കേരളത്തില് ബിജെപി വളരുന്നോ? വോട്ടുവിഹിതം നല്കുന്ന സൂചനകള് ഇങ്ങനെ

കേരളത്തിലെ ബിജെപിയുടെ വോട്ടുശതമാനത്തിന്റെ ചരിത്രം വിലയിരുത്തുന്നു

dot image

തൃശ്ശൂരിലൂടെ കേരളത്തില് അക്കൗണ്ട് തുറന്ന ബിജെപി ഈ തിരഞ്ഞെടുപ്പിലൂടെ വോട്ടുവിഹിതം വര്ദ്ധിപ്പിച്ച് ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 19 മണ്ഡലങ്ങളിലും 2019ലെ തിരഞ്ഞെടുപ്പിനെക്കാള് വോട്ടു കുത്തനെ ഉയര്ത്തി. കോട്ടയം ജില്ലയിലൊഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം 2019നേക്കാര് മികച്ച പ്രകടനമാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി കാഴ്ച്ചവെച്ചത്. താമര ചിഹ്നത്തില് ഇതാദ്യമായി ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായത് മാത്രമല്ല മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചു. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തുമെത്തി.

തിരുവനന്തപുരം, ആറ്റിങ്ങല്, തൃശ്ശൂര് ലോകസ്ഭാ മണ്ഡലങ്ങളില് മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ച വെച്ചത്. മുഴുവന് മണ്ഡലങ്ങളില് നിന്നായി 37,40,952 വോട്ട് നേടി 19.18 ശതമാനം വോട്ടു വിഹിതവും കരസ്ഥമാക്കി. 2019ലെ തിരഞ്ഞെടുപ്പില് ആകെ 31,71,792 വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. വോട്ട് വിഹിതം 15.56 ശതമാനവും. തൃശ്ശൂരില് 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. മുതിര്ന്ന ബിജെപി നേതാവ് പ്രകാശ് ജാവേദേക്കറിനായിരുന്നു കേരളത്തിന്റെ ചുമതല. കൃത്യമായ ആസുത്രണത്തോടെയായിരുന്നു വിജയം ലക്ഷ്യംവെച്ച് തൃശ്ശൂരില് പാര്ട്ടിയുടെ നീക്കം. സുരേഷ് ഗോപിയുടെ ഗുരുവായൂരില് നടന്ന കല്ല്യാണത്തില് പങ്കെടുത്തതടക്കം മൂന്ന് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരില് പ്രചാരണത്തിനെത്തിയിരുന്നു. കൂടാതെ താന് ജയിക്കുമെന്ന രീതിയിലുള്ള സമീപനം തിരഞ്ഞെടുപ്പിന്റെ ഒരു പ്രചാരണ ഘട്ടത്തിലും സുരേഷ് ഗോപി സൃഷ്ടിച്ചിരുന്നില്ല. ഇതിലൂടെ എതിരാളികള് തനിക്കെതിരെ ഒറ്റകെട്ടായി നില്ക്കാനുള്ള സാധ്യതയും സുരേഷ് ഗോപി ഇല്ലാതാക്കി. ഇത് ബിജെപിക്ക് ഏറെ ഗുണം ചെയ്തു. ഇതിലൂടെ നിഷ്പക്ഷ വോട്ടുകള് കൂടുതല് നേടാനും അദ്ദേഹത്തിനായി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സുരേഷ് ഗോപിക്ക് ഇക്കുറി 1,18,516 വോട്ട് അധികവും ലഭിച്ചു.

11 നിയമസഭ മണ്ഡലങ്ങളില് ഒന്നാം സ്ഥാനം

തൃശ്ശൂരിലെ ഗുരുവായൂരിലൊഴികെ മണലൂര്, ഒല്ലൂര്, തൃശ്ശൂര്, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിങ്ങനെ ആറ് നിയമസഭ മണ്ഡലങ്ങളില് ബിജെപിയാണ് ഒന്നാംസ്ഥാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് എല്ഡിഎഫിന് മികച്ച ലീഡ് നല്കിയ മണ്ഡലങ്ങളിലാണ് ബിജെപിയുടെ കുതിപ്പ്. തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്കാവ് ആറ്റിങ്ങല് മണ്ഡലത്തിലെ വര്ക്കല, ആറ്റിങ്ങല്, കാട്ടാകട എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഇക്കുറി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് എന്ഡിഎ സ്ഥാനാര്ഥി രാജീവ് ചന്ദ്രശേഖറിനാണ് രണ്ടാം സ്ഥാനം. 342078 വോട്ട് നേടിയാണ് തലസ്ഥാനത്ത് ബിജപി സ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്ഥി 316142 വോട്ടായിരുന്നു നേടിയത്. ഇക്കുറി കാല് ലക്ഷത്തിലേറെ വോട്ട് അധികം നേടാന് രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്ത് സാധിച്ചു.

ആറ്റിങ്ങലില് 2019ല് ശോഭ സുരേന്ദ്രന് 248081 വോട്ടുകള് നേടിയപ്പോള് ഇത്തവണ മുരളീധരന് അത് 311779 വോട്ടാക്കി ഉയര്ത്തി. 63698 വോട്ടുകളാണ് മുരളീധരന് ഇത്തവണ അധികം നേടിയത്. ആലപ്പുഴയില് കഴിഞ്ഞ തവണ കെ എസ് രാധാകൃഷ്ണന് 187729 വോട്ടായിരുന്നു നേടിയത്. ഇത്തവണ ശോഭാ സുരേന്ദ്രന് അത് 299648 വോട്ടായി ഉയര്ത്തി.

ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് മത്സരിച്ച വയനാട്ടും സംസ്ഥാന ജനറല് സെക്രട്ടറി എം ടി രമേശ് മത്സരിച്ച കോഴിക്കോട്ടും വോട്ട് നില കുത്തനെ ഉയര്ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള് രമേശ് 18,450 വോട്ടും സുരേന്ദ്രന് 62,229 വോട്ടും അധികം നേടി. പാര്ട്ടി കോട്ടയായ കണ്ണൂരില് ചരിത്രത്തിലാദ്യമായി ഒരു ലക്ഷത്തിലേറെ വോട്ടുകള് ബിജെപി സമാഹരിച്ചു. ബിജെപി സ്ഥാനാര്ഥി സി രഘുനാഥ് ഇവിടെ 119876 വോട്ടുനേടി. കഴിഞ്ഞ തവണ ഇത് 68509 ആയിരുന്നു. അര ലക്ഷത്തിലേറെ വോട്ടുകള് കൂടുതലാണ് ബിജെപിക്ക് കണ്ണൂരില് ഇത്തവണ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് ധര്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്ഥിയായി മത്സരിച്ച നേതാവാണ് സി രഘുനാഥ്. ഇയാള് പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. തുടര്ന്നാണ് ഇക്കുറി കണ്ണൂര് മണ്ഡലത്തില് നിന്ന് ബിജെപി ടിക്കറ്റില് ജനവിധി തേടിയത്. എന്നിട്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന് അദ്ദേഹത്തിന് സാധിച്ചു.

മുസ്ലീംലീഗിന്റെ കോട്ടയായ മലപ്പുറത്തും പൊന്നാന്നിയിലും ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മലപ്പുറത്ത് കഴിഞ്ഞ വര്ഷത്തേക്കാള് പതിനായിരത്തിലേറെ വോട്ട് കൂടുതല് നേടാനായി. പൊന്നാന്നിയില് മൂവായിരത്തിലേറെയും. നിരവധി മണ്ഡലങ്ങളില് വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള് വ്യക്തമാക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തില് ഇത് വലിയൊരു നേട്ടം തന്നെയാണ്. ഇടതു വലതു മുന്നണികളില് കേന്ദ്രീകരിച്ച കേരള രാഷ്ട്രീയത്തില് ശക്തമായ സജീവ സാന്നിദ്ധ്യം തെളിയിക്കുകയാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ബിജെപി. ഇടതു, വലതു മുന്നണികളിലെ ആലയങ്ങളില് മാത്രം ഒതുങ്ങിനിന്ന കേരള രാഷ്ട്രീയത്തില് മറ്റൊരു ബദലായി ബിജെപി ഉയര്ന്നു വരുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

dot image
To advertise here,contact us
dot image