അവിശ്വാസ പ്രമേയം; എന്ത്, എന്തിന്, ചരിത്രം.....വിശദമായി അറിയാം

ഇന്ത്യൻ പാർലമെന്റ് വീണ്ടുമൊരു വിശ്വാസ വോട്ടെടുപ്പിന് വേദിയാകുകയാണ്. എന്താണ് അവിശ്വാസ പ്രമേയം, എന്തിനാണ് അവിശ്വാസ പ്രമേയം, ഇതുവരെ എത്ര അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്, ഫലം എന്തായിരുന്നു.

അവിശ്വാസ പ്രമേയം; എന്ത്, എന്തിന്, ചരിത്രം.....വിശദമായി അറിയാം
വീണാ ചന്ദ്
3 min read|08 Aug 2023, 08:42 am
dot image

1963ൽ, മൂന്നാം ലോക്സഭയിലാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ജവഹർലാൽ നെഹ്റു ആയിരുന്നു അന്ന് പ്രധാനമന്ത്രി. കോൺഗ്രസ് വിമതൻ ആചാര്യ ജെ ബി കൃപലാനി ആണ് അന്ന് സർക്കാരിനെതിരെ അവിശ്വാസം അവതരിപ്പിച്ചത്. നെഹ്റു സർക്കാർ മുന്നോട്ടുവെച്ച ചൈന പോളിസിക്ക് എതിരെയായിരുന്നു അവിശ്വാസപ്രമേയം. നാല് ദിവസം, 21 മണിക്കൂർ 33 മിനിറ്റ് നീണ്ടു നിന്നു അന്ന് അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച. അന്ന് 347 എംപിമാർ പ്രമേയത്തെ എതിർത്തു, 62 എംപിമാർ പ്രമേയത്തെ അനുകൂലിച്ചു. അങ്ങനെ നെഹ്റു സർക്കാർ വിശ്വാസം തെളിയിച്ചു.

എന്താണ് അവിശ്വാസ പ്രമേയം

സർക്കാരിലുള്ള വിശ്വാസമില്ലായ്മ, അഥവാ അവിശ്വാസം പ്രകടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന പാർലമെൻററി ആയുധമാണ് അവിശ്വാസ പ്രമേയം. ഭരണകക്ഷിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ സർക്കാർ താഴെവീഴും. പാർലമെന്റിൽ ലോക്സഭയിൽ മാത്രമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.

ആർക്കാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാവുക

ലോക്സഭയിലെ ഏതൊരു അംഗത്തിനും പ്രമേയം അവതരിപ്പിക്കാം. അതിന് 50 അംഗങ്ങളുടെ പിന്തുണ ഉണ്ടാകണമെന്ന് മാത്രം. അവിശ്വാസ പ്രമേയം രേഖാമൂലമുള്ളതായിരിക്കണം. ആരാണോ പ്രമേയം അവതരിപ്പിക്കുന്നത് അവർ ഒപ്പ് വെയ്ക്കുകയും വേണം. സഭ ചേരുന്ന ഏത് ദിവസവും രാവിലെ 10 മണിക്ക് മുമ്പായി പ്രമേയം ലോക്സഭാ സ്പീക്കർക്ക് സമർപ്പിക്കാം. ആ പ്രമേയത്തിന്മേൽ ചർച്ച വേണമോ എന്ന് സ്പീക്കർക്ക് തീരുമാനിക്കാം. പ്രമേയം സ്പീക്കർ അംഗീകരിച്ചാൽ, ഏത് ദിവസമാണ് പ്രമേയത്തിൻമേൽ ചർച്ച നടത്തേണ്ടത് എന്ന് തീരുമാനമെടുക്കാം. ലോക്സഭാചട്ടം 198 അനുസരിച്ച് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സർക്കാർ ചർച്ചയ്ക്ക് ക്ഷണിക്കും. ആരാണോ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയത് അവർ പ്രമേയം വായിക്കുകയും ഭരണപക്ഷം അതിന് മറുപടി നൽകുകയും ചെയ്യും. പ്രതിപക്ഷ അംഗങ്ങൾക്കും പ്രതികരിക്കാൻ അവസരമുണ്ടാകും.

ചർച്ചക്ക് ശേഷമുള്ള നടപടിക്രമം എങ്ങനെ

പ്രമേയത്തിൻമേൽ ചർച്ച പൂർത്തിയായാൽ വോട്ടെടുപ്പ് നടത്താം. ശബ്ദവോട്ട്, തലയെണ്ണൽ, ബാലറ്റ് എന്നിങ്ങനെ ഏത് രീതിയും സ്വീകരിക്കാം. സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ പ്രമേയം പാസാകും. പ്രമേയം പാസായാൽ സർക്കാർ രാജിവെക്കണം. പ്രമേയം പരാജയപ്പെട്ടാൽ സർക്കാരിന് ഭരണത്തിൽ തുടരാം. ഒരു അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പരാജയപ്പെട്ടാൽ ആറ് മാസത്തിനു ശേഷമേ സർക്കാരിനെതിരെ അടുത്ത അവിശ്വാസ പ്രമേയം കൊണ്ടുവരാനാവൂ.

അവിശ്വാസ പ്രമേയങ്ങളുടെ ചരിത്രം

27 അവിശ്വാസ പ്രമേയങ്ങളാണ് ലോക്സഭയിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. മൂന്ന് സർക്കാരുകൾ അവിശ്വാസ പ്രമേയത്തിൽ അടിതെറ്റി വീണിട്ടുണ്ട്. വി പി സിംഗ്, എച്ച് ഡി ദേവഗൗഡ, അടൽ ബിഹാരി വാജ്പേയ് എന്നിവരാണ് അങ്ങനെ ഭരണം നഷ്ടപ്പെട്ട പ്രധാനമന്ത്രിമാർ.

16 വർഷത്തെ ഭരണകാലയളവിൽ 15 അവിശ്വാസം നേരിട്ട ഒരു പ്രധാനമന്ത്രിയുണ്ട്, ഇന്ദിരാഗാന്ധി. 1964-75 കാലഘട്ടത്തിലാണ് ഇത്. ഇവയിൽ പന്ത്രണ്ടും ഇന്ദിരാ ഗാന്ധിക്കെതിരെയുള്ളതായിരുന്നു. പിന്നീട് 1981-82 കാലത്ത് മൂന്ന് അവിശ്വാസ പ്രമേയങ്ങൾ കൂടി ഇന്ദിരാ സർക്കാർ നേരിട്ടു. അങ്ങനെ അധികാരത്തിലിരിക്കെ ഏറ്റവുമധികം അവിശ്വാസപ്രമേയങ്ങൾ നേരിട്ട പ്രധാനമന്ത്രിയായി. ഇന്ദിരാഗാന്ധിക്കെതിരെ 1967ൽ അവിശ്വാസം പ്രമേയം അവതരിപ്പിച്ചത് അടൽ ബിഹാരി വാജ്പേയി ആയിരുന്നു. പിന്നീട് 1999ൽ അദ്ദേഹം അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തായി എന്നത് ചരിത്രകൗതുകം.

1979 ജൂലൈ 11ന്, ആറാം ലോക്സഭയിലാണ് സർക്കാരിനെ താഴെയിറക്കിയ ആദ്യ അവിശ്വാസ പ്രമേയം ചർച്ചയാകുന്നത്. ആദ്യ കോൺഗ്രസ് ഇതര സർക്കാരായിരുന്നു അത്. പ്രധാനമന്ത്രിസ്ഥാനത്ത് മൊറാർജി ദേശായി. സർക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ചത് കോൺഗ്രസിലെ വൈ ബി ചവാൻ. രണ്ട് ദിവസങ്ങളിലായി ഒമ്പത് മണിക്കൂർ നീണ്ട ചർച്ച. എന്നാൽ, പ്രമേയം വോട്ടിനിടും മുമ്പ് ജൂലൈ 15ന് മൊറാർജി ദേശായി രാജിവെച്ചു. ഒരു അവിശ്വാസപ്രമേയത്തെ അതിജീവിച്ച മൊറാർജി ദേശായിക്ക് രണ്ടാം തവണ അടിപതറുകയായിരുന്നു.

1990 നവംബർ ഏഴിനാണ് വി പി സിങ് മന്ത്രിസഭയെ താഴെയിറക്കിയ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. രാമക്ഷേത്ര വിഷയത്തിൽ ബി ജെ പി പിന്തുണ പിൻവലിച്ചതാണ് സർക്കാരിൻറെ പതനത്തിന് വഴിവച്ചത്. അന്ന് 346 വോട്ടിനെതിരെ 142 വോട്ടുകൾക്ക് വി പി സിങ് പരാജയപ്പെട്ടു, സർക്കാർ നിലംപൊത്തി.

1997 ഏപ്രിൽ 11നാണ് എച്ച് ഡി ദേവഗൗഡ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടത്. ജനതാദൾ- കോൺഗ്രസ് സഖ്യത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരായിരുന്നു അത്. 1996ലാണ് അധികാരത്തിലെത്തിയത്. എന്നാൽ, മാസങ്ങൾക്കിപ്പുറം കോൺഗ്രസ് പിന്തുണ പിൻവലിച്ചു. 292നെതിരെ 158 വോട്ടുകൾ നേടാനേ ദേവഗൗഡയ്ക്ക് കഴിഞ്ഞുള്ളു. അങ്ങനെ സർക്കാരിന് താഴെയിറങ്ങേണ്ടി വന്നു.

വിശ്വാസവോട്ടെടുപ്പിൽ അടിതെറ്റിയ മറ്റൊരു പ്രധാനമന്ത്രി വാജ്പേയി ആണ്. 1996ൽ കുറച്ചുകാലവും 1998-99 കാലത്തും വാജ്പേയി പ്രധാനമന്ത്രിയായിട്ടുണ്ട്. ഇക്കാലയളവിൽ മൂന്ന് അവിശ്വാസപ്രമേയങ്ങളെ അദ്ദേഹത്തിന്റെ സർക്കാർ നേരിട്ടു. 1999ൽ മൂന്നാം അവിശ്വാസത്തെ അതിജീവിക്കാൻ സർക്കാരിനായില്ല. ജയലളിതയുടെ എഐഡിഎംകെ പിന്തുണ പിൻവലിച്ചതോടെ ഒരു വോട്ടിനാണ് സർക്കാർ പരാജയപ്പെട്ടത്. അന്ന് സർക്കാർ രൂപീകരിക്കാനുള്ള അംഗസംഖ്യ പ്രതിപക്ഷത്തിനുമില്ലാതെ വന്നതോടെ 12ാം ലോക്സഭ കാലാവധി പൂർത്തിയാകാതെ പിരിച്ചുവിടേണ്ടിയും വന്നു. 1999 മുതൽ 2004 വരെ വീണ്ടും പ്രധാനമന്ത്രിയായ വാജ്പേയി 2003ലും ഒരു അവിശ്വാസ വോട്ടെടുപ്പ് നേരിട്ടു. സോണിയാ ഗാന്ധിയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, 125 വോട്ടുകൾക്ക് എൻഡിഎ സർക്കാർ വിജയിച്ചു. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്ന, ആദ്യ കോൺഗ്രസ് ഇതര സർക്കാരുമായിരുന്നു അത്.

ഏറ്റവുമൊടുവിൽ ലോക്സഭ വിശ്വാസ വോട്ടെടുപ്പിന് വേദിയായത് 2018ലാണ്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, എൻഡിഎ മുന്നണി വിട്ട ശേഷമാണ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്. വൈഎസ്ആർസിപിയും പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ചു. എന്നാൽ, സ്പീക്കർ സുമിത്രാ മഹാജൻ രണ്ട് തവണയും അനുമതി നിഷേധിച്ചു. പിന്നീട്, വർഷകാല സമ്മേളനത്തിൽ ടിഡിപി എംപി ശ്രീനിവാസ് കേസിനേനിക്ക് സ്പീക്കർ അവിശ്വാസ പ്രമേയത്തിന് അനുമതി നൽകി. 12 മണിക്കൂർ വിശ്വാസ പ്രമേയത്തിന്മേൽ ചർച്ച നടന്നു. 199 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മോദി സർക്കാർ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി. 126 എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 325 എംപിമാർ എതിർത്ത് വോട്ട് ചെയ്തു.

വിവാദത്തിലായ അവിശ്വാസം

അവിശ്വാസ പ്രമേയ അവതരണം വലിയ വിവാദത്തിലായ സംഭവവും പാർലമെന്റിലുണ്ടായിട്ടുണ്ട്. 2008ൽ മൻമോഹൻ സിംഗ് ഭരണകാലത്താണ്. ഇന്ത്യ- അമേരിക്ക ആണവകരാറിനെ ചൊല്ലി യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചു. പിന്നാലെ ബിജെപി അവിശ്വാസം അവതരിപ്പിച്ചു. വോട്ടുകൾ നിർണായകമായതുകൊണ്ടുതന്നെ രോഗശയ്യയിൽ നിന്നും ജയിലുകളിൽ നിന്നും എംപിമാരെ ഭരണപക്ഷം സഭയിലെത്തിച്ചു. അവിശ്വാസപ്രമേയത്തിന്മേൽ ചർച്ച നടക്കുന്നതിനിടെ മൂന്ന് ബിജെപി എംഎൽഎമാർ നോട്ടുകെട്ടുകളുയർത്തി പ്രതിഷേധിക്കുകയും ബഹളം വെക്കുകയും ചെയ്തു. അനുകൂലമായി വോട്ടു ചെയ്യാൻ തങ്ങൾക്ക് കൈക്കൂലിയായി കോടികൾ വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. ഒരു കോടി രൂപ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. സമാജ് വാദി പാർട്ടി നേതാവ് അമർ സിംഗാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും ഇവർ ആരോപിച്ചു. അന്ന് കോൺഗ്രസിന്റെ സഖ്യ കക്ഷിയായിരുന്നു സമാജ് വാദി പാർട്ടി. സംഭവം വിവാദമായി, കേസായി. മൂന്നു ബിജെപി എംഎൽഎമാരെയും വിസിൽ ബ്ലോവേഴ്സ് ആയി പരിഗണിച്ചു. പിന്നീട് 2013ൽ കോടതി അമർ സിംഗിനേയും ബിജെപി എംഎൽഎമാരെയും കുറ്റവിമുക്തരാക്കി. കുറ്റം ചെയ്തതതിന് തെളിവുകളില്ലെന്നാണ് കോടതി പറഞ്ഞത്.

രാഹുലിന്റെ കെട്ടിപ്പിടുത്തവും മോദിയുടെ അമ്പരപ്പും

മോദി സർക്കാർ വീണ്ടുമൊരു വിശ്വാസ വോട്ടെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ ഏറ്റവുമാദ്യം നമുക്ക് ഓർമ്മ വരുന്നത് ആ ആലിംഗനമായിരിക്കും. 2018ലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി വന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചേർത്തുപിടിച്ച ആ നിമിഷം. മാധ്യമങ്ങൾക്കു വേണ്ടിയുള്ള പ്രകടനം എന്നൊക്കെ ബിജെപി അതിനെ പരിഹസിച്ചു. ഒരുപാട് സർപ്രൈസുകൾ ഇനിയും കാത്തിരിക്കുന്നു എന്നാണ് മറുപടിയായി കോൺഗ്രസ് അന്ന് പറഞ്ഞത്. 2019ലെ തെരഞ്ഞെടുപ്പിൽ കളം പിടിക്കുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് വക്താവ് സഞ്ജയ് ഝായെക്കൊണ്ട് അങ്ങനെ ട്വീറ്റ് ചെയ്യിച്ചത്. ആ പ്രതീക്ഷ വിഫലമായെങ്കിലും മറ്റൊന്ന് സംഭവിച്ചു. അന്നു വരെ കണ്ട രാഹുലിൽ നിന്ന് വേറൊരു രാഹുലായി അയാൾ മാറിത്തുടങ്ങി. അത്തരത്തിൽ രാഹുലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യത്തെ നീക്കമായിരുന്നു അത്. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നതിന്റെ ആദ്യപടി.

അഞ്ചു വർഷങ്ങൾക്കിപ്പുറം മോദി സർക്കാരിന്റെ പിൻബലം 331 എംപിമാരാണ്. ബിജെപിക്ക് മാത്രം 303 അംഗങ്ങളുണ്ട്. വിശാല പ്രതിപക്ഷസഖ്യമായ ഇൻഡ്യക്ക് 144 എംപിമാർ മാത്രമാണുള്ളത്. ബിആർഎസ്, വൈഎസ്ആർസിപി, ബിജെഡി പോലെയുള്ള അങ്ങുമിങ്ങും തൊടാതെ നിൽക്കുന്ന പാർട്ടികൾക്കെല്ലാം കൂടി 70 അംഗങ്ങളാണുള്ളത്. ഇനി ഇവരെല്ലാം കൂടി ഇൻഡ്യയെ പിന്തുണക്കാമെന്ന് വിചാരിച്ചാലും സർക്കാരിനെതിരെ മേൽക്കൈ നേടാനാകില്ല. പിന്നെന്തിനാണ് ഇപ്പോഴീ അവിശ്വാസ പ്രമേയം? അവിശ്വാസ പ്രമേയം പലപ്പോഴും സർക്കാരിനെ ചില വിഷയങ്ങളിൽ വാ തുറപ്പിക്കാനുള്ള നയതന്ത്ര ആയുധം കൂടിയാണ് എന്നതാണ് അതിനുത്തരം. ഇവിടെ മണിപ്പൂരാണ് വിഷയം, പാർലമെന്റിൽ ചർച്ച ഉണ്ടായേ പറ്റൂ. സർക്കാർ അതിന് സ്വമേധയാ തയ്യാറാകാത്തിടത്തോളം അവിശ്വാസ പ്രമേയം തന്നെയാണ് പ്രതിവിധി!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us