ലാളിത്യം, മാനുഷികത, അടിച്ചമർത്തപ്പെട്ടവരുടെ ആത്മവിശ്വാസം; 'മണ്ടേല' എന്ന ഓർമ

സംയമനവും സൗമനസ്യവുമാണ് ഭരണനൈപുണ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്നതിന് മണ്ടേലയാണ് ഏറ്റവും മികച്ച ഉദാഹരണം. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവുമായിരുന്നു മണ്ടേലയുടെ പോരാട്ടങ്ങളുടെ ലക്ഷ്യം.

സ്വാതി രാജീവ്
3 min read|05 Dec 2023, 11:44 am
dot image

നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില് അവസാനമില്ലാത്ത വിവേചനങ്ങള്. മനുഷ്യനെ മനുഷ്യനായി കാണാന് കഴിയാത്തവരുടെ പല പല കൂട്ടങ്ങള്. കാലമെത്ര മാറിയിട്ടും, ലോകമെത്ര മുന്നോട്ടു നടന്നിട്ടും മാറ്റിനിര്ത്തലുകള്ക്ക് ലോകത്ത് കുറവൊന്നുമില്ല. വിവേചനമെന്നും സ്വാതന്ത്ര്യമെന്നും പോരാട്ടമെന്നും കേള്ക്കുമ്പോഴൊക്കെ ഉള്ളിലേക്ക് വന്നുകേറുന്നൊരു പേരുണ്ട്. നെല്സണ് മണ്ടേല. കറുത്ത മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്ക്കും വേണ്ടി വിപ്ലവം സൃഷ്ടിച്ച നേതാവ്.

ദക്ഷിണാഫ്രിക്കയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ വിമോചന നായകനാണ് ഈ മനുഷ്യന്. മരണം വരെ വിടാതെ കാത്ത പോരാട്ടവീര്യത്തിന്റെ ഉടമ. അദ്ദേഹം സൃഷ്ടിച്ച പോരാട്ടവഴികള്ക്ക് ഇന്നും പകരമൊന്നില്ല. തൊലിക്കറുപ്പിന്റെ പേരില് അടിമകളെപ്പോലെ ജീവിക്കേണ്ടിവന്ന ജനതയ്ക്കു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. കറുത്തവരുടെ വേദനകളെ ഹൃദയത്തിലേക്കെടുത്ത് പട നയിച്ചു മണ്ടേല. തിരികെ കിട്ടിയതോ ജയില്വാസവും. ഒന്നും രണ്ടും വര്ഷമല്ല, 27 വര്ഷം നീണ്ട ജയില് വാസം.

മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവുമായിരുന്നു മണ്ടേലയുടെ പോരാട്ടങ്ങളുടെ ലക്ഷ്യം. വെള്ളക്കാരായ ഭരണാധികാരികൾ അദ്ദേഹത്തെ അടിമുടി വേട്ടയാടി. ശാരീരികമായും മാനസികമായും നിരന്തരം തകർക്കാൻ ശ്രമിച്ചു. പക്ഷേ തോല്ക്കാനുള്ള മനസ്സായിരുന്നില്ല അദ്ദേഹത്തിന്. കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കായി ആയുസ്സും ആരോഗ്യവും കൊണ്ട് അദ്ദേഹം പോരാടി. വര്ണവിവേചനത്തിന്റെ പേരില് മുക്കാൽപങ്കും വരുന്ന രാജ്യത്തെ കറുത്ത വർഗക്കാരെ തീര്ത്തും പടിക്കു പുറത്തുനിര്ത്തിയായിരുന്നു ദക്ഷിണാഫ്രിക്കയിൽ തിരഞ്ഞെടുപ്പു നടത്തിയത്. അതിനെതിരെ കൂടിയായിരുന്നു അദ്ദേഹത്തിന്റെ സമരമുറ.

1947-ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ യുവ വിഭാഗത്തിന്റെ തലവന്. 1951ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ തന്നെ ദേശീയ പ്രസിഡന്റ്. നിരന്തര പോരാട്ടത്തിന്റെ വര്ഷങ്ങള്. അതിനിടെ, സര്ക്കാരിനെതിരെ സായുധാക്രമണം ആസൂത്രണം ചെയ്തെന്ന കുറ്റംചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 5 വർഷത്തെ തടവിന് ആദ്യവിധി. ജയിൽ ജീവിതത്തിനിടയിൽ തന്നെ 1964 ജൂൺ 12നു രാജ്യദ്രോഹകുറ്റം ചുമത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നെ 18 വർഷം റോബൻ ദ്വീപിലെ ജയിലിൽ. ജയില്പുള്ളിയുടെ നമ്പര് 46664. ഇടുങ്ങിയ ഒരു മുറി. തറയില് കിടക്കണം. നീണ്ടുനിവര്ന്നു കിടക്കാന് പോലും കഴിയാത്ത കുടുസ്സുമുറിയില് ആണ്ടുകള് നീണ്ട ജീവിതം.

മൂന്ന് പതിറ്റാണ്ടിനരികിലെത്തിയ ജയില്ജീവിതത്തിനൊടുവില് അദ്ദേഹത്തെ വിട്ടയക്കാന് ഭരണകൂടം നിര്ബന്ധിതരായി. ഫലമോ, പതിറ്റാണ്ടുകള് നീണ്ട വര്ണവിവേചന നയം അവസാനിച്ചു. അങ്ങനെ 1990ല് മണ്ടേല ജയില്മോചിതനായി. ലോകമാകെ ആവേശത്തോടെ കൊണ്ടാടിയ ചരിത്രമുഹൂര്ത്തം. നാല് വര്ഷങ്ങള്ക്കപ്പുറം 1994ല് ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായുള്ള സത്യപ്രതിജ്ഞ. അന്നോളമുള്ള പോരാട്ടങ്ങളുടെയത്രയും സാഫല്യനിമിഷം.

രാജ്യത്തെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ പങ്കാളികളാക്കി 1994 ഏപ്രിൽ 27ന് ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പ്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ആവേശകരമായ തുടക്കം. മെയ് 10നു നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി. സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം അഥവാ ‘ലോങ് വാക്ക് ടു ഫ്രീഡം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതും ചരിത്രം പിറന്ന ആ ആണ്ടില് തന്നെ.

ഇനിയാണ് പോരാട്ടങ്ങള്ക്കെല്ലാം അപ്പുറം അദ്ദേഹം തീര്ത്ത മഹാമാതൃക കൂടി പറയേണ്ടത്. പ്രസിഡന്റ് പദവിയിൽ അഞ്ചുവർഷം പൂർത്തിയാക്കിയ അദ്ദേഹം സജീവരാഷ്ട്രീയത്തോടു വിട പറഞ്ഞു. കേവലം 5 വര്ഷത്തിനപ്പുറം 1999ല് അംഗീകാരങ്ങളുടെയും വാഴ്ത്തലുകളുടെയും നടുവിലായിരുന്നിട്ടും സ്വമേധയാ അദ്ദേഹം പടിയിറങ്ങി. ലോകമാകെയും ജനനേതാക്കള് പദവികള്ക്കായി എന്തും ചെയ്യുന്ന കാലത്താണ്, അര്ഹതകളുടെ നീണ്ട പട്ടിക ഉണ്ടായിട്ടും മണ്ഡേല വഴിമാറിയത് എന്നുകൂടി ഓര്ക്കുക.

സംയമനവും സൗമനസ്യവുമാണ് ഭരണനൈപുണ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്നതിന് മണ്ടേലയാണ് ഏറ്റവും മികച്ച ഉദാഹരണം. അധികാരമേറ്റതിന് പിന്നാലെ കറുത്ത വര്ഗക്കാരും വെള്ളക്കാരും തമ്മില് ലഹളയോ കലഹങ്ങളോ ഒക്കെ ഭയന്നിരുന്നു ലോകം. പക്ഷേ വ്യക്തിപരമായി മണ്ഡേല എങ്ങനെ ആയിരുന്നോ ആ മട്ടില് തന്നെയായിരുന്നു മുന്നോട്ടുപോക്ക്. എല്ലാ വിഭാഗക്കാരുടെയും നേതാവായി അദ്ദേഹം പെട്ടെന്ന് മാറി. ജയില്കാലത്തടക്കം അനുഭവിച്ച പീഡനങ്ങളും ആക്ഷേപങ്ങളും ഒന്നും അദ്ദേഹം ആരോടും കാണിച്ചില്ല. അന്നോളം എതിര്പക്ഷത്തുനിന്നവരെ കൂടി വിശ്വാസത്തിലെടുത്തു മണ്ടേല എന്ന രാജ്യനായകന്.

തോറ്റുകൊടുക്കാന് മനസ്സില്ലാത്ത കരുത്ത്, ആദര്ശ ധീരത, ജീവിതത്തിലെ ലാളിത്യം, മാനുഷികത എന്ന മഹാമൂല്യം. ഇതെല്ലാം ഒരുമിച്ചു മണ്ടേലയില് കാണാം. ഒരുകാലത്ത് സായുധ വിപ്ലവത്തിന്റെ വക്താവായിരുന്ന മണ്ടേല, പിന്നീട് സമാധാനത്തിന്റെയും അഹിംസയുടെയും ഗാന്ധിയന് വഴികളിലേക്കെത്തി. ഗാന്ധിയും അദ്ദേഹത്തിന്റെ മൂല്യങ്ങളും എന്നും മണ്ഡേലയുടെ വലിയ കരുത്തായിരുന്നു.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് 2013 ഡിസംബർ 5ന് 95-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആ വിയോഗത്തിന് പത്താണ്ട് തികയുമ്പോള് ലോകം പല ദശാസന്ധികളിലൂടെ കടന്നുപോയിരിക്കുന്നു. ഓരോ പ്രതിസന്ധിയിലും തെളിഞ്ഞുകാണാം മണ്ടേലയെപ്പോലൊരു നേതാവിന്റെ വിടവ്. അത്തരമൊരു നേതാവിലേക്ക് ഈ കാലത്തിന് നടന്നെത്താന് ആ ആത്മകഥയുടെ തലക്കെട്ടു പോലെ നീണ്ട നടത്തം തന്നെ വേണ്ടിവരും. ഇത്രമേല് ലോകത്തിന് പ്രചോദനമായ നേതാക്കള് അത്യപൂര്വ്വം. ഒരു ജനതയുടെ ഹൃദയത്തില് തൊട്ട, ആ ജനതയുടെ വേദനകള് ഹൃദയത്തില് ഏറ്റുവാങ്ങിയ ഒരേയൊരു നെല്സണ് മണ്ടേല. ഉജ്ജ്വലമായ ആ ഓര്മകള്ക്ക് ലോകമുള്ളിടത്തോളം മരണമില്ല, മനുഷ്യരോടുള്ള കാരുണ്യം നിറയുന്ന ആ ചിരിക്കും.

dot image
To advertise here,contact us
dot image