിധ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ഐഎംഎ സംസ്ഥാന ഘടകത്തിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലും വിവിധ പ്രാദേശിക ഓഫീസുകളിലും നടത്തിയ റെയ്ഡില് നിരവധി രേഖകള് ശേഖരിച്ചു. ഇത് ജിഎസ്ടി ഇന്റലിജന്സ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വലിയ നികുതിവെട്ടിപ്പ് ഇതിലൂടെ ഉണ്ടായി എന്നാണ് വ്യക്തമാകുന്നതെന്നും മറുപടി സത്യവാങ്മൂലത്തില് പറയുന്നു.

എല്ലാ അംഗങ്ങള്ക്കും ഐഎംഎ കേരള ഘടകം ലൈഫ് മെമ്പര്ഷിപ്പ് ആണ് നല്കുന്നത്. ഒറ്റത്തവണ വരിസംഖ്യ നല്കുന്നത് ആജീവനാന്ത അംഗത്വത്തിന് വേണ്ടിയാണ്. ഇത് ഐഎംഎ കേരള ഘടകത്തിന്റെ പേരിലുള്ള ചെക്ക്, ഡിമാന്ഡ് ഡ്രാഫ്റ്റ് എന്നിവയിലൂടെയാണ് ശേഖരിക്കുന്നത്. അംഗത്വ വരിസംഖ്യയുടെ ഒരുഭാഗം ഐഎംഎ ദേശീയ ഘടകത്തിന് കൈമാറും. ഹെഡ് ക്വര്ട്ടര് ഫണ്ട് കോണ്ട്രിബ്യൂഷന് ആയാണ് ഇത് നല്കുന്നത്.

പ്രൊഫഷണല് പ്രൊട്ടക്ഷന് സ്കീം, കേരള ഹെല്ത്ത് സ്കീം, സോഷ്യല് സെക്യൂരിറ്റി സ്കീമുകള് തുടങ്ങിയവ ഇതിലുണ്ട്. ഐഎംഎ ചാരിറ്റബിള് സൊസൈറ്റി നിയമം അനുസരിച്ച് രജിസ്റ്റര് ചെയ്ത സംഘടനയാണ് എന്നാണ് സെക്രട്ടറിയുടെ വിശദീകരണം. അംഗത്വ വരിസംഖ്യ, മറ്റ് സേവനങ്ങളുടെ നിരക്ക് എന്നിവയ്ക്ക് ചരക്ക് സേവന നികുതി ബാധകമല്ലെന്നാണ് ഐഎംഎ കേരള ഘടകം സെക്രട്ടറി ജിഎസ്ടി ഇന്റലിജന്സിന് നല്കിയ വിശദീകരണം.

ഐഎംഎയും അനുബന്ധ സ്ഥാപനങ്ങളും ഇതര ബിസിനസ് സംരംഭങ്ങളില് വ്യാപൃതരാണ്. ഇതില് ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും റസിഡന്ഷ്യല് കോംപ്ലക്സുകളുടെ നിര്മ്മാണവും ഉള്പ്പെടുന്നു. അംഗങ്ങളുടെ കുടുംബം വഴി നടത്തുന്ന വ്യാപാര സേവനങ്ങളും ഇതിന്റെ പരിധിയില് വരും. ഹോട്ടലുകള്, കാര് വാടക സേവനം, ആര്ഒ വാട്ടര് പ്യൂരിഫയര്, എയര് ഫില്റ്റര് തുടങ്ങിയവയ്ക്ക് ഡിസ്കൗണ്ടുകളും ഐഎംഎ വഴി അംഗങ്ങള്ക്കും കുടുംബാംഗങ്ങള്ക്കും ലഭിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില് പറയുന്നു.

ആശുപത്രി ഉപകരണങ്ങള്ക്ക് വേണ്ടിയുള്ള സംരക്ഷണ പദ്ധതി ഐഎംഎയുടെ നിയന്ത്രണത്തിലുണ്ട്. പല രോഗ നിര്ണ്ണയ കേന്ദ്രങ്ങളിലും ഐഎംഎ അംഗങ്ങള്ക്കും കുടുംബാംഗങ്ങള്ക്കും 50 ശതമാനം വരെ കിഴിവ് ലഭിക്കുന്നു. അംഗത്വ വരിസംഖ്യയുടെ മറവില് നിരവധി ഇതര സേവനങ്ങളാണ് ഐഎംഎ അംഗങ്ങള്ക്കായി നല്കുന്നത്. ഐഎംഎയുടെ അംഗത്വമെടുത്താല് സേവനം എന്ന നിര്വചനത്തില് വരുന്നതും നികുതി നല്കേണ്ടതുമായ എല്ലാ കാര്യങ്ങളില് നിന്നും ഇളവ് നേടാനാകും.

ഇത് 2017-ലെ ജിഎസ്ടി നിയമത്തിന്റെ 7.1.എ വകുപ്പിന്റെ പരിധിയില് ഉള്പ്പെടും. സേവനം ലഭ്യമാക്കിയാല് ഏതൊരു സംഘടനയും ജിഎസ്ടി നിയമത്തിന്റെ പരിധിയില് വരുമെന്ന കാര്യം 2021-ലെ ഭേദഗതി നിയമത്തിലൂടെ വ്യക്തത വരുത്തിയിട്ടുണ്ടെന്നാണ് മറുപടി സത്യവാങ്മൂലത്തിലൂടെ ജിഎസ് ഇന്റലിജന്സ് ഐഎംഎ കേരള ഘടകത്തിനെതിരെ ഉയര്ത്തുന്ന ആക്ഷേപം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us