
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന,c സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന അല്ലു അർജുൻ ചിത്രമാണ് 'പുഷ്പ-2'. എന്നാൽ സിനിമയുടെ റിലീസ് വീണ്ടും നീളുമെന്നാണ് പുറത്തുവരുന്ന വിവരം. ആഗസ്റ്റ് 15-ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് നേരത്തെ തന്നെ ചിത്രത്തിന്റെ നിര്മ്മാതാക്കള് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് അണിയറക്കാര്. ഡിസംബർ ആറിനായിരിക്കും റിലീസ് എന്നാണ് പുതിയ വിവരം. അല്ലു അർജുൻ പുതിയ തീയതി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കമുള്ള പ്രശ്നങ്ങളാല് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാര് സൂചിപ്പിച്ചിരുന്നു. ഇപ്പോള് അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രശസ്ത എഡിറ്റർ ആന്റണി റൂബനായിരുന്നു പുഷ്പ ആദ്യ ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും എഡിറ്റർ. എന്നാൽ പുഷ്പ 2 വിൽനിന്ന് ആന്റണി റൂബൻ പിന്മാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരാധകരും നിരാശയിലാരുന്നു. ഇതിനകം തീയറ്റര് റൈറ്റ്സുകളും, ഒടിടി, ഓഡിയോ വില്പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില് 200 കോടിയുടെ വിതരണ കരാര് ചിത്രത്തിന് ലഭിച്ചെന്നും വാര്ത്തകളുണ്ടായിരുന്നു.
മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന പുഷ്പ 2-വില് അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില് എത്തുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബന്വാര് സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.