ഹൃദയാഘാതത്തിന് മുമ്പുവരെ കരിയറായിരുന്നു പ്രധാനം, ഇപ്പോൾ കുടുംബവും ആരോഗ്യവും: ബോളിവുഡ് താരം

ഹൃദയാഘാതം ഉണ്ടായതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരമാണ് ശ്രേയസ് തൽപഡെ

dot image

മുംബൈ: ഹൃദയാഘാതം ഉണ്ടായതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരമാണ് ശ്രേയസ് തൽപഡെ. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഷൂട്ടിങ് സെറ്റിൽവച്ച് ശ്രേയസ്സിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇപ്പോഴിതാ ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് പറയുകയാണ് ശ്രേയസ്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ഹൃദയാഘാതത്തോടെ ജീവിതത്തിലെ പലകാര്യങ്ങൾക്കും മാറ്റമുണ്ടായെന്ന് ശ്രേയസ് പറയുന്നു. അതിനുമുമ്പുവരെ സിനിമയെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ നിരന്തരം ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവം എല്ലാം മാറ്റിമറിച്ചു. ജീവിതത്തിലെ മുൻഗണനകൾ മാറിയെന്നും നടൻ പറയുന്നു.

നേരത്തേ ഒരു കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകർക്കൊപ്പം ചെയ്യണമെന്നെല്ലാം ഉറപ്പിച്ചുള്ള ഓട്ടത്തിലായിരുന്നു. പെട്ടെന്ന് ഒരനുഭവം എല്ലാം മാറ്റിമറിച്ചു. പക്ഷേ അത് നല്ലതിനുള്ള മാറ്റമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഹൃദയാഘാതത്തിനുശേഷം കുടുംബത്തോടുള്ള ബന്ധത്തിലും മാറ്റമുണ്ടായി. ഇപ്പോൾ കുടുംബവും ആരോഗ്യവുമാണ് പ്രധാനം. ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ തലേദിവസം താനും മകളും തമ്മില് ഉണ്ടായിരുന്ന ആത്മബന്ധത്തേക്കാൾ ആഴത്തിലുള്ളതാണ് ഇപ്പോഴത്തേത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളൊക്കെ നമ്മൾ പലപ്പോഴും മിസ് ചെയ്യുമെന്നും അത് തിരിച്ചറിയാൻ കഴിയാതിരിക്കുമെന്നും ശ്രേയസ് പറയുന്നു.

'വെൽക്കം ടു ദ ജംഗിൾ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതലക്ഷണം അനുഭവപ്പെട്ടതിനെക്കുറിച്ച് ശ്രേയസ് തുറന്നുപറഞ്ഞതിങ്ങനെയാണ്: “അവസാന ഷോട്ടിനുശേഷം ശ്വാസം കിട്ടുന്നില്ലെന്ന് തോന്നി. ഇടതുകൈ വേദനിക്കാൻ തുടങ്ങി. വാഹനത്തിലേക്ക് നടന്നുപോകാനോ വസ്ത്രം മാറാനോ സാധിക്കുന്നുണ്ടായിരുന്നില്ല. സംഘട്ടനരംഗങ്ങളിൽ അഭിനയിച്ചതുകൊണ്ടുണ്ടായ പേശിവേദനയാണെന്നാണ് കരുതിയത്. അതുപോലുള്ള തളർച്ച ജീവിതത്തിൽ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.” ശ്രേയസ് തൽപഡെ പറഞ്ഞു.

ഈ കല്യാണം ഒരു കലക്ക് കലക്കും; 'ഗുരുവായൂരമ്പല നടയിൽ' മെയ് 16നെത്തും
dot image
To advertise here,contact us
dot image